കണ്ണൂർ: പയ്യന്നൂർ നഗരസഭ ചെയർപേഴ്സണായി കോറോം മുത്തത്തിയിലെ ഗോപാലയം വീട്ടിലെ കെവി ലളിത അധികാരമേൽക്കുമ്പോൾ വീട്ടിൽ മകൾ ഹർഷയുടെ വിവാഹം നടക്കുകയായിരിക്കും. മകളുടെ വിവാഹ തിയ്യതിയും നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് തിയ്യതിയും ഒരുമിച്ച് വന്നത് യാദൃശ്ചികമായാണ്. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ മകളുടെ വിവാഹം ഇന്ന് നടത്താൻ വേണ്ടി തീരുമാനിച്ചതാണ്. വീ്ട്ടിൽ വിവാഹത്തിനുള്ള ഒരുക്കുള്ളങ്ങൾ നടക്കുന്നതിനിടയിലാണ് കെവി ലളിതയോട് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുന്നത്.

തെരഞ്ഞെടുപ്പിൽ ജയിക്കുകയും പയ്യന്നൂരിൽ ഇടതുമുന്നണി അധികാരം ഉറപ്പിക്കുകയും ചെയ്തതോടെ ചെയർപേഴ്സൺ പദവി ഏറ്റെടുക്കാനും ലളിതയോട് സിപിഐഎം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പും മകളുടെ വിവാഹവും ലളിതക്ക് ഒരുമിച്ചായത്. വിവാഹത്തിന് വേണ്ടി സംസ്ഥാനത്താകെ നടക്കുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനോ കാലങ്ങളായി കാത്തിരുന്ന മകളുടെ വിവാഹം തെരഞ്ഞെടുപ്പിന് വേണ്ടി മാറ്റിവെക്കാനോ കുടുംബം തയ്യാറായില്ല.

കോവിഡ് കാരണം നീണ്ടുപോയ വിവാഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് വീട്ടിൽ നടക്കുമ്പോൾ അമ്മ മുനിസിപ്പൽ ഓഫീസിൽ അധികാരമേൽക്കുന്നതിന്റെ തിരക്കിലായിരിക്കും. രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. 11 മുതൽ 12.30വരെയാണ് മുഹൂർത്തം. തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പെട്ടെന്ന് വീട്ടിലെത്തി 12 മണിയോടെ താലികെട്ട് നടത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ലളിത മുനിസിപ്പാലിറ്റിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. രണ്ടാം തവണയാണ് കെവി ലളിത പയ്യന്നൂർ നഗരസഭ ചെയർപേഴ്സാണാകുന്നത്.

2010-15 കാലയളവിലും ലളിത തന്നെയായിരുന്നു പയ്യന്നൂർ നഗരസഭ അദ്ധ്യക്ഷ. ഇത്തവണയും അദ്ധ്യക്ഷ പദവി വനിത സംവരണമായതോടെ ലളിതയെ തന്നെ തന്നെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. സിപിഐഎം ഏരിയ കമ്മറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മറ്റി അംഗവുമാണ് ലളിത. വിവാഹിതയാകുന്ന മകൾ ഹോമിയോ ആശുപത്രിയിൽ ഫാർമസിസ്റ്റാണ്.