- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ പഴയ ശിഷ്യനെ കൂടെ കൂട്ടാൻ ശരത് പവാർ; പാലാ വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഇടതിൽ നിന്ന് വാങ്ങി അതിവിശ്വസ്തനെ മത്സരിപ്പിക്കാൻ നീക്കം; നിയമസഭാ സീറ്റ് കോൺഗ്രസ് നൽകിയില്ലെങ്കിൽ പിസി ചാക്കോയും പാർട്ടി വിടും; എൻസിപി നേതൃത്വം ഏറ്റെടുക്കും; ലക്ഷ്യം ചാലക്കുടി സീറ്റ്; കെവി തോമസിന് പിന്നാലെ മറ്റൊരു പ്രമുഖനും ഇടത് റഡാറിൽ
കൊച്ചി: കെവി തോമസ് ഇടതു പക്ഷത്തേക്ക് പോകുമെന്നാണ് പൊതുവേ വിലയിരുത്തൽ. കോൺഗ്രസിന് ഇത് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. ലത്തീൻ സഭയുമായി ഏറെ അടുപ്പമുള്ള നേതാവാണ് കെ വി തോമസ്. ഇതിനൊപ്പം മറ്റൊരു നേതാവ് കൂടി കോൺഗ്രസ് വിടാനുള്ള സാധ്യത ഏറെയാണ്. കോൺഗ്രസ് ഹൈക്കമാണ്ടിനോട് ചേർന്ന് പ്രവർത്തിച്ച പിസി ചാക്കോയും കോൺഗ്രസിനെ കൈവിടാൻ ഒരുങ്ങുകയാണ്. എന്നാൽ സിപിഎമ്മിനൊപ്പമാകില്ല ചാക്കോയുടെ പ്രത്യക്ഷത്തിലെ ചേരൽ. രാഷ്ട്രീയ ഗുരുനാഥനായ ശരത് പവാറിനൊപ്പം ചേരാനാണ് ചാക്കോയുടെ താൽപ്പര്യം. എൻസിപിയുടെ കേരളത്തിലെ നേതാവായി ചാക്കോ മാറുമെന്നാണ് സൂചന. അങ്ങനെ ചാക്കോയും ഇടതുപക്ഷത്ത് എത്തും.
ശരത് പവാർ കോൺഗ്രസിന്റെ ഭാഗമായിരുന്നപ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യനായിരുന്നു പിസി ചാക്കോ. ശരത് പവാർ എൻസിപി ഉണ്ടാക്കിയപ്പോൾ ചാക്കോയും കോൺഗ്രസ് വിട്ടു പോകുമെന്ന് കരുതി. എന്നാൽ കേരളത്തിലെ സാഹചര്യം മനസ്സിലാക്കി ചാക്കോ കോൺഗ്രസിൽ നിന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായി. പല നിർണ്ണായക ചുമതലകളും വഹിച്ചു. ഡൽഹിയിൽ കോൺഗ്രസിന് കാലിടറിയതോടെ ചാക്കോയുടെ കഷ്ടകാലം തുടങ്ങി. തോമസിനെ പോലെ ചാക്കോയും രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടായി. ഇതോടെ കോൺഗ്രസിൽ ആരും പരിഗണിക്കാത്തെ നേതാവായി പിസി ചാക്കോ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല. രാജ്യസഭയിലേക്കും പരിഗണിക്കുന്നില്ല. ഇതിനൊപ്പം ഇത്തവണയും നിയമസഭാ സീറ്റ് കൊടുക്കില്ലെന്നാണ് സൂചന.
ഇതോടെയാണ് ചാക്കോ മറ്റ് വഴികളെ കുറിച്ച് ചിന്തിക്കുന്നത്. എൻസിപിയുടെ കേരളാ ഘടകത്തെ നയിക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ട്. ശരത് പവാറിനോട് താൽപ്പര്യമുള്ള ആരും സംസ്ഥാന നേതൃത്വത്തിൽ ഇല്ല. പീതാംബരനും എകെ ശശീന്ദ്രനും എന്നും അടിയാണ്. തോമസ് ചാണ്ടി പോയതോടെ എൻസിപി കേരളത്തിൽ നാഥനില്ലാ കളരിയായി. ഉഴവൂർ വിജയന്റെ മരണവും അംഗീകാരമുള്ള നേതാവിന്റെ അഭാവമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കേരളത്തിൽ സംഘടനയെ ചലിപ്പിക്കാൻ പിസി ചാക്കോയ്ക്ക് കഴിയുമെന്ന് ശരത് പവാർ തിരിച്ചറിയുന്നത്. എൻസിപിയുടെ സംസ്ഥാന നേതൃത്വം പിസി ചാക്കോയെ ഏൽപ്പിക്കാനാണ് ശരത് പവാറിനും താൽപ്പര്യം.
കേരളത്തിൽ ഇടതുപക്ഷത്ത് ഉറച്ചു നിൽക്കാനാണ് ശരത് പവാറിന്റെ തീരുമാനം. പാലാ സീറ്റ് കിട്ടില്ലെന്നും ശരത് പവാറിന് അറിയാം. ഈ സാഹചര്യത്തിൽ മറ്റൊരു സീറ്റ് ഇടതുപക്ഷത്തു നിന്ന് ചോദിച്ചു വാങ്ങാനാണ് നീക്കം. തൃശൂരിലോ മറ്റോ ജയസാധ്യതയുള്ള സീറ്റ് വാങ്ങി പിസി ചാക്കോയ്ക്ക് നൽകാനാണ് ശരത് പവാറിന്റെ ആലോചന. എന്നാൽ ഈ നീക്കത്തോട് പൂർണ്ണ തോതിൽ മനസ്സ് പിസി ചാക്കോ തുറന്നിട്ടില്ല. കോൺഗ്രസ് പൂർണ്ണമായും ഒഴിവാക്കിയാൽ മാത്രമേ പാർട്ടി വിടുന്നതിനെ കുറിച്ച് ചാക്കോ ആലോചിക്കത്തുള്ളൂ. ചാലക്കുടിയിൽ മത്സരിക്കാനാണ് താൽപ്പര്യമെന്നും സൂചനയുണ്ട്. എന്നാൽ സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് നിലപാട് എടുത്താൽ എൻസിപിയിലേക്ക് ചാക്കോ മാറാൻ സാധ്യത ഏറെയാണ്.
കോൺഗ്രസിൽ ഗ്രൂപ്പ് വീതം വച്ചുള്ള സ്ഥാനാർത്ഥി നിർണയം ഇത്തവണ ഉണ്ടാകില്ലെന്ന് ചാക്കോ നേരത്തെ പ്രതികരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മാറ്റം ഉണ്ടാകില്ലെന്നും ഗ്രൂപ്പ് കളിയാണ് കേരളത്തിലെ കോൺഗ്രസിന്റെ പരാജയ കാരണം എന്നും പി സി ചാക്കോ ആരോപിച്ചിരുന്നു. എന്നാൽ മുല്ലപ്പള്ളിക്ക് പോലും സീറ്റ് മത്സരിക്കാൻ നൽകുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ ഇക്കുറി കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനം എഐസിസി നേതൃത്വത്തിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുല്ലപ്പള്ളി വി എം സുധീരനെ പോലെ ഗ്രൂപ്പുകൾക്കിടയിൽ ഞെരുങ്ങുന്നുവെന്നും ഗ്രൂപ്പ് കളി നിർത്താൻ രണ്ടു നേതാക്കളും തയാറാകണമെന്നും പി സി ചാക്കോ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഗ്രൂപ്പുകളുടെ ബലിയാടാണ് താനെന്ന അഭിപ്രായം ചാക്കോയ്ക്കുണ്ട്.
ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു പി.സി. ചാക്കോ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിനു പിന്നാലെ രാജി വച്ചിരുന്നു. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് ചാക്കോ ആരോപിച്ചിരുന്നു. അന്ന് മുതൽ ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടായി ചാക്കോ മാറി. ടുജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അദ്ധ്യക്ഷനായിരുന്ന ചാക്കോ പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തനായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ സ്ഥാനങ്ങളും ഇല്ലാതെയായി.
1980ൽ ആദ്യമായി നിയമസഭയിൽ അംഗമാവുകയും വ്യവസായമന്ത്രിയാവുകയും ചെയ്ത നേതാവാണ് പിസി ചാക്കോ. 1991 ൽ പത്താം ലോകസഭയിലേക്കും, 1996 ൽ പതിനൊന്നാം ലോകസഭയിലേക്കും, 1998ൽ പന്ത്രണ്ടാം ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009ൽ തൃശ്ശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു പതിനാലാം ലോക്സഭയിലെ പ്രമുഖരിൽ ഒരാളായി. പക്ഷേ 2014ൽ ചാലക്കുടിയിൽ മത്സരിച്ച ചാക്കോയെ ഇന്നസെന്റ് പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് രാഷ്ട്രീയത്തിൽ കഷ്ടകാലം തുടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ