കോഴിക്കോട്: ചെറിയ പാർട്ടിയാണ് എൻസിപി. ഇടതുപക്ഷത്ത് ഇത്തവണ മത്സരിക്കാൻ കിട്ടിയത് മൂന്ന് സീറ്റ്. ഇതിൽ രണ്ടിൽ ജയിച്ചു. ഒരു മന്ത്രിയും കിട്ടി. ഇതിനിടെയാണ് പുതിയ നേതൃത്വം എൻസിപിക്ക് എത്തിയത്. എൻസിപിയുടെ അധ്യക്ഷനായി പിസി ചാക്കോ എത്തിയതോടെ കാര്യങ്ങൾ മാറുകയാണ്. പ്രസിഡന്റിൽ കേന്ദ്രീകൃതമായ കേഡർ സംവിധാനം എൻസിപിക്ക് കൈവരികയാണ്.

പാർട്ടിയുടെ മന്ത്രിയിലേക്കുള്ള വഴികളിൽ നിയന്ത്രണമേർപ്പെടുത്തി എൻസിപി തീരുമാനം എടുക്കുകയാണ്. ഇനി പാർട്ടി അധ്യക്ഷനായ പിസി ചാക്കോ അറിയാതെ മന്ത്രിക്ക് തീരുമാനം ഒന്നും എടുക്കാനാകില്ല. പാർട്ടികാർക്ക് വേണ്ടിയുള്ള ശുപാർശകൾ പാർട്ടി അറിഞ്ഞ ശേഷം മാത്രം മന്ത്രിക്ക് അടുത്ത് എത്തൂ. കേഡർ പാർട്ടി സ്വഭാവം കൈവരിക്കാനുള്ള നീക്കത്തിലൂടെ പാർട്ടിയെ കൈപ്പടിയിൽ ഒതുക്കാനാണ് പിസി ചാക്കോയുടെ നീക്കം.

എൻസിപിയിലും മറ്റും പാർട്ടിക്ക് അധ്യക്ഷന്മാരുണ്ടാകുമ്പോഴും മന്ത്രിയുണ്ടെങ്കിൽ അതാകും അധികാര കേന്ദ്രം. പാർട്ടിക്ക് സ്ഥാനം രണ്ടാമതും. ഒന്നാം പിണറായി സർക്കാരിൽ വരെ ഇത് കണ്ടു. എകെ ശശീന്ദ്രൻ മന്ത്രി പദത്തിൽ ഇരുന്ന് പാർട്ടിയെ നിയന്ത്രിച്ചു. മാണി സി കാപ്പന്റെ പുറത്തു പോകൽ പോലും അതുകൊണ്ടായിരുന്നു. ഇനി മന്ത്രിഭരണം വേണ്ടെന്നാണ് പിസി ചാക്കോയുടെ നിർദ്ദേശം.

സർക്കാരിലേക്കുള്ള എല്ലാ ശുപാർശകളും ജില്ലാ പ്രസിഡന്റുമാർ വഴി സംസ്ഥാന കമ്മിറ്റിക്ക് അയയ്ക്കാനാണ് പുതിയ സർക്കുലറിലെ നിർദ്ദേശം. ആവശ്യമായവ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്ന് മന്ത്രിക്കു നൽകും. നേതാക്കൾ നേരിട്ട് വിളിച്ച് പല കാര്യങ്ങളും ആവശ്യപ്പെടുന്നത് മന്ത്രിയെ വെട്ടിലാക്കുന്നുവെന്ന് പിസി ചാക്കോ പറയുന്നു. മന്ത്രിക്ക് പ്രതിരോധം തീർക്കാനുള്ള ഈ നീക്കം ഫലത്തിൽ പാർട്ടി പ്രസിഡന്റിനെ ശക്തനാക്കും.

മന്ത്രി ശശീന്ദ്രന്റെ ഫോൺ വിളി ഈയിടേയും വിവാദത്തിലായിരുന്നു. ഇതു കൊണ്ടാണ് പുതിയ തീരുമാനങ്ങൾ ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. എന്നാൽ കോൺഗ്രസ് വിട്ട് എൻസിപിയിലെത്തിയ പുതിയ പ്രസിഡന്റ് അധികാരം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന നീക്കമെന്നാണ് ചില മുതിർന്ന നേതാക്കൾ ആരോപിക്കുന്നത്.

ജില്ലാ കമ്മിറ്റി പുനഃസംഘടനയുടെ ഭാഗമായി എട്ടു ജില്ലകളിൽ പുതിയ പ്രസിഡന്റ് സ്വന്തം അനുയായികളെ ഭാരവാഹികളാക്കിയതായി ആരോപണമുയർന്നിട്ടുണ്ട്. കോഴിക്കോട് അടക്കമുള്ള ജില്ലാ കമ്മിറ്റികളിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കി പ്രധാന സ്ഥാനങ്ങൾ കോൺഗ്രസിൽനിന്ന് എത്തിയവർക്ക് നൽകിയത് വിമർശനമുയർത്തിയിരുന്നു. എന്നാൽ ചാക്കോയ്‌ക്കെതിരെ ഒന്നും ചെയ്യാൻ ശശീന്ദ്രന് കഴിയില്ല. എൻസിപി ദേശീയ പാർട്ടിയാണ്. അതിന്റെ ദേശീയ അധ്യക്ഷൻ ശരത് പവാറും.

പവാറിന്റെ അതിവിശ്വസ്തനാണ് പിസി ചാക്കോ. പവാർ കോൺഗ്രസിലുണ്ടായിരുന്നപ്പോഴും ഒപ്പം നിന്ന നേതാവ്. അതുകൊണ്ട് തന്നെ പിസി ചാക്കോയ്ക്ക് ദേശീയ നേതൃത്വത്തിലെ സ്വാധീനം വളരെ കൂടുതലാണ്. ശശീന്ദ്രന് ഇത് അറിയാം. അതുകൊണ്ട് തന്നെ പ്രതിഷേധത്തിന് പോകാതെ മൗനത്തിൽ തുടരാനാണ് ശശീന്ദ്രന്റെ തീരുമാനം.

കേരളത്തിൽ കോൺഗ്രസ് എസിൽ നിന്ന് അടർന്നെത്തിയ ഭാഗമാണ് പിന്നീട് എൻസിപിയായി മാറിയത്. ഇതിലെ പല നേതാക്കൾക്കും പവാറുമായി ആത്മബന്ധമില്ല. ഇതും ചാക്കോയ്ക്ക് തുണയാണ്.