തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് പിന്നിൽ മുഖ്യമന്ത്രി ചോദിച്ചു വാങ്ങിയ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ കാട്ടിക്കൂട്ടുന്ന വിവരക്കേടുകളാണെന്ന് ജനപക്ഷം നേതാവ് പിസി ജോർജ് എംഎൽഎ. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ നിരാഹാര സമരപന്തലിൽ എത്തിയാണ് ജോർജ് സർക്കാരിനും പിണറായി വിജയനുമെതിരെ ആഞ്ഞടിച്ചത്. നേരത്തെ നിയമസഭയിൽ നിന്ന് സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് ഒ രാജഗോപാലിനൊപ്പം ജോർജ് ഇറങ്ങി പോക്ക് നടത്തിയിരുന്നു. ഈ പ്രതിഷേധത്തിന് ശേഷമാണ് ബിജെപിയുടെ സമരപന്തലിൽ പിസി ജോർജ് എത്തിയത്.

മുഖ്യമന്ത്രി ചോദിച്ചു വാങ്ങിയ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ കാട്ടിക്കൂട്ടുന്ന വിവരക്കേടുകളാണ് ഈ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം. അങ്ങ് എത്രയോ കോടതിവിധികൾ നടപ്പാക്കാതിരിക്കുന്നുണ്ട്. ഇതുമാത്രം നടപ്പാക്കണം എന്ന് പറയുന്നതിൽ എന്താണടിസ്ഥാനം. ജീവിതത്തിൽ തുണിയുടുക്കാനാഗ്രഹിക്കാത്ത സ്ത്രീയെയും ചുമന്നുകൊണ്ട് പോകുന്ന പൊലീസ് എന്താണുദ്ദേശിക്കുന്നത്? അവർ ഇരുമുടിക്കെട്ടിനു പകരം പാഡിട്ടോണ്ട് അയ്യപ്പനെ കാണണം എന്നാണ് പറഞ്ഞത്. പിണറായീ.. നിങ്ങളുടെ ജീവിതം തുലഞ്ഞുപോകാൻ പോവുകയാണ്. ഒരെണ്ണം വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുകയാണ്. ചുമന്നോണ്ട് പോകാൻ പൊലീസ് പുറത്തു നിൽക്കുകയാണ്. ഇതൊക്കെ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

കോൺഗ്രസിന്റെ എംഎൽഎമാർ, മാണിയുടെ എംഎൽഎമാർ കഴിഞ്ഞ ഏഴുദിവസമായി സത്യാഗ്രഹമിരിക്കുകയാണ്. എന്തിന് വേണ്ടിയാണ് അവിടെയിരിക്കുന്നത് എന്ന് ചർച്ച ചെയ്യാനുള്ള സാമാന്യമര്യാദ മുഖ്യമന്ത്രിക്കില്ല. കേരളത്തിലെ ഏറ്റവും വലിയ വർഗീയ കോമരമാണ് പിണറായി വിജയൻ. വിശ്വാസികളെ അറസ്റ്റ് ചെയ്യുക. വിശ്വാസം തകർക്കാൻ വരുന്നവർക്ക് എല്ലാ സഹായവും കൊടുക്കുക. ഈ മര്യാദകേട് പിണറായിക്ക് എത്രനാൾ ചെയ്യാനാകും. സിപിഐഎം നേതാക്കളോട് ചോദിക്കാനുള്ളത് നിങ്ങൾ ഈ റൗഡിസത്തിന് കൂട്ടാണോ എന്നാണ്. ശരിയായ നിലപാട് സ്വീകരിച്ച ചരിത്രമുള്ള സിപിഐയുടെ നിലപാട് എന്താണ്.

പിണറായി വിജയന്റെ ധാർഷ്ട്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതെന്തേ എന്ന് നിങ്ങൾ ചോദിക്കാത്തതെന്താണ്. സിപിഐഎമ്മിനകത്ത് തന്നെ നിരവധി നേതാക്കളും എംഎൽഎമാരും പിണറായിയെ ഭയത്തോടെ തന്നെയാണ് കാണുന്നത്. ബംഗാളിൽ ധാർഷ്ട്യം കാണിച്ചതിന് തിരിച്ചടി കിട്ടിയത് ഓർക്കുന്നത് നല്ലതായിരുന്നു-പിസി ജോർജ് ചോദിച്ചു. രാധാകൃഷ്ണന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു. നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തിൽ ഒരു വിട്ട് വീഴ്‌ച്ചക്കും തയ്യാറല്ലെന്നും 144 പിൻവലിക്കണമെന്നുമാണ് ആവശ്യം.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും ഇന്ന് ബിജെപി മാർച്ച് സംഘടിപ്പിച്ചു. ഇത് പല സ്ഥലത്തും അക്രമാസക്തമായി സമരം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാർച്ചെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ കള്ള കേസുകൾ പിൻവലിക്കണം, ഭക്തരെ അടിച്ചമർത്തിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിത കാല നിരാഹാര സമരം.

അതേ സമയം രാധാകൃഷ്ണന്റെ ആരോഗ്യനില വഷളാകുന്നതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. അദ്ദേഹത്തെ ഉടനടി ആശുപത്രിയിലേക്ക് മാറ്റണമെന്നും പക്ഷേ അതിന് അദ്ദേഹം സന്നദ്ധനല്ലെന്നും ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.