- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫ് പ്രവേശനം നടക്കില്ലെന്ന് ഉറപ്പായതോടെ എൻഡിഎയിലേക്ക് മടങ്ങി വരാൻ കരുക്കൾ നീക്കി പിസി ജോർജ്; പാലായിൽ ജോർജ്ജും പൂഞ്ഞാറിൽ മകൻ ഷോണും എൻഡിഎ സ്ഥാനാർത്ഥിയാവും; തിരുവനന്തപുരം-കാസർഗോഡ്-പാലക്കാട് ജില്ലകൾക്കൊപ്പം കോട്ടയത്തും ബിജെപിയുടെ അതിവേഗ നീക്കം
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിജയ യാത്ര പാലായിൽ എത്തിയപ്പോൾ സിറ്റംഗ് എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിലെത്തി. ഇതേ തന്ത്രം കോട്ടയത്ത് ബിജെപിയും പുറത്തെടുക്കുമോ? പൂഞ്ഞാറിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിജയ യാത്ര എത്തുമ്പോൾ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് വീണ്ടും എൻഡിഎയുടെ ഭാഗമാകുമെന്നാണ് സൂചന.
ജോസ് കെ. മാണിയും മാണി സി. കാപ്പനും കൊമ്പുകോർക്കുന്ന പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയായി പി.സി. തോമസ് എത്തുമോ എന്ന ചോദ്യങ്ങൾ ശക്തമാണ്. ഏറെ നാളായി എൻഡിഎ മുന്നണിയിൽ നിന്ന് അകന്നുനിന്ന പി.സി. തോമസ് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്റെ വിജയയാത്രയിൽ പങ്കെടുത്തു. ഇന്നലെ എൻഡിഎ സംസ്ഥാന യോഗത്തിലും പങ്കെടുത്തു. എന്നാൽ പിസി ജോർജിനെ പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയാക്കാനാണ് ശ്രമം. പിസി തോമസാണ് ചർച്ചകൾക്ക് പിന്നിൽ. ഇത് ഫലം കാണുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പിസി ജോർജ് വന്നില്ലെങ്കിൽ പാലായിൽ പിസി തോമസ്് മത്സരിക്കും. കോട്ടയത്ത് പി.സി. തോമസ് എത്തിയതോടെ ജില്ലയിൽ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുകയാണ്. ഇതിനൊപ്പമാണ് മുൻ ഘടക കക്ഷി ജനപക്ഷത്തെ തിരിച്ചെത്തിക്കാൻ ശ്രമം നടക്കുന്നത്. പൂഞ്ഞാറിനു പുറമേ ബിജെപിക്കു സ്വാധീനമുള്ള ഒരു മണ്ഡലം കൂടി പി.സി. ജോർജിന് നൽകാനും എൻഡിഎയിൽ നീക്കമുണ്ട്. പാർട്ടിയുടെ മുന്നൊരുക്കം പൂർത്തിയായതായി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.
പിസി ജോർജിന് പാലായിൽ മത്സരിക്കാൻ താൽപ്പര്യമുണ്ട്. യുഡിഎഫും എൽഡിഎഫും പിസി ജോർജിനെ മുന്നണിയിൽ എടുക്കുന്നില്ല. ഒറ്റയ്ക്ക് മത്സരിച്ചാൽ ഇത്തവണ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക പിസി ജോർജിനുണ്ട്. തദ്ദേശത്തിൽ പൂഞ്ഞാറിൽ മത്സരിച്ച് മകൻ ഷോൺ ജോർജ് ജില്ലാ പഞ്ചായത്തിൽ എത്തി. അതുകൊണ്ട് തന്നെ പൂഞ്ഞാറിൽ മകനെ എംഎൽഎയാക്കാൻ പിസി ജോർജിന് ആഗ്രഹമുണ്ട്. ഈ സാഹചര്യത്തിലാണ് പാലായിൽ മത്സരിക്കാൻ ജോർജിന് താൽപ്പര്യം. പാലായിൽ പിസി തോമസിനെ നിർത്തി കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനും പിസി ജോർജിന് ആഗ്രഹമുണ്ട്.
ഈ രാഷ്ട്രീയ നീക്കം പിസി ജോർജും സ്ഥിരീകരിച്ചിട്ടുണ്ട്. എൻഡിഎയിൽ നിന്നു ക്ഷണിച്ചിരുന്നു. ഞങ്ങളുടെ പാർട്ടി ഘടക കക്ഷിയായാൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ എൻഡിഎയ്ക്ക് വിജയിക്കാം. രണ്ടു സീറ്റുകൾ ഞങ്ങൾ ചോദിക്കും. യുഡിഎഫുമായും ചർച്ചയുണ്ട്. 24 വരെ പ്രതികരിക്കുന്നില്ല. 27 വരെ കാത്തിരിക്കും. അതു കഴിഞ്ഞാൽ മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഏതു മുന്നണിയെന്ന് ഇപ്പോൾ പറയുന്നില്ല-ഇതാണ് പിസി ജോർജിന്റെ പ്രതികരണം. കെ സുരേന്ദ്രന്റെ യാത്ര പൂഞ്ഞാറിൽ എത്തുമ്പോൾ എല്ലാത്തിനും വ്യക്തത വരുമെന്ന് ബിജെപിയും പറയുന്നു.
2016 ൽ അഞ്ചു സീറ്റിൽ ബിജെപിയും (പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം, പുതുപ്പള്ളി), 3 സീറ്റിൽ ബിഡിജെഎസും (വൈക്കം, ഏറ്റുമാനൂർ, പൂഞ്ഞാർ) ഒരു സീറ്റീൽ കേരള കോൺഗ്രസും (കടുത്തുരുത്തി) മത്സരിച്ചു. ഇത്തവണ ബിഡിജെഎസിൽ നിന്ന് ഒന്നോ രണ്ടോ സീറ്റുകൾ ഏറ്റെടുക്കാൻ ബിജെപിയിൽ ആലോചനയുണ്ട്. പൂഞ്ഞാറിൽ മത്സരിച്ചത് ബിഡിജെഎസാണ്. അതു വാങ്ങി പിസി ജോർജിന് കൊടുക്കാനാണ് ബിജെപിയുടെ തീരുമാനം. കാഞ്ഞിരപ്പള്ളി പാർട്ടിയുടെ എ ഗ്രേഡ് മണ്ഡലമാണ്. ഇതു പിസി ജോർജിന് കൊടുക്കാൻ ബിജെപി എതിരു നിൽക്കില്ലെന്നാണ് സൂചന.
യുഡിഎഫിൽ മത്സരിക്കാനായിരുന്നു പിസി ജോർജിന്റെ ആഗ്രഹം. പാലായിൽ താൻ മത്സരിക്കാമെന്നും പറഞ്ഞു. എന്നാൽ മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയതോടെ പിസി ജോർജിന് സാധ്യത കുറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് പിസി ജോർജിനോട് തീർത്തും താൽപ്പര്യമില്ല. ഇതാണ് യുഡിഎഫ് പ്രവേശനത്തിനുള്ള തടസ്സം. എന്നാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിസി ജോർജിന് അനുകൂലവും. മുസ്ലിം ലീഗ് അടക്കമുള്ളവരും ജോർജിന് അനുകൂലമല്ല. ഇത് മനസ്സിലാക്കിയാണ് ബിജെപിയുമായി ചർച്ച നടത്തുന്നത്.
തിരുവനന്തപുരം-കാസർഗോഡ്-പാലക്കാട് ജില്ലകൾക്കൊപ്പം കോട്ടയത്തും പിസി ജോർജ് എത്തിയാൽ സീറ്റ് നേടാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ഈ ശ്രീധരനെ പോലുള്ള വ്യക്തിക്ക് ക്രൈസ്തവ വോട്ടുകൾ ആകർഷിക്കാൻ കഴിയും. ഇത് കൂടി തിരിച്ചറിഞ്ഞാണ് ക്രൈസ്തവ നേതാക്കളെ എൻഡിഎയുടെ ഭാഗമാക്കാനുള്ള നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയാണ് പിസി ജോർജ് പിന്തുണച്ചത്. പിന്നീട് എൻഡിഎയുമായി അകലുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ