തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ പി.സി.ജോർജ് എംഎൽഎ അണിയിച്ച ഷാളുകൾ കത്തിച്ച് അദ്ദേഹത്തിനെതിരെ പ്രതിഷേധം. പി.സി.ജോർജിന്റെ വർഗീയ പ്രസ്താവനകളിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ കോലത്തിൽ ഷാൾ അണിയിച്ച് സമരപ്പന്തലിനു മുന്നിൽ കത്തിച്ചത്. ഷാളുമായി എത്തിയപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് നേതാവ് റിജുൽ മാക്കുറ്റി നിരസിച്ചു. അദ്ദേഹം താരമാകുകയും ചെയ്തു. ഇതിന് പിന്നാലെ കാര്യങ്ങൽ പിസിക്ക് മനസ്സിലായി. തന്നെ യുഡിഎഫിൽ എടുക്കില്ലെന്ന് വ്യക്തമായതോടെ എൻഡിഎയിലായി കണ്ണ്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് ഔദ്യോഗികമായി പിസിയെ തള്ളി പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ഉദ്യോഗാർഥി സമരത്തെ പിന്തുണച്ചുള്ള യൂത്ത് കോൺഗ്രസ് നിരാഹാര പന്തലിൽ പി.സി.ജോർജ് എത്തിയത്. നിരാഹാരം അനുഷ്ഠിക്കുന്ന എൻ.എസ്.നുസൂർ, റിയാസ് മുക്കോളി എന്നിവരെ അദ്ദേഹം ഷാൾ അണിയിച്ചപ്പോൾ റിജിൽ മാക്കുറ്റി നിരസിച്ചിരുന്നു. പിണറായി വിജയനെയും ഡിവൈഎഫ്‌ഐയെയും വിമർശിച്ച് അദ്ദേഹം സമരപ്പന്തലിൽ പ്രസംഗിക്കുകയും ചെയ്തു. യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതിനു പിന്നാലെ മുസ്ലിംലീഗിനും കോൺഗ്രസിനുമെതിരെ ഇന്നലെ ജോർജ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയതോടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. പൂഞ്ഞാറിൽ എൻഡിഎ പിന്തുണയോടെ പിസി ജോർജിന്റെ ജനപക്ഷം മത്സരിക്കുമെന്നാണ് സൂചന. പൂഞ്ഞാറിൽ മകനും കാഞ്ഞിരപ്പള്ളിയിൽ പിസി ജോർജും മത്സരിക്കുമെന്നാണ് സൂചന.

ഏതായാലും പിസി ജോർജിനെതിരെ കടന്നാക്രമണം നടത്താനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ഇതാണ് ഷാൾ കത്തിക്കലിലും നിറയുന്നത്. സമരപ്പന്തലിൽ പിന്തുണയുമായി എത്തിയ ആൾ എന്ന നിലയിലാണ് ഷാൾ സ്വീകരിച്ചതെന്നും എന്നാൽ ആ മര്യാദ പോലും അദ്ദേഹം അർഹിക്കുന്നില്ലെന്നും റിയാസും നുസൂറും വ്യക്തമാക്കി. ജോർജ് ഇത്തരക്കാരനാണെന്ന് അറിയാവുന്നതുകൊണ്ടാണ് ഷാൾ സ്വീകരിക്കാത്തതെന്നും വിഷം തുപ്പുന്നയാളാണെന്നും റിജിലും വിമർശിച്ചു.

സംഭവത്തിന് പിന്നാലെ ഫേസ്‌ബുക്കിലൂടെ റിജിൽ മാക്കുറ്റി പിസി ജോർജിനോടുള്ള എതിർപ്പ് പരസ്യമാക്കുകയും ചെയ്തു. പിസി ജോർജിന്റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത് നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണെന്നാണ് റിജിൽ പറയുന്നത്. മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ചമായ ഭാഷയിൽ അപമാനിച്ചയാളാണ് ജോർജ്ജെന്നും യോഗി സംസാരിക്കുന്ന ഭാഷയാണ് അന്ന് അദ്ദേഹം ഉപയോഗിച്ചതെന്നും റിജിൽ വിമർശിച്ചിരുന്നു.

യുഡിഎഫ് മുസ്ലിം ജിഹാദികളുടെ പാർട്ടിയെന്ന് പിസി ജോർജ് ആരോപിച്ചിരുന്നു. യുഡിഎഫ് പിന്തുണ ആവശ്യമില്ല. യുഡിഎഫ് വഞ്ചകരാണെന്നും താൻ യുഡിഎഫിലേക്കില്ലെന്നും പിസി ജോർജ് വ്യക്തമാക്കി. യുഡിഎഫിനെതിരെ രൂക്ഷവിമർശനമാണ് പിസി ജോർജ് നടത്തിയത്. യുഡിഎഫ് നല്ല പാർട്ടിയായിരുന്നു. എന്നാൽ മുസ്ലിം ജിഹാദികളാണ് ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത്. ആ പാർട്ടിയെ മതേതരർക്കോ, ഹൈന്ദവർക്കോ, ക്രൈസ്തവർക്കോ അംഗീകരിക്കാൻ പറ്റുമോ? പിസി ജോർജ് ചോദിച്ചു.കേരള രാഷ്ട്രീയത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും പിസി ജോർജ് പറഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് യൂത്ത് കോൺഗ്രസ് പരസ്യ പ്രതിഷേധം തീർത്തത്.

നേരത്തോ കോൺഗ്രസിനെതിരെ കടുത്ത വിമർശനം പിസി ജോർജ് ഉയർത്തിയിരുന്നു. കോട്ടയത്തെ ഡി.സി.സി.പ്രസിഡന്റ് എന്നുപറഞ്ഞാൽ ഉമ്മൻ ചാണ്ടിക്കുവേണ്ടി പറയുന്നവരാണ്. പിന്നെ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും എന്നെ എതിർക്കുന്നത് ആന്റോ ആന്റണിയാണ്. ചില ബാങ്ക് അഴിമതികൾ ഞാൻ ശക്തമായി എതിർത്തതാണ് കാരണം. ഇതൊക്കെ പറയുന്നവർ കാഞ്ഞിരപ്പള്ളിയിലെ പത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ എടുത്ത നിലപാടുകൂടി കേൾക്കണം. പി.സി. ജോർജിനെ കാഞ്ഞിരപ്പള്ളിക്ക് വിട്ടാൽ ഞങ്ങൾ ജയിപ്പിക്കാം എന്നാണ് അവർ വാഗ്ദാനം ചെയ്തത്. ഇതിനർഥം കോൺഗ്രസ് പ്രവർത്തകർക്ക് എതിർപ്പില്ലെന്നതാണ്-പിസി ആരോപിച്ചിരുന്നു.

ഒരു സമുദായത്തിനെയും ഞാൻ വിമർശിച്ചിട്ടില്ല. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ, '80 മുതൽ ഈരാറ്റുപേട്ടയിലെ മുസ്ലിംലീഗിൽ പാതിപ്പേർ എനിക്ക് എതിരാണ്. ജിഹാദി ഘടകങ്ങൾ എന്നെ എതിർക്കുന്നു. ശുദ്ധവർഗീയവാദമാണ് അവർ ഉയർത്തുന്നത്. എല്ലാ സമുദായങ്ങളെയും ഒന്നിച്ചുകൊണ്ടുപോകുന്നതാണ് എന്റെ രീതി. ബിജെപി. ബന്ധം വിട്ടിട്ട് കുറച്ചുവർഷമായി. അവരോട് എതിർപ്പില്ല. ആരുടെ പിന്തുണകിട്ടിയാലും സ്വീകരിക്കും. പി.സി. ജോർജിനെക്കുറിച്ച് സിപിഎം. നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റുമാരോട് ചോദിക്കൂ. അവർ നല്ലതേ പറയൂ. സ്വന്തം കക്ഷിയിൽ നിൽക്കുമ്പോഴും അവർ എംഎ‍ൽഎ. ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കും. പിന്നെ ഏതെങ്കിലും മുന്നണിക്കൊപ്പം പോകണോ എന്നത് മൂന്നിന് ചേരുന്ന ജനപക്ഷം യോഗമാണ് തീരുമാനിക്കുക എന്നും പിസി പറയുന്നു.