ഈരാറ്റുപേട്ട: കൂവൽ വിവാദത്തിൽ നിലപാട് മാറ്റാതെ പിസി ജോർജ്. വോട്ട് ചോദിക്കാനെത്തിയപ്പോൾ തന്നെ കൂവിയവർ തീവ്രവാദ മനസ്ഥിതിയുള്ളവരെന്നും അവരുടെ വോട്ടുകൾ വേണ്ടെന്നും ജനപക്ഷം സ്ഥാനാർത്ഥി പി.സി ജോർജ്. തീക്കോയി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ പി.സി.ജോർജ്ജിനെ നാട്ടുകാരിൽ ചിലർ കൂക്കി വിളിച്ചിരുന്നു. ഈ സംഭവത്തിലാണ് പി.സി. ജോർജ്ജിന്റെ പ്രതികരണം. പ്രീപോൾ സർവ്വേയിൽ എല്ലാം പൂഞ്ഞാറിൽ പിസി ജോർജ് ജയിക്കുമെന്നാണ് പ്രവചനം. ഇതിനിടെയാണ് കൂവിയവരുടെ വോട്ട് വേണ്ടെന്ന് പിസി പറയുന്നത്.

കൂവിയവരുടെ പെരുമാറ്റത്തിൽ കുപിതനായി കൃത്യമായി തന്നെ പി.സി. ജോർജ്ജ് മറുപടി നൽകിയിരുന്നു. തന്നെ കൂക്കി വിളിച്ചത് തീവ്രവാദ മാനസീകാവസ്ഥ ഉള്ളവരാണെന്നും ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം അവരുമായി ഒരു സന്ധിക്കില്ലെന്നും ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലിംകൾ തനിക്കൊപ്പമാണെന്നും പി.സി. ജോർജ് പറഞ്ഞു. ''തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. നിങ്ങളോട് യോജിക്കാൻ എന്റെ പട്ടി പോലും വരില്ല.''-പിസി ജോർജ് വീണ്ടും നിലപാട് ആവർത്തിക്കുന്നു.

നിങ്ങളിൽ സൗകര്യമുള്ളവർ തനിക്ക് വോട്ടുചെയ്താൽ മതിയെന്നും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും പ്രതികരിച്ച പി.സി. ജോർജ്ജ് വീട്ടിൽ കാരണവന്മാർ പഠിപ്പിച്ചത് ഇങ്ങിനെയാണോയെന്നും ചോദിച്ചു. കാരണവന്മാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കാമെന്നും പറഞ്ഞു. താൻ ഈരാറ്റുപേട്ടയിൽ തന്നെ കാണുമെന്നും തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തുപോകുമെന്നും പറഞ്ഞു.

അതിനിടെ പല സ്ഥലങ്ങളിലും പി സി ജോർജിന് ജനങ്ങളുടെ ഇടയിൽ നിന്ന് ഇത്തരം പ്രതികരണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇടത് മുന്നണി ആരോപിച്ചു. ജോർജിനെതിരെയുള്ള കൂവൽ മണ്ഡലത്തിൽ ആളിക്കത്തിക്കാനാണ് യുഡിഎഫും നീക്കം നടത്തുന്നത്. കൂവൽ വിവാദം മണ്ഡലത്തിലെ സജീവ രാഷ്ട്രീയ വിഷയമാക്കാനാണ് ഇടതു-വലതു മുന്നണികളുടെ തീരുമാനം. മണ്ഡലത്തെ തുടർച്ചയായി പ്രതിനീധീകരിച്ചു വരുന്ന എംഎൽഎയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണ് ഈരാറ്റുപേട്ടയിലെ സംഭവമെന്നാണ് ഇടതു-വലതു മുന്നണികളുടെ വിമർശനം. ഈരാറ്റുപേട്ട ഒറ്റപ്പെട്ട സംഭവമല്ലെന്നും മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ സമാന അനുഭവം പി സി ജോർജിന് ഉണ്ടായിട്ടുണ്ടെന്നും ഇടതു സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചു.

അതെസമയം, എസ്ഡിപിഐയുമായി ഇടതു-വലതു മുന്നണികൾക്കുള്ള ബന്ധം പ്രചാരണ വിഷയമാക്കുകയാണ് പി സി ജോർജ്. ഈരാറ്റുപേട്ടയിൽ പ്രചാരണം അവസാനിപ്പിച്ച പി സി ജോർജ് മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം നടത്തുന്നത്.