ഈരാറ്റുപേട്ട : സർവ്വേ ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെ പൂഞ്ഞാർ സംഘർഷത്തിലേക്ക്. ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജിന് കാര്യങ്ങൾ അനുകൂലമാണെന്ന സർവ്വേ ഫലത്തിന് പിന്നാലെയാണ് പ്രശ്‌നങ്ങൾ. നേരത്തെ ഈരാറ്റുപേട്ടയിൽ ജോർജിന്റെ പ്രസഗം എസ് ഡി പി ഐക്കാർ തടസ്സപ്പെടുത്തിരുന്നു. ഇതിന് പിന്നാലെ വിഷയം സിപിഎം ഏറ്റെടുത്തു.

എസ് ഡി പി ഐയും ജോർജും തമ്മിലുള്ള സംഘർഷത്തിൽ എംഎൽഎയുടെ ധൈര്യം ചർച്ചയായി. നീയൊന്നും എനിക്ക് വോട്ട് ചെയ്യേണ്ടെന്നാണ് പിസി പറഞ്ഞത്. ഇതിന് പിന്നാലെ എസ് ഡി പി ഐക്കാരെ ഭീകരരെന്നും പറഞ്ഞു. ഇതോടെ വോട്ട് ധ്രൂവീകരണം പിസിക്ക് അനുകൂലമാകുമെന്ന ചർച്ചകളും എത്തി. ഈ സാഹചര്യത്തിലാണ് സിപിഎമ്മും യുദ്ധ പ്രഖ്യാപനവുമായി എത്തിയത്. ന്യൂനപക്ഷ വോട്ടിന്റെ കരുത്തിൽ പിസിയെ തോൽപ്പിക്കാമെന്നാണ് പ്രതീക്ഷ.

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുനണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യടനത്തിന്റെ ഇടയിൽ പി സി ജോർജ് എം എൽ എ യുടെ മകന്റെ വാഹനം ഇടിച്ച് രണ്ടു എൽ ഡി എഫ് പ്രവർത്തകർക്ക് പരിക്ക് പറ്റിയെന്ന് സിപിഎം പറയുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കൈപ്പള്ളിയിലെ സ്വീകരണത്തിന് ശേഷം സെബാസ്റ്റ്യൻ അടിവാരത്തെക്ക് പോകുമ്പോഴായിരുന്നു അമിത വേഗതയിൽ വന്ന വാഹനം പ്രവർത്തകരുടെ ബൈക്കിൽ ഇടിച്ചത്.

ഇടിച്ചതിന് ശേഷം നിർത്താത്തെ ഇളംകാട് ഭാഗത്തെക്ക് പോയ വാഹനത്തിന്റെ നമ്പർ ശ്രദ്ധിച്ചപ്പോഴാണ് ഷോൺ ജോർജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞതെന്ന് പ്രവർത്തകർ പറയുന്നു. ഇടിയുടെ അഘാതത്തിൽ തെറിച്ചു വീണ പി.കെ തോമസ് പുളിമൂട്ടിൽ, പി.റ്റി ഷിബു പൊട്ടൻ പ്ലാക്കൽ എന്നിവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യ മുനണി പ്രവർത്തകനെ പി.സി ജോർജിന്റെ മകന്റെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് എൽ ഡി.എഫ് ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. അപകടത്തിൽ പരിക്കേറ്റ പ്രവർത്തകരുടെ മൊഴിയെടുത്തതായും കേസ് രജിസ്റ്റർ ചെയ്യുമെന്നും ഈരാറ്റുപേട്ട പൊലീസ് അറിയിച്ചു,

എന്നാൽ കൈപ്പള്ളി ഏന്തയാറിന് പോവുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പര്യടനത്തെ മറികടന്ന് ഒരുകിലോമീറ്റർ ദൂരം കഴിഞ്ഞപ്പോൾ കളത്തുവ ഭാഗത്ത് വച്ച് ബൈക്കിൽ നിയന്ത്രണം വിട്ട് പാഞ്ഞ് വന്ന രണ്ട് പേർ തന്റെ കാറിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നുവെന്ന് ഷോൺ ജോർജ് പറയുന്നു. താനും നാട്ടുകാരും ചേർന്നാണ് ഇവരെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്കയച്ചതെന്നും ഷോൺ പറഞ്ഞു. അങ്ങനെ സർവ്വത്ര ദുരൂഹമാവുകയാണ് പൂഞ്ഞാറിലെ പ്രചരണം.

അതിനിടെ പൂഞ്ഞാറിൽ താൻ പോകുന്ന സ്ഥലങ്ങളിലെല്ലാം പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാർത്ഥിയുടെ അറിവോടെയെന്ന് പി.സി. ജോർജ്. പൂഞ്ഞാറിൽ ഇടത്-എസ്ഡിപിഐ ധാരണയുണ്ടെന്ന ആരോപണവും പി.സി. ജോർജ് ഉന്നയിച്ചു. അതേസമയം, പി.സി. ജോർജിനെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണ് ഈരാറ്റുപ്പേട്ടയിലെ 'കൂവൽ' സംഭവമെന്നാണ് ഇടത്-വലത് മുന്നണികളുടെ പ്രതികരണം.