കോട്ടയം: രണ്ടും കൽപ്പിച്ച് പിസി ജോർജ്. ലൗ ജിഹാദിലേയും അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിലെ സംഭാവനയും ചർച്ചയാക്കി മുമ്പോട്ട് പോവുകയാണ് പൂഞ്ഞാറിൽ പിസി ജോർജ്. ഒരിക്കൽ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകൾക്കുമെതിരെ സംസാരിച്ചപ്പോൾ എന്നെ ഒരു സമുദായത്തിന്റെ മുഴുവൻ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകൾ-ഇതാണ് പിസി ജോർജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. മത തീവ്രവാദത്തിനെതിരെ ഇനിയും ഉറച്ച നിലപാട് എടുക്കുമെന്ന് വ്യക്തമാക്കുകയാണ് പിസി ജോർജ്.

മതേതര കേരളമെന്ന് ഈ നാടിനെ വിളിക്കാമോ എന്ന സംശയവും പിസി ജോർജ് പങ്കുവയ്ക്കുന്നു. വിശ്വാസ സംരക്ഷണ വിഷയത്തിൽ പോരാടിയപ്പോൾ , അതിന്റെ പേരിൽ ബിജെപി സ്ഥാനാർത്ഥിയെ പരസ്യമായി പിന്തുണച്ചപ്പോൾ എന്നെ ഊര് വിലക്കിയത് ഇതേ ആളുകൾ .
ഒരിക്കൽ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകൾക്കുമെതിരെ സംസാരിച്ചപ്പോൾ എന്നെ ഒരു സമുദായത്തിന്റെ മുഴുവൻ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകൾ . രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇതേ ആളുകൾ-പിസി പറയുന്നു.

ശബരിമല പ്രക്ഷോഭത്തെ നയിച്ച കെ സുരേന്ദ്രനെ കോന്നി ഉപതെരഞ്ഞെടുപ്പിൽ പിസി പിന്തുണച്ചിരുന്നു. ഇതോടെയാണ് എസ് ഡി പി ഐ അടക്കമുള്ളവർ പിസിയെ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് മതേതര കേരളമെന്ന വാക്ക് കേരളത്തിന് യോജിച്ചതാണോ എന്ന സംശയം പിസി ജോർജ് പങ്കുവയ്ക്കുന്നത്. ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജിന് കാര്യങ്ങൾ അനുകൂലമാണെന്ന സർവ്വേ ഫലത്തിന് പിന്നാലെയാണ് പ്രശ്നങ്ങൾ പൂഞ്ഞാറിൽ തുടങ്ങുന്നത്. നേരത്തെ ഈരാറ്റുപേട്ടയിൽ ജോർജിന്റെ പ്രസഗം എസ് ഡി പി ഐക്കാർ തടസ്സപ്പെടുത്തിരുന്നു. ഇതിന് പിന്നാലെ വിഷയം സിപിഎം ഏറ്റെടുത്തു.

എസ് ഡി പി ഐയും ജോർജും തമ്മിലുള്ള സംഘർഷത്തിൽ എംഎൽഎയുടെ ധൈര്യം ചർച്ചയായി. നീയൊന്നും എനിക്ക് വോട്ട് ചെയ്യേണ്ടെന്നാണ് പിസി പറഞ്ഞത്. ഇതിന് പിന്നാലെ എസ് ഡി പി ഐക്കാരെ ഭീകരരെന്നും പറഞ്ഞു. ഇതോടെ വോട്ട് ധ്രൂവീകരണം പിസിക്ക് അനുകൂലമാകുമെന്ന ചർച്ചകളും എത്തി. ഈ സാഹചര്യത്തിലാണ് സിപിഎമ്മും യുദ്ധ പ്രഖ്യാപനവുമായി എത്തിയത്. ന്യൂനപക്ഷ വോട്ടിന്റെ കരുത്തിൽ പിസിയെ തോൽപ്പിക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ വിട്ടു കൊടുക്കില്ലെന്നാണ് പിസിയുടെ പുതിയ പോസ്റ്റും പറയുന്നത്.

പിസി ജോർജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

മതേതര കേരളം എന്ന് നമ്മൾ അഭിമാനിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ .
ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞ
ജോസ് കെ മാണി ഒരു മണിക്കൂറിൽ തിരുത്തി പറഞ്ഞു .
കെ സി ബി സിയുടെയടക്കം പിന്തുണ ലഭിച്ചിട്ടും എന്തുകൊണ്ട് ജോസ്
കെ സി ബി സിയെ വരെ തള്ളി നിലപാട് മാറ്റി ?
ആരെയാണ് ജോസ് ഭയക്കുന്നത് ?
രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ എൽദോസ് കുന്നപ്പള്ളി എന്തുകൊണ്ട് കൊടുത്ത സംഭാവന തിരിച്ചു വാങ്ങി ?
ആരാണ് എൽദോയെ ഭീഷണിപ്പെടുത്തിയത് ?
ആരോടാണ് എൽദോ ഇതിന്റെ പേരിൽ മാപ്പു പറഞ്ഞത് ?
ഉത്തരം എല്ലാവർക്കും അറിയാം . പക്ഷെ പറയാൻ പലരുടെയും നാവു പൊങ്ങില്ല .
ജോസ് ഭയക്കുന്നതും , എൽദോയെ ഭീഷണിപ്പെടിത്തിയതും ഒരേ നുകത്തിൽ കെട്ടപ്പെട്ട ആളുകൾ .
വിശ്വാസ സംരക്ഷണ വിഷയത്തിൽ പോരാടിയപ്പോൾ ,
അതിന്റെ പേരിൽ ബിജെപി സ്ഥാനാർത്ഥിയെ പരസ്യമായി പിന്തുണച്ചപ്പോൾ എന്നെ ഊര് വിലക്കിയത് ഇതേ ആളുകൾ .
ഒരിക്കൽ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകൾക്കുമെതിരെ സംസാരിച്ചപ്പോൾ എന്നെ ഒരു സമുദായത്തിന്റെ മുഴുവൻ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകൾ .
രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇതേ ആളുകൾ .
ഈ കാരണങ്ങളാൽ ,തിരഞ്ഞെടുപ്പ് പര്യടനത്തിൽ കൂവി ഓടിക്കാൻ ശ്രമിച്ചതും ഇതേ ആളുകൾ .
എന്നിട്ടും ഈ നാടിന്റെ പേരാണ് രസം .
'മതേതര കേരളം '.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
പി സി ജോർജ് ??