തിരുവനന്തപുരം: ഇടത് പക്ഷം നിയമ സഭയിൽ ഉയർത്തിയ പ്രതിഷേധം മറികടന്ന് കെ എം മാണി ബജറ്റ് അവതരിപ്പിച്ചതിന് അവസരമൊരുക്കിയത് എൽഡിഎഫിലെ തന്റെ ചാരന്മാരെന്ന് മുൻ ചീഫ് വിപ്പ് പിസി ജോർജ്. കൃത്യമായ ഓപ്പറേഷനിലൂടെയാണ് ഇത് നടന്നതെന്നും, അന്ന് താനും, ഉമ്മൻ ചാണ്ടി, മാണി, ചെന്നിത്തല എന്നവരും മാത്രമേ ഈ വിവരം അറിഞ്ഞിരുന്നുള്ളുവെന്നും പി സി ജോർജ് പറഞ്ഞു.

അന്ന് ചീഫ് വിപ്പായിരുന്ന തനിക്ക് സിപിഐഎമ്മിലും സിപിഐയിലും ചാരന്മാർ ഉണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് വിവാദമായേക്കാവുന്ന പിസി ജോർജിന്റെ വെളിപ്പെടുത്തൽ. ആരാണ് ആ ചാരന്മാർ എന്ന് പി സി ജോർജ് വെളിപ്പെടുത്തിയിട്ടില്ല. അവരുടെ പേര് പറയാൻ സമയമായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.



കെ എം മാണിയെ തടയാൻ വിശദ്ദമായ പദ്ധതിയാണ് ഇടത് പക്ഷം നടത്തിയത്. എന്നാൽ സിപിഐഎമ്മിലും സിപിഐയിലും ഉണ്ടായിരുന്ന ചാരന്മാർ തനിക്ക് വിവരങ്ങൾ ചോർത്തി തന്നു. അത് പ്രകാരം തലേ ദിവസം തന്നെ കെ എം മാണി നിയമ സഭയിൽ എത്തി. കറുത്ത കാറിൽ തലയിൽ മഫ്ളർ കെട്ടിയായിരുന്നു മാണി സഭാ മന്ത്രിരത്തിലേക്ക് എത്തിയത് എന്നും പിസി ജോർജ് വ്യക്തകമാക്കുന്നു. തന്റെ പദ്ധതിയെ കുറിച്ച് ഉമ്മൻ ചാണ്ടി, കെഎം മാണി, രമേശ് ചെന്നിത്തല എന്നിവർക്ക് മാത്രമായിരുന്നു അറിവെന്നും പി സി ജോർജ് പറയുന്നു.



പ്രതിഷേധം തണുപ്പിക്കാൻ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി പലവട്ടം ഒത്തുതീർപ്പു ചർച്ച നടത്തി. ഇരുവരും വഴങ്ങിയില്ല. ഉമ്മൻ ചാണ്ടി ബജറ്റ് അവതരിപ്പിച്ചാൽ തടയില്ല എന്നായിരുന്നു പ്രതികരണം. ഇത്തരം നിലപാട് സ്വീകരിച്ച ഇടത് പക്ഷമാണ് അന്നത്തെ സമരം മാണിക്കെതിരായിരുന്നില്ല സർക്കാരിന് എതിരെ ഉള്ളതായിരുന്നു എന്ന് കോടതിയിൽ വിശദീകരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാണിയെ അഴിമതിക്കാരൻ എന്ന് വിളിച്ച നിലപാട് സർക്കാർ ഒരു മാറ്റവും വരുത്തിയിട്ടില്ല. വാദത്തിനിടെ വിശദീകരിച്ചു നൽകി മയപ്പെടുത്തുകയാണ് ചെയ്തത്. അത് ജോസ് കെ മാണിയെ സന്തോഷിപ്പിക്കാനാണ്. സുപ്രീംകോടതിയിൽ എഴുതി കൊടുത്തത് മാറ്റം വരുത്തിയിട്ടില്ലെന്നും പി സി ജോർജ് ചൂണ്ടിക്കാട്ടുന്നു.