കൊച്ചി: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജിനെതിരെ പൊലീസ് കേസടുക്കുമ്പോൾ അതിന് കാരണമായ ടെലിഫോൺ സംഭാഷണവും ചർച്ചകളിൽ. മറിച്ച് കോവിഡിൽ അതിവ്യാപനത്തിൽ വീണാ ജോർജ് എന്ന ആരോഗ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുകയാണ് പിസി ജോർജ് ചെയ്തിരിക്കുന്നത്. സൗന്ദര്യം കാണിക്കാൻ ഇതിനിടെയിലും മന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണമാണ് പിസി ഉയർത്തുന്നത്. ഇതാണ് വിവാദത്തിന് കാരണം.

ഹൈക്കോടതിയിലെ അഭിഭാഷകൻ ബി.എച്ച്. മൻസൂർ നൽകിയ പരാതിയിൽ എറണാകുളം ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ പി.സി. ജോർജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്. പി.സി. ജോർജിന്റെ ടെലഫോൺ സംഭാഷണം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ക്രൈം ഉടമ നന്ദകുമാറിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ജോർജുമായി നന്ദകുമാർ നടത്തിയ ടെലഫോൺ അഭിമുഖമാണ് വിവാദമായത്.

മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ആളാണ് വീണ ജോർജെന്നു തെളിയിച്ചെന്നും സിനിമാ നടിയാകാൻ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തിൽ ജോർജ് പറയുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അഭിമുഖമെന്നും അത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരള സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോർജ് എന്ന ആരോഗ്യമന്ത്രി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണയുള്ള സംസ്ഥാനമായി കേരളത്തിനെ മാറ്റിയതിന് അവർക്ക് അവാർഡ് കിട്ടും. മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് കൊറോണ കൂടുതൽ ഇങ്ങനെയൊക്കെയാണ് വിമർസനം. ആ ടീച്ചർ. മന്ത്രിയായിരുന്നു. ജനങ്ങളെ രക്ഷിച്ച നമ്മുടെ അമ്മ. അവർ 60000 വോട്ടിന് ജയിച്ചിട്ട് മാറ്റി. എന്നിട്ട് പിണറായിയുടെ അസിസ്റ്റന്റായ ആളിനെ മന്ത്രിയാക്കി. പിണറായി അനുഭവിക്കട്ടേ... നാലാം തരംഗം വരുമ്പോൾ എവിടെ പോയി നിൽക്കും. ഏതായാലും ഈക്കാര്യത്തിൽ മലയാളികളുടെ എതിർപ്പ് ആ സ്ത്രീ നേരിടേണ്ടി വരും-ഇതാണ് പിസി ജോർജിന്റെ പ്രതികരണം.

വലിയ പ്രതിഷേധാർഹമാണ് ഈ സാഹചര്യം. എത്ര ദുഃഖകരമാണ് ഇത്. ജനങ്ങൾ കൊറോണയ്‌ക്കെതിരെ ഒരുമിച്ച് നിൽക്കണം. ഈ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും കൊണ്ട് ഒരു ഗുണവും ഇല്ല. ഒരു വാക്‌സിന് തന്നെ ഒരാൾക്ക് തന്നെ രണ്ട് തവണ എടുക്കുന്നു. അബദ്ധം പറ്റിയെന്ന് പറയുന്നു. നൂറു പേർ മരിച്ചാൽ പത്തു പേരെന്നാണ് അവർ പറയുന്നത്. ഇങ്ങനെ അതിശക്തമായ വിമർശനമാണ് ജോർജ് പറയുന്നത്.

കോവിഡ് വന്നാൽ അപകടമാണെന്ന് പറയണമെന്നും പിസി ജോർജ് വിശദീകരിക്കുന്നു. വിമർശനത്തിനിടെ മുൻ മന്ത്രി ശൈലജ ടീച്ചറിനെ പിസി ജോർജ് പുകഴത്തുന്നുവെന്നതും ശ്രദ്ധേയമാണ്.