തിരുവനന്തപുരം: വിദ്വേഷ പ്രസംഗം പരാമർശം നടത്തിയ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ അപ്പീൽ പോകുമെന്ന് അറിയിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാകും അപ്പീൽ നൽകുക.

നിയമോപദേശം തേടിയ ശേഷമാകും നടപടി. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നതും ഹർജിയിൽ ഉന്നയിക്കും.ഹിന്ദു മഹാസമ്മേളന വേദിയിൽ സദസിനെ അഭിസംബോധന ചെയ്യവെയാണ് വിവാദ പരാമർശങ്ങൾ പി.സി ജോർജ് നടത്തിയത്. ജാമ്യം ലഭിച്ച ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചോയെന്ന് പൊലീസ് പരിശോധിക്കും. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും ഉപാധികളോടെ കോടതി ജോർജിന് ജാമ്യം നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത പി.സി.ജോർജിനെ ഒരു ദിവസം പോലും പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചിരുന്നില്ല.

ജോർജിനെതിരേ വാദിക്കാൻ മജിസ്‌ട്രേറ്റിനുമുമ്പിൽ പ്രോസിക്യൂട്ടറെ ഹാജരാക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ച് അദ്ദേഹത്തിന് ജാമ്യം നൽകുകയായിരുന്നു. ഇത് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യത്തിനു ശേഷം പി.സി.ജോർജ് നടത്തിയ പ്രസ്താവനകൾ പൊലീസ് പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും പ്രസംഗത്തിൽ വർഗീയത ആരോപിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നുമായിരുന്നു ജോർജിന്റെ പ്രതികരണം.

മറ്റുചില പ്രസ്താവനകളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ നടത്തുകയുണ്ടായി. ഈ സാഹചര്യത്തിൽ വിദ്വേഷ പ്രസ്താവനകൾ നടത്തരുതെന്ന ജാമ്യവ്യവസ്ഥ ജോർജ് ലംഘിച്ചോ എന്നാകും പരിശോധിക്കുക. ജാമ്യ ഉത്തരവ് കോടതിയിൽ നിന്ന് ഇതുവരെ പൊലീസ് ലഭിച്ചിട്ടില്ല. കോടതി അവധി ആയതിനാലാണ് ഉത്തരവ് ലഭിക്കാൻ വൈകുന്നത്. ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലുണ്ട്.

29ന് നടന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അന്നു തന്നെ രാഷ്ട്രീയസംഘടനകൾ പ്രതിഷേധക്കുറിപ്പുകളിറക്കി. പൊലീസിൽ പരാതിയും നൽകി.രാവിലെ തന്നെ പി.സി. ജോർജിന്റെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് ആശാകോശിയുടെ ഔദ്യോഗിക വസതിയിൽ ഹാജരാക്കി. ഉപാധികളോടെ കോടതി പി.സി ജോർജിന് ജാമ്യം അനുവദിക്കുകയായിരുന്നു.