കേരളത്തിൽ ഒരു കാലത്ത് തംരഗമായ, 'ഏഴുരാത്രികൾ' എന്ന നാടകത്തിലെ ഒരു കഥാപാത്രമാണ് പാഷാണം വർക്കി. ഭിക്ഷയെടുക്കലാണ് അദ്ദേഹത്തിന്റെ പരിപാടി. തന്റെ 'ബിസിനസിന്റെ' വിജയത്തിന് അദ്ദേഹം പുറത്തെടുക്കുന്ന ഒരു വിദ്യയുണ്ട്. ഫോട്ടോ ഫ്രെയിമിന്റെ ഒരു വശത്ത് ഗുരുവായൂരപ്പനെയും മറുവശത്ത് അന്തോണീസ് പുണ്യാളന്റെയും പടം ഫിറ്റുചെയ്യുന്നു. ഹിന്ദുവിന്റെ വീട്ടിൽ ഗുരുവായൂരപ്പന്റെ പടം കാണിച്ച് ഭിക്ഷയെടുക്കുന്ന വർക്കി, ക്രിസ്ത്യാനിയുടെ വീട്ടിലെത്തുമ്പോൾ അന്തോണീസ് പുണ്യാളന്റെ പടം കാണിക്കും! സത്യത്തിൽ കേരള രാഷീട്രീയത്തിലെ അഭിനവ പാഷാണം വർക്കിയാണ് പി സി ജോർജ് എന്നാണ് വിമർശകർ വിശേഷിപ്പിക്കാറുള്ളത്. ഒരു കാലത്ത് പോപ്പുലർ ഫ്രന്റിന്റെ വേദികളിൽ പ്രത്യക്ഷപ്പെട്ട്, ഇരവാദം പ്രസംഗിച്ച്, ഈരാറ്റുപേട്ടപോലുള്ള ഒരു സ്ഥലത്തെ മുസ്ലിംവോട്ടുകൾ ഒന്നിച്ച് വാങ്ങിയ പി സി ജോർജ്, ഇന്ന് കടുത്ത മുസ്ലിം വിരുദ്ധതയാണ് പറയുന്നത്.

അന്ന് ജയിക്കാൻ മുസ്ലിം വോട്ട്. ഇന്ന് പിടിച്ചു നിൽക്കാൻ ഹിന്ദുവോട്ട്. ശരിക്കും ഒരു പാഷാണം വർക്കി ലൈൻ. ആശയപരമല്ല ആമാശയപരമാണു കേരള കോൺഗ്രസിന്റെ നിലനിൽപ്പും പ്രവർത്തനങ്ങളുമെന്ന മൂന്നു പതിറ്റാണ്ടുമുമ്പ് പറഞ്ഞത് ലോനപ്പൻ നമ്പാടാണ്. കേരളാകോൺഗ്രസ് വിട്ട്, മുന്നണികൾ മാറി, ജനപക്ഷം എന്ന പാർട്ടിയുണ്ടാക്കിയിട്ടും ജോർജിനുള്ളിൽ നിറഞ്ഞു നിൽക്കുന്നത് ആ പഴയ ആമാശയ രാഷ്ട്രീയക്കാരൻ തന്നെയാണ്.

സെപ്റ്റിക്ക് ടാങ്ക് പോലെ വായയാണ് പി സിയുടെ ഏറ്റവും മോശം കാര്യം. ആരെക്കുറിച്ചാണ് എന്താണ് പറയുക എന്ന് അയാൾക്ക്പോലും അറിയില്ല. കേരള രാഷ്ട്രീയത്തിലെ വന്ദ്യവയോധികയായ കെ ആർ ഗൗരിയമ്മ തൊട്ട് ആക്രമിക്കപ്പെട്ട നടി വരെയുള്ളവർ ആ വൃത്തികെട്ട നാക്കിന്റെ ഇരകളാണ്. ചാനലുകളിൽ ഡയലോഗ് അടിച്ച് ജനപ്രിയ നേതാവിന്റെ ഇമേജ് പി സി ബിൽഡ് ചെയ്തതും ഇതേ നാവുകൊണ്ടാണ്. ഇപ്പോൾ അതേ നാക്കുതന്നെ പി സിക്ക് ജയിൽവാസം ഒരുക്കുന്നു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് നടത്തിയ പ്രസംഗം നോക്കുക. 'കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നൊക്കെ' പറയാൻ അപാരമായ തൊലിക്കട്ടിവേണം.

പക്ഷേ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിന്റെ രാഷ്ട്രീയ ജീവിതം എടുത്തു പരിശോധിച്ചാൽ, ഒരു മസാല സിനിമയെ വെല്ലുന്ന കാഴ്ചകളാണ്. അതിൽ സ്റ്റണ്ടുണ്ട്, സെക്സുണ്ട്, വയലൻസുണ്ട്. പാർട്ടിയും മുന്നണികളും മാറിമാറി കളിച്ച്, രഞ്ജിപ്പണിക്കരുടെ ഡയലോഗ് വെച്ചുനോക്കുമ്പോൾ കേരളരാഷ്ട്രീയത്തിൽ കടവിറങ്ങി തഴമ്പ് വന്ന നേതാവ് തന്നെയാണ് പി സി ജോർജ്.

പിച്ചവെച്ചത് കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ

വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് പി സി ജോർജ്. കോട്ടയത്തെ അരുവിത്തുറയിൽ പ്ളാത്തോട്ടത്തിൽ ചാക്കോച്ചന്റെയും മറിയാമ്മയുടേയും മകനായി 1951 ഓഗസ്റ്റ് 28ന് ജനനം. അരുവിത്തുറയിലെ പുരാതന കത്തോലിക്ക കുടുംബത്തിലെ പ്രമാണിയായിരുന്ന അബ്കാരി കോൺട്രാക്ടറായിരുന്നു പിതാവ്. കേരളാ കോൺഗ്രസ് അനുഭാവിയായ പിതാവിന്റെ വഴിയെയാണ് ജോർജും സഞ്ചരിച്ചത്.

അരുവിത്തറ സെന്റ് ജോർജ് ഹൈസ്‌കൂളിൽനിന്നു പത്താംതരം കടന്ന് സെന്റ് ജോർജ് കോളജിലെ പ്രീഡിഗ്രി പഠനകാലത്തും ജോർജ് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. അത് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ബിരുദപഠനത്തിനായി 68-ൽ തേവര സേക്രട്ട് ഹാർട് കോളജിൽ എത്തിച്ചേർന്നപ്പോഴായിരുന്നു രാഷ്ട്രീയ പ്രവേശം. ജോർജിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'ഫിസ്‌ക്സ് പഠിക്കാൻ പോയ താൻ അവിടെ പഠിച്ചത് രാഷ്ട്രീയം ആയിരുന്നു'. ഒന്നാംതരം ഫുട്ബോൾ കളിക്കാരനായിരുന്ന ജോർജിന് ആരാധകരും ഏറെ ഉണ്ടായിരുന്നു. അന്നു കെ.എസ്.യുവിനെ വെല്ലുവിളിച്ച് തേവര കോളജിൽ കെ.എസ്.സിയുടെ യൂണിറ്റ് ഉണ്ടാക്കി. ഇടതുവിദ്യാർത്ഥി സംഘടനയായ കെ.എസ്.എഫുമായി ചേർന്നു മൽസരിക്കുകയും ചെയ്തു. അന്നുതുടങ്ങിയതാണു ജോർജിന്റെ ഈ ചാഞ്ചാടുന്ന രാഷ്ട്രീയ മനസ്സ്.

കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ജോർജ് ഇക്കാലത്ത് വളർന്നുകൊണ്ടേയിരുന്നു. കെ.എസ്.സി. ജില്ലാപ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. ഇക്കാലയളവിൽ പാർട്ടി പിളർന്നു. വളരുന്തോറും പിളരുന്ന പാർട്ടിയാണേല്ലെ കേരളാ കോൺഗ്രസ്. സ്ഥാപക നേതാക്കളായ കെ.എം. ജോർജും പിള്ളയും ഒരു വശത്തും കെ.എം. മാണിയും മറ്റുള്ളവരും മറുഭാഗത്തും. ചെറുപ്പത്തിന്റെ ആവേശത്തിൽ മാണിക്കൊപ്പമായിരുന്നു ജോർജ് ഉറച്ചത്. പക്ഷേ 77ലെ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന വി.ജെ. ജോസഫിനെതിരേ പ്രവർത്തിച്ചുവെന്ന പരാതിയുടെ പേരിൽ മാണി, ജോർജിനെ പുറത്താക്കുന്നു. അന്ന് പി സിക്ക് വെറും 26ാം വയസാണ്. അതോടെയാണ് പി സി ജോർജ് എന്ന പേര് തിരുവിതാകൂറിന് പുറത്ത് കേൾക്കുന്നത്.

പിന്നീടുള്ള തന്റെ രാഷ്ട്രീയം കെ.എം മാണിക്ക് എതിരേ പോരാടാനുള്ളതായി ജോർജ് മാറ്റിവച്ചു. അതിനൊപ്പം മാണിയോടു പകരം ചോദിക്കുമെന്നും ഇനി എംഎൽ.എ. ആകാതെ തിരുവനന്തപുരത്തേക്കില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. മാണിയുമായുള്ള ബാന്ധവം പിന്നീട് 2009ൽ പുനരാരംഭിക്കുന്നതുവരെ ജോർജ് ഈ കഥ ഓർമിക്കുമായിരുന്നു. എല്ലാവരും മാണിയെ മാണിസാർ എന്ന് വിളിക്കുമ്പോഴും, മിസ്റ്റർ മാണിയെന്നും പാലാ മെമ്പർ എന്നുമൊക്കെയായിരുന്നു പി സി വിളിക്കാറുണ്ടായിരുന്നത്. പിന്നീട് പുനരൈക്യവേളയിലാണ് ജോർജിനു മാണി 'മാണിസാറാ'യത്.

79ലെ പിളർപ്പിൽ മാണിയും ജോസഫും പിള്ളയും പലതായി പിളർന്നു മാറിയപ്പോൾ ജോർജ് കളത്തിൽ തെളിഞ്ഞുവന്നു. തുടർന്ന് 1980ൽ നടന്ന തെരഞ്ഞെടുപ്പിലാണു ജോർജിന്റെ കന്നിയങ്കം. മാണിയുടേയും സഭയുടേയും സ്വന്തക്കാരനായിരുന്ന വി.ജെ. ജോസഫിനെ തോൽപ്പിച്ച് മധുരപ്രതികാരം. വെറും 1148 വോട്ടായിരുന്നു ഭൂരിപക്ഷം അദ്യമായി എംഎൽഎ ആയപ്പോൾ വെറും 29 വയസ്സായിരുന്നു പി സി ജോർജിന്റെ പ്രായം. അതോടെ കേരളരാഷ്ട്രീയത്തിൽ ജോർജ് യുഗം തുടങ്ങുകയായി.

തുടർന്നുണ്ടായ ഇടതുമുന്നണി സർക്കാരിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്ക് എതിരേ നിയമസഭയിൽ ജോർജ് ആഞ്ഞടിച്ചു. പി ജെ ജോസഫിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള യാത്ര. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴൊക്കെ കിങ്ങ് മേക്കറായി പിന്നിൽ പി സി ഉണ്ടായിരുന്നു. പിന്നീട് ഇരുവരും തെറ്റിയെന്നതും വേറെ കാര്യം.

അച്യുതാന്ദന്റെ വിസിൽ ബ്ലോവർ

പി സി ജോർജിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഉയർച്ചയുള്ള കാലം എന്നത് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നുകൊണ്ട്, വി എസിനൊപ്പം പ്രവർത്തിച്ചതാണ്. ഒരുകാലത്ത് വിഎസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് ജോർജ് അറിയപ്പെട്ടിരുന്നത്. ഭുമി കൈയറ്റേക്കാർ അടക്കമുള്ള സകല മാഫിയയുടെയും പേടി സ്വപനമായ ജനകീയനായ ഒരു നേതാവ് എന്ന ഇമേജാണ് അദ്ദേഹത്തിന് ഇക്കാലത്ത് കിട്ടിയത്.

മതികെട്ടാൻ ചോലയിൽ മാണിയുടെ ബന്ധുക്കൾ നടത്തിയ കൈയേറ്റം പുറത്തുകൊണ്ടുവന്നതിൽ വി എസിനൊപ്പം പി സി ജോർജും നിർണായക പങ്ക് വഹിച്ചു. കൈയേറ്റക്കാരുടെ പട്ടികയും തെളിവുകളും അടക്കം. അച്യുതാനന്ദനെ രംഗത്തിറക്കി, കാടും മലയും ഒപ്പം കയറിയിറങ്ങി. അങ്ങനെ വി.എസിന്റെ ബദൽ രാഷ്ട്രീയത്തിനൊപ്പം പി.സിയും മൈലേജ് നേടി.. മാധ്യമങ്ങൾ അന്നുതൊട്ടിങ്ങോട്ട് അച്യുതാനന്ദനു നൽകിപ്പോരുന്ന അഭൂതപൂർവമായ പിന്തുണയുടെ ഒരു ചെറിയപങ്ക് ജോർജിനും കിട്ടിത്തുടങ്ങി. അതോടെയാണ് അദ്ദേഹത്തിന്റെ ഇമേജ് മാറുന്നത്. കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്ഥരെ വഴക്കു പറയുന്ന പി.സി, ഉരുളക്ക് ഉപ്പേരിപോലെ ചാനൽ ചർച്ചകളിൽ മറുപടി പറയുന്ന പി സി, പൊലീസിന്റെ മോശം നടപടികൾക്കെതിരെ പ്രതികരിക്കുന്ന ഒറ്റയാൻ, ടോൾബൂത്തുകളിൽ കയറി കൊള്ള ചോദ്യം ചെയ്യുന്ന നേതാവ്, ആർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയൻ.... അങ്ങനെ കൃത്യമായി ഒരു ജനപക്ഷ രാഷ്ട്രീയക്കാരന്റെ ഇമേജാണ് ഇക്കാലത്ത് പി സിക്ക് കിട്ടിയത്.

വി.എസിന്റെ പോരാട്ടം മതികെട്ടാനെ ദേശീയ ഉദ്യാനമാക്കി പ്രഖ്യാപിക്കുന്നതിലേക്കു വരെ എത്തിച്ചതു ജോർജിന്റെകൂടി വിജയമായി. പക്ഷേ പാർട്ടിയിൽ ജോർജിന്റെ കാലം ഇതോടെ തീരുകയായിരുന്നു. ജോസഫിന്റെ അപ്രീതി ഒടുവിൽ പുറത്തേക്കുള്ള വഴിതെളിച്ചു. പക്ഷേ ടി.എസ്. ജോണിനെയും ഈപ്പൻവർഗീസിനെയും കൂട്ടിയിണക്കി സെക്കുലർ കോൺഗ്രസുണ്ടാക്കാൻ ജോർജിനു അന്നു വി എസ് പിന്തുണ നൽകി. അപ്പോഴും സിപിമ്മിലെ ഔദ്യോഗിക പക്ഷത്തിന് പി സിയെ അത്ര താൽപ്പര്യം ഉണ്ടായിരുന്നില്ല.

2006-ലെ തെരഞ്ഞടുപ്പിൽ സെക്കുലറിനു എൽ.ഡി.എഫ്. ഒരു സീറ്റ് നൽകി, പൂഞ്ഞാർ. മാണി ഗ്രൂപ്പിലെ അഡ്വ. എബ്രഹാം കൈപ്പൻപ്ലാക്കൽ എതിരാളിയായെങ്കിലും ജോർജ് വിജയിച്ചു. ഭൂരിപക്ഷം 7637. ഇടതുമുന്നണി ഒടുവിൽ വി.എസിനെ മുഖ്യമന്ത്രിയാക്കിയെങ്കിലും ജോർജിനെ തഴഞ്ഞു. പക്ഷേ അച്യുതാനന്ദന്റെ കാവലളായി തുടർന്നും ജോർജ് കളി തുടർന്നു. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തിനു പിന്നിൽ അച്യുതാന്ദനു ഒപ്പം നിന്നു തകർത്തുവാരി.

ഇടുക്കിയിലെയും കോട്ടയത്തെയും കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളുടെ കൈയേറ്റത്തിന്റെ വിശദവിവരങ്ങൾ മുഖ്യമന്ത്രിയായ വി.എസിനു കൈമാറിയതു ജോർജായിരുന്നുവെന്നതു പരസ്യമായ രഹസ്യവുമായി. ജോസഫിന്റെ വിമാനയാത്രാ വിവാദം ജോർജിനു മുന്നണിക്കകത്തു പുതിയ പേരാട്ടങ്ങൾക്കായുള്ള വാതിലുകൾ തുറന്നുനൽകി. മുന്നണിയിൽനിന്നുതന്നെ നടത്തിയ ആക്രമണങ്ങൾക്ക് ഒടുവിൽ ജോസഫിനെ രാജിവയ്‌പ്പിച്ചു. അതിനായി പ്രതിപക്ഷത്തേക്കാളേറെ പരിശ്രമിക്കുകയും ചെയ്തു. പരാതി പുറത്തുവന്നതിലും പരാതിക്കാരിയെ രംഗത്തിറക്കിയതിനു പിന്നിലും ജോർജായിരുന്നുവെന്നു നാടറിയുകയും ചെയ്തു.

പിന്നെ കുരുവിളയുടെ ഊഴം. ഷെവലിയാർ കുരുവിള അധികാരത്തിൽ കയറിയ നാൾ മുതൽ ജോർജ് അദ്ദേഹത്തിനെതിരേ രംഗത്തെത്തി. കുരുവിളാൻ എന്ന് ആക്രോശിച്ച് ചാനലുകളിൽ ആരോപണശരങ്ങൾ ഉയർത്തി. കൈയേറ്റഭൂമി വിൽക്കാൻ ശ്രമിച്ചെന്ന കേസ് തെളിവ് സഹിതം ഉയർത്തി രാജിവയ്‌പ്പിച്ചു. ആരോപണം ഉന്നയിച്ച വിദേശമലയാളിക്കു പിന്നിൽ ജോർജിന്റെ കരങ്ങളായിരുന്നുവെന്ന ആക്ഷേപം അന്നേയുണ്ടായിരുന്നു. ഈ നീക്കങ്ങളിലൂടയെല്ലാം ലക്ഷ്യം അച്യുതാന്ദൻ മന്ത്രിസഭയിൽ ഒരിടമായിരുന്നു. പക്ഷേ സിപിഎം. വഴങ്ങിയില്ല. പകരം ജോസഫ് ഗ്രൂപ്പിലെതന്നെ മോൻസ് ജോസഫ് മന്ത്രിയായി. ഒടുവിൽ ജോസഫ് അഗ്നിശുദ്ധി തെളിയിച്ച് മടങ്ങിയെത്തി. തൊട്ടുപിന്നാലെ പരസ്യമായ വിമർശനത്തെത്തുടർന്ന് ഇടതുമുന്നണിയിൽനിന്നു പി.സി. ജോർജിനെയും കേരള കോൺഗ്രസ് സെക്കുലറിനെയും പുറത്താക്കിയതോടെ ജോർജ് കേരളരാഷ്ട്രീയത്തിൽ അനാഥനായി മാറി.

ഉമ്മൻ ചാണ്ടിയെ കുരുക്കലാക്കിയ ചീഫ് വിപ്പ്

ഇതോടെ ഇടതുമുന്നണി വിട്ട് പി സി വീണ്ടും മറുകണ്ടം ചാടി. തന്റെ ആജീവനാന്ത ശത്രുവായി മാണിയുമായി കോംപ്രമൈസ് ആയി. മിസ്്റ്റർ മാണി അങ്ങനെ മാണി സാർ ആയി. അങ്ങനെ 2011ലും പൂഞ്ഞാറിൽ ജയിച്ചു. പക്ഷേ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ ഇടം നേടാനായില്ല. പകരം ചീഫ് വിപ്പായി. പക്ഷേ അവിടെയും പി സി കളികണ്ടു നിന്നില്ല. ഇറങ്ങിക്കളിക്കാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

മുമ്പ് വി എസിന്റെ ഒപ്പം നിന്നപോലെ ജോർജ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം ശക്തമായി നിന്നു. പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാൻ ഉത്തരവിട്ട വിജിലൻസ് ജഡ്ജിക്കെതിരേ രൂക്ഷമായ പ്രതികരണങ്ങളുമായി ആദ്യം രംഗത്തെത്തിയതു ജോർജായിരുന്നു. രാഷ്ട്രപതിക്കു ജഡ്ജിക്കെതിരേ കത്തയയ്ക്കാനും ജോർജ് തയാറായപ്പോൾ കോൺഗ്രസുകാർ പോലും ഞെട്ടിപ്പോയി. അവിടെനിന്നു ചാണ്ടിയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് സിപിഎമ്മിൽനിന്നു ശെൽവരാജിനെ അടർത്തിയെടുത്തതു ജോർജിന്റെ കുശാഗ്രബുദ്ധിയായിരുന്നു. ഈ കച്ചവടത്തിലെ ഇടനിലക്കാരൻ ജോർജ് ആയിരുന്നു. വേണമെങ്കിൽ ഇനിയും കൂടുതൽ പേരെ കിട്ടുമെന്നാണ് അന്ന് ജോർജ് പറഞ്ഞത്.

പക്ഷേ ഈ മധുവിധു അതികാലം നീണ്ടില്ല. നെല്ലിയാമ്പതിയിലെ പാട്ടക്കാലവധി തീർന്ന എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിനെച്ചൊല്ലി വനംവകുപ്പ് മന്ത്രിയായിരുന്ന കെ.ബി. ഗണേശ് കുമാറുമായി കൊമ്പുകോർത്ത് ജോർജ് അടുത്ത യുദ്ധത്തിനൊരുങ്ങി. ഭൂരിഭാഗവും പൂഞ്ഞാർ മണ്ഡലത്തിലുൾപ്പെടുന്ന ആളുകൾ കൈവശം വച്ചിരുന്ന എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കം ജോർജിനെ ഗണേശിന്റെ രക്തദാഹിയാക്കി മാറ്റി. സംഭവത്തിൽ അഭിപ്രായം പറഞ്ഞ കോൺഗ്രസ് എംഎൽ.എമാരപ്പോലും ആക്ഷേപിക്കുന്നതിനു ജോർജ് മടിച്ചില്ല. ധീവര സമുദായാംഗമായ ടി.എൻ. പ്രതാപൻ മൽസ്യത്തൊഴിലാളികളുടെ കാര്യം നോക്കിയാൽ മതിയെന്നും കർഷകരുടെ കാര്യം നോക്കാൻ തങ്ങളുണ്ടെന്നും വരെ ജോർജ് പറഞ്ഞുവച്ചു. പ്രസ്താവന വിവാദമായെങ്കിലും ഉമ്മൻ ചാണ്ടി അനങ്ങിയില്ല. നെല്ലിയാമ്പതി പൊതുസമൂഹത്തിലും യു.ഡി.എഫിലും കോൺഗ്രസിലും മൊത്തത്തിൽ ജോർജിന്റെ പേര് നഷ്ടമാക്കി. ഹരിതരാഷ്ട്രീയ ബാനറിനു കീഴിൽ കോൺഗ്രസിലെ യുവ എംഎൽ.എമാർ ജോർജിനെതിരേ അണിനിരന്നു. പക്ഷേ ചാണ്ടിയുടെ തണലിൽ ജോർജ് കുലുങ്ങിയില്ല. ഗണേശിനെതിരേ പിള്ളയ്‌ക്കൊപ്പം നിന്നു പടനയിച്ചു. സ്വഭാവദൂഷ്യം മുതൽ ഇങ്ങോട്ട് പിള്ളയെ തല്ലാനൊരുങ്ങിയെന്നുവരെ ആക്ഷേപം ചൊരിഞ്ഞ് ആഞ്ഞടിച്ചു. അങ്ങനെ ഗണേശിനെതിരെ കെണിയൊരുക്കുന്നതിന്റെ ഭാഗമായാണ് ആദ്യം സോളാർ കേസ് പുറത്തുവരുന്നത്.

സംസ്ഥാനത്തെ ഒരു മന്ത്രിയെ അവിഹിത ബന്ധത്തിന്റെ പേരിൽ കാമുകിയുടെ ഭർത്താവ് ഔദ്യോഗികവസതിയിൽ കയറി തല്ലിയെന്ന വാർത്ത മംഗളം പത്രമാണ് ആദ്യം പുറത്തുവിട്ടത്. ഏതു മന്ത്രിയാണെന്നതിന്റെ യാതൊരു സൂചനകളും വാർത്തയിൽ നൽകിയിരുന്നില്ല. പക്ഷേ ജോർജ് പത്രസമ്മേളനം വിളിച്ച് ആ മന്ത്രി ഗണേശ്‌കുമാറാണെന്നു പ്രഖ്യാപിച്ചു രാജി ആവശ്യവുമുന്നയിച്ചു. ഒടുവിൽ ഗണേശ് രാജിവെച്ചു. പ്രശ്‌നത്തിൽ അഭിപ്രായം പറഞ്ഞ ഗൗരിയമ്മയ്‌ക്കെതിരേ ജോർജ് ഉപയോഗിച്ച വാക്കുകൾ മലയാളി ഞെട്ടലോടെയാണു കേട്ടത്. പന്നീട് സോളാർ വിവാദം ഉമ്മൻ ചാണ്ടിക്കു തന്നെ കുരുക്കായത് കേരളം കണ്ടു. അതോടെ യുഡിഎഫിനും പി സി വേണ്ടാത്താവനായി. അങ്ങനെയാണ് മുന്നണികളെ വെല്ലുവിളിച്ച് സ്വന്തമായി ജനപക്ഷം എന്ന പാർട്ടിയുണ്ടാക്കുന്നത്.

ഒരു കാലത്ത് പോപ്പുലർ ഫ്രണ്ടിന്റെ വേദികളിൽ

പി സി ജോർജിന്റെ പൂഞ്ഞാർ മണ്ഡലത്തിൽ ഈരാറ്റുപേട്ട പോലുള്ള മുസ്ലിം ബെൽറ്റുകൾ ഉണ്ട്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇസ്ലാമിക രാഷ്ട്രീയത്തെ തഴുകിക്കൊണ്ടായിരുന്നു അദ്ദേഹം മുന്നോട്ടുപോയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ഒരുപോലെ എതിർത്തിട്ടും പിസിക്ക് സ്വതന്ത്രനായി നിന്ന് ജയിച്ചു കയറാൻ ആയത് കൂട്ടുത്തോടെ അദ്ദേഹത്തിന് വീണ മുസ്ലിം വോട്ടുകൾ ആയിരുന്നു. 2021ൽ പിസിയെ തോൽപ്പിച്ചതും ഇതേ വോട്ടുബാങ്ക് തന്നെ.

ഒരുകാലത്ത് പല വാർത്താ സമ്മേളനങ്ങളിലും പി സി പ്രത്യക്ഷപ്പെട്ടിരുന്നത്, മുസ്ലീങ്ങളുടെ നിസ്‌ക്കാരത്തൊപ്പി അണിഞ്ഞുകൊണ്ടായിരുന്നു. പിൽക്കാലത്ത് കറുപ്പുടുത്ത് അദ്ദേഹം ശബരിമലക്ക് വേണ്ടി വാദിച്ച് നിയമസഭയിൽ ഒ രാജഗോപാലിനൊപ്പവും ഇരുന്നു! മദനിയുടെ മോചനം അടക്കമുള്ള വിഷയങ്ങളിലും പി സി അഭിപ്രായം പറഞ്ഞിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പലവേദികളും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ മനുഷ്യവകാശ പ്രശ്നങ്ങൾക്കുവേണ്ടി വാദിച്ചു. രാജ്യം മുഴുവൻ ശ്രദ്ധനേടിയ വാഗമൺ ക്യാമ്പിന്റെ താവളമായിരുന്ന ഈരാറ്റുപേട്ടയിൽ അന്ന് മുസ്ലിം വിഭാഗത്തിനിടയിൽ പൊലീസ് അന്വേഷണത്തിനിറങ്ങിയപ്പോൾ ജോർജ് ശക്തമായി രംഗത്തെത്തി. അന്വേഷണത്തിൽ ന്യൂനപക്ഷങ്ങൾക്കുള്ള ആശങ്ക ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന മുസ്ലിം മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളിൽ പ്രാധാന്യത്തോടെ വന്നിരുന്നു.

എന്നാൽ പരമ്പാരഗതമായ ക്രൈസ്തവ- ഹൈന്ദവ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനും പി സി ഏറെ ശ്രദ്ധിച്ചു. കത്തോലിക്കരും നായരും ഈഴവരും മുസ്ലിംകളും മലയരയ വിഭാഗവും ഒരുമിച്ചു വാഴുന്ന ഇടമാണ് പൂഞ്ഞാർ. ഇവരുടെ എല്ലാം ഇടയിൽ ഒരുപോലെ സ്വാധീനം നേടാനായി എന്നതാണ് ജോർജിന്റെ നേട്ടം.

അബ്കാരിയായിരുന്ന പിതാവിന്റെ സ്വാധീനത്തിൽ ഇന്നും ഈഴവർക്കിടയിൽ ജോർജിനു നല്ല സ്വാധീനമുണ്ട്. അതോടൊപ്പം നല്ല ഒരു കത്തോലിക്കനായുള്ള തുടർച്ചയും. മകന്റെ വിവാഹം ഇതിനുള്ള ഉത്തമ തെളിവാണ്. ചലച്ചിത്രതാരം ജഗതി ശ്രീകുമാറിന്റെ മകൾ പാർവതിയെ മാമോദീസാ മുക്കി പള്ളിയിൽവച്ചാണ് ജോർജ് മകനു കെട്ടിച്ചുകൊടുത്തത്. അതിലറിയാമല്ലോ ജോർജിന്റെ പള്ളിയോടുള്ള കൂറ്. മതനേതാക്കളെ ആരെയും അദ്ദേഹം തന്റെ നാവ് ഉപയോഗിച്ച് തല്ലാറുമില്ല. അവിടെയെല്ലാം ജോർജ് പ്രിയ കുഞ്ഞാടാണ്. ഒരിക്കൽമാത്രം കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരേ ആഞ്ഞടിച്ചു. 'വെറുക്കപ്പെട്ട വ്യവസായി' ഫാരിസ് ബാന്ധവത്തെച്ചൊല്ലിയായിരുന്നു അത്. നസ്രാണിദീപികയെന്ന കത്തോലിക്ക വികാരം അതിൽ അടങ്ങിയിരുന്നതിനാൽ സഭയിൽനിന്നടക്കം അദ്ദേഹത്തിനു പിന്തുണയും ലഭിച്ചു.പെരുന്നയുമായും കണിച്ചുകുളങ്ങരയുമായും അദ്ദേഹം ഒരിക്കലും അലോഹ്യം കൂടിയിട്ടുമില്ല.

പക്ഷേ ഇങ്ങനെ സാമുദായിക ബാലൻസിങ്ങ് കളിച്ചു നടന്നിരുന്ന പിസിക്ക് മുട്ടൻ പണികിട്ടിയത് ഒരു ഫോൺ ലീക്കിലൂടെയാണ്. ഒരു ദുർബല നിമിഷത്തിൽ പിസിയുടെ മനസ്സിലുള്ളകാര്യം അറിയാതെ പുറത്തുവന്നുപോയി. ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങളെ താൻ പറ്റിക്കയാണെന്നും, അവരെ വിറ്റകാശ് തന്റെ കൈയിലുണ്ടെന്നും മേത്തന്മാർ വോട്ട് ചെയ്തില്ലെങ്കിലും താൻ ജയിക്കുമെന്നൊക്കെയുള്ള ഒരു വിദ്വേഷ ഓഡിയോ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്. ഈ കാലഘട്ടത്തിൽ പി സി, ബിജെപിയുമായി അടുത്തിരുന്നു. ഇതോടെ പി സിയുടെ വീട്ടിലേക്ക് മുസ്ലിം സാമുദായിക സംഘടനകളുടെ മാർച്ച്വരെ നടന്നു. പി സി മാപ്പു പറഞ്ഞിട്ടും പ്രശ്നം തീർന്നില്ല. ആ അകൽച്ചയാണ് സത്യത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ തോൽവിക്ക് മുഖ്യ കാരണം ആയത്. ഈരാറ്റുപേട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അദ്ദേഹത്തെ നാട്ടുകാർ കൂവിയാണ് എതിരേറ്റത്.

തെരഞ്ഞെടുപ്പ് തോൽവിയോടെ പി സി പൂർണ്ണമായും ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തോട് അകലുന്നതും ഹിന്ദുത്വ രാഷ്ട്രീയത്തോട് അടുക്കുന്നതുമാണ് കണ്ടത്. അതിന്റെ തുടർച്ചയായി നടത്തുന്ന വിവാദ പ്രസംഗങ്ങളിലാണ് അദ്ദേഹം ജയിലിൽ ആവുന്നതും.

ജാരസന്തി വിവാദവും ഗൗരിയമ്മയും

നാക്കായിരുന്നു പിസിയുടെ ഏറ്റവും വലിയ ആയുധം. പക്ഷേ ഇപ്പോൾ ആ നാക്ക് അദ്ദേഹത്തെ ചതിച്ചു. പി സിക്ക് ഒരു നാക്കുപിഴ പറ്റിയത് അല്ല. അദ്ദേഹം ഇങ്ങനെ തന്നെയാണ്. മുമ്പ് ഗൗരിയമ്മക്കെതിരെ പി സി പറഞ്ഞ വാക്കുകൾ ആർക്കം മറക്കാൻ കഴിയില്ല.

നേരത്തെ 80കളുടെ തുടക്കത്തിൽ ജോർജിനെ തളക്കാൻ മാണിയും കൂട്ടുരും കണ്ടെത്തിയ ഒരു കെണിയായിരുന്നു ജാരസന്തതി ആരോപണം. പി സിക്ക് അവിഹിത ബന്ധത്തിൽ ഒരു കുഞ്ഞുണ്ടെന്നാണ് വിവാദം. വിഷയം നിയമസഭയിലുമെത്തി. കുഞ്ഞിന്റെ പിതൃത്വം മാണിക്കും ഒ. ലൂക്കോസിനും മേൽ ആരോപിച്ച് ജോർജും തിരിച്ചടിച്ചു. കോടതിയിൽനിന്നുള്ള വിധി ജോർജിന് അനുകൂലമായിരുന്നു. ഒപ്പം കള്ളപ്പരാതി നൽകിയതിനു വാദിക്കെതിരേ കേസുമെടുത്തു. പിന്നീട് ഈ കേസ് വിസ്മൃതിയിൽ ആയി.

പക്ഷേ ഗണേശകുമാർ വിഷയം പി സി വിവാദമാക്കിയതോടെ, 2013ൽ ഗൗരിയമ്മ ഈ വിഷയം എടുത്തിട്ടു. പി സി ജോർജിന്റെ ഭാര്യയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ തന്നെ സമീപിച്ചുവെന്നും, പണം കൊടുത്ത് പറഞ്ഞുവിട്ടുമെന്നായിരുന്നു അവർ പറഞ്ഞത്. ഇതിന് ഞെട്ടിപ്പിക്കുന്ന തെറി അഭിഷേകവുമായിട്ടായിരുന്നു പി സിയുടെ മറുപടി.

2013 മാർച്ച് 14ന് ഈരാറ്റുപേട്ടയിലെ വസതിയിൽ , ഗൗരിയമ്മ തനിക്കെതിരേ നടത്തിയ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാൻ ഒരു നിസ്‌ക്കാര തൊപ്പിയും ധരിച്ചാണ് പി സി എത്തിയത്. തുടക്കം തന്നെ തീർത്തും ചട്ടമ്പിഭാഷയിൽ, 'തൊണ്ണൂറ് വയസ് കഴിഞ്ഞിട്ടുള്ള കിഴവിയാണ് തനിക്കെതിരേ പറയുന്നത്. തന്തയില്ലാത്ത ഏർപ്പാടാണ് ആ ................. എനിക്കെതിരേ ചെയ്തത്. ഗൗരിയമ്മ ഇടതുപക്ഷ മന്ത്രിയാ അന്ന്. രണ്ടായിരം രൂപ എന്നൊക്കൊണ്ടു കൊടുപ്പിച്ചു. തീർത്തെന്ന്... അവടമ്മേ കെട്ടിക്കാൻ. ടി.വി. തോമസ് വഴിനീളെ ................ നടന്നതുപോലെ പി.സി. ജോർജ് നടക്കുമോ ടി.വി. തോമസിനു വഴിനീളെ മക്കളുണ്ട് എനിക്കറിയാം. ഞാൻ ആകെ ചെയ്ത തെറ്റെന്നാ. രാജ്യം മുഴുവൻ നടന്ന് പെണ്ണുപിടിച്ച് നടക്കുന്ന .................... മോൻ ഇവനാണെന്നു പറഞ്ഞുപോയതാണോ'. ഗണേശ് കുമാറും പിള്ളയും ഒന്നായല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി 'അതേ, അപ്പനും മോനും കാശിനുവേണ്ടി എന്തും ചെയ്യുന്ന തെണ്ടികളാണെ'ന്ന് ആരോപണവും.

'ഗണേശ് കാരണം വിവാഹബന്ധം വേർപ്പെടുത്തിയ ഇരുപത്തിരണ്ടു കുടുംബങ്ങളുടെ ലിസ്റ്റ് എന്റെ പോക്കറ്റിലുണ്ട്. ഇതെല്ലാം നിങ്ങൾ സംപ്രേഷണം ചെയ്യുമെന്നു തനിക്കറിയാമെന്നും അതെനിക്കു പ്രശ്‌നമല്ലെന്നും' മാധ്യമപ്രവർത്തകരോടുള്ള ജോർജിന്റെ വെല്ലുവിളി. റിപ്പോർട്ടർ ചാനൽ ഈ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയും ജോർജിന്റെ യഥാർഥ മുഖം പുറത്താക്കുകയും ചെയ്തു. ജോർജിന് ഇതുണ്ടാക്കിയ ക്ഷീണം ചില്ലറയൊന്നുമായിരുന്നില്ല.

ത്യാഗോജ്വലമായ ജീവിതത്തിലൂടെ ഏവരും ആദരിക്കുന്ന വയോധികയായ ഒരു നേതാവിനെപ്പറ്റിയായിരുന്നു ഈ പരാമർശം മലയാളിയെ ഒന്നാകെ വേദനിച്ചു. കോൺഗ്രസ് പാർട്ടിയിലും ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി. 'കെ. ആർ. ഗൗരിയമ്മയെപ്പോലൊരു നേതാവിനെ അധിക്ഷേപിച്ച ജോർജിനോട് ഒരു വിട്ടുവീഴ്ചയും അരുത്. ജോർജ് അധിക്ഷേപിച്ചതിൽ ഗൗരിയമ്മയുടെ പ്രയാസം പുറത്തറിയിക്കാൻ സാധിക്കാത്തതാണ്. ആ വിതുമ്പൽ നമ്മുടെയൊക്കെ നൊമ്പരമാണ്' - കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് അടക്കം നിരവധി പേർ പ്രതികരിച്ചിട്ടും പി സിക്ക് യാതൊരു കുലുക്കവും ഇല്ലായിരുന്നു.

ഫ്രാങ്കോക്കും ദിലീപിനുമൊപ്പം

തനിക്ക് ആരെക്കുറിച്ചും എന്തും പറയാനുണ്ടെന്ന ലൈസൻസ് ഉണ്ട് എന്ന രീതിയിലായിരുന്നു പലപ്പോഴും പി സിയുടെ സംസാരം. 2011 ഒക്ടോബർ 27ന് പത്തനാപുരത്ത് യുഡിഎഫ്. നടത്തിയ ഒരു പൊതുയോഗത്തിൽ, പി സി ജോർജ്, സിപിഎം നേതാവും മുൻ മന്ത്രിയമായ എകെ. ബാലനെ ജാതി പറഞ്ഞു അധിക്ഷേപിച്ചതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിരുന്നു.

അതുപോലെ തന്നെ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കനെതിരെ കേസ് ഉണ്ടായപ്പോൾ പി സി നിന്നത് ഫ്രാങ്കോക്ക് വേണ്ടിയായിരുന്നു. അന്ന് പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിക്കുന്ന രീയിൽ ദ്വയാർഥ പ്രയോഗമുള്ള പല പരാമർശങ്ങളും പി സി നടത്തി. ജയിലിൽ പോയി ഫ്രാങ്കോയെ കണ്ട് കൈ മുത്തി. ഇതിന് പ്രത്യുപകാരമെന്നോണം ജയിൽ നിന്ന് ഇറങ്ങിയ ഫ്രാങ്കോ ആദ്യം വന്ന് കണ്ടത് പി സിയെ ആയിരുന്നു. തികഞ്ഞ സ്ത്രീവിരുദ്ധനാണ് പി സി ജോർജ് എന്നാണ് ഡോ ജെ ദേവികയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. '' സ്ത്രീകൾക്കെതിരെ ആഭാസകരമായ പരമാർശങ്ങൾ നടത്തുക എന്നത് ഒരു ഹോബിയാക്കി എടുത്ത വ്യക്തിയാണ് പി സി ജോർജ്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഇതിനെ പ്രോൽസാഹിപ്പിച്ച് കൊടുക്കയാണ്''- അവർ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ നടിയെ ആക്രമിച്ച കേസിൽ പി സി ദിലീപിന് ഒപ്പമാണ്. ഒരു ചാനലിൽ വന്നിരുന്ന് അതിജീവിതയായ പെൺകുട്ടിയെ ആക്ഷേപിക്കുന്ന രീതിയിലുള്ള നിർലജ്ജമായ പരാമർശം നടത്താൻ പോലും മറ്റാർക്കും അവില്ല.

പക്ഷേ അടുത്തകാലത്തായി പി സി സ്ത്രീവിഷയങ്ങളും മറ്റും മാറ്റി തീർത്തും വർഗീയമായ വിഷയത്തിലേക്ക് മാറുകയായിരുന്നു. കട്ട സംഘികൾ പോലും പറയാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. നേരത്തെ തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദപ്രസംഗം നടത്തിയതും വിവാദമായിരുന്നു.ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പി.സി. പറഞ്ഞതും സോഷ്യൽ മീഡിയയിൽ അടക്കം കത്തി.

ഇതിന്റെ എല്ലാം തുടർച്ചയായിരുന്നു, ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് നടന്ന മതവിദ്വേഷം പ്രസംഗം. ആ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് വെണ്ണലയിൽ സമാനമായ പ്രസംഗം നടത്തിയെന്ന് പരാതി വരുന്നത്. അതുപോലെ ഇന്ന് പി സിക്ക് എത്ര ആസ്തിയുണ്ടെന്നതും ചോദ്യമാണ്. അഴിമതി രഹിതനാണ് താൻ എന്ന് അയാൾ പറയുമ്പോഴും കാര്യങ്ങൾ അങ്ങനെ അല്ലെന്ന് വ്യക്തമാണ്.മുമ്പ് പിജെ ജോസഫ് മന്ത്രിയായിരുന്നമ്പോൾ, പ്രീഡിഗ്രി വേർപെടുത്തി പകരം പ്ളസ് ടു നാടാകെ അനുവദിച്ചപ്പോഴുണ്ടായ കോഴ വിവാദത്തിലൊക്കെ പി സിയുടെ പേരും ഉണ്ടായിരുന്നു.

പക്ഷേ ഒന്നും നാം സമ്മതിച്ച് കൊടുക്കണം. രഹസ്യങ്ങൾ മണത്ത് അറിയുന്നതിന് അദ്ദേഹത്തിനുള്ള കഴിവ്. പിന്നെ ആരുടെ മുന്നിലും തലകുനിക്കാത്ത ആ താൻ പോരിമ. ഈ 72ാം വയസ്സിൽ, മകൻ ഷോൺ ജോർജിന് ബാറ്റൺ കൊടുത്ത് അയാൾ നിശബ്ദനാവുമെന്ന് ആരും കരുതേണ്ട. ഇനിയും കാണാൻ എന്തെല്ലാമോ ബാക്കിയുണ്ട്.

വാൽക്കഷ്ണം: ആരെയും എന്തും പറയാവുന്ന രീതിയിൽ പി സി ജോർജിനെ ആരാണ് പനപോലെ വളർത്തിയത് എന്ന് ചോദ്യത്തിലെ മുഖ്യ പ്രതി നമ്മുടെ മാധ്യമങ്ങളാണ്. റേറ്റിങ്ങിനുവേണ്ടിയുള്ള ചാനലുകളുടെ കിടമത്സരത്തിലെ അനിവാര്യമായ 'ടച്ചിങ്ങ്' ആയിരുന്നു, ആവശ്യത്തിലേറെ എരിവും പുളിവും മസാലയും, സ്ത്രീവിഷയവുമൊക്കെയുള്ള പി സി ജോർജിന്റെ സാന്നിധ്യം. അന്ന് കൊണ്ടുനടന്നവർ തന്നെ ഇന്ന് പി സിയെ കഴുവിലേറ്റുന്നു!