- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷ ഓടിക്കുന്നതും ചുമട് എടുക്കുന്നതും എല്ലാം മാന്യത ഉള്ള തൊഴിലുകൾ; എന്റെ മക്കൾ പക്ഷെ ആ തൊഴിലുകളല്ല ചെയ്യുന്നത്; പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കാൻ എന്റെ കുടുംബത്തെക്കുറിച്ച് കഥ മെനയുന്നു; പിസി ജോർജിനെതിരെ പി ജയരാജൻ
തലശേരി: തന്നെ അറസ്റ്റു ചെയ്തതിലുള്ള വൈരാഗ്യം കാരണം എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ് പി സി ജോർജ് എത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ ആക്ഷേപിക്കുന്നതിനുവേണ്ടി എന്റെ കുടുംബത്തെ കുറിച്ച് കഥകൾ മെനയുകയാണ് പി സി ജോർജെന്നും പി ജയരാജൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ
''എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ് പി സി ജോർജ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സഖാവ് പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിനുവേണ്ടി എന്റെ കുടുംബത്തെ കുറിച്ച് കഥകൾ മെനയുകയാണ് അദ്ദേഹം. ഓട്ടോറിക്ഷ ഓടിക്കുന്നതും ചുമട് എടുക്കുന്നതും എല്ലാം മാന്യത ഉള്ള തൊഴിലുകളാണ്. എന്റെ മക്കൾ പക്ഷെ ആ തൊഴിലുകളല്ല ചെയ്യുന്നത്. മാന്യത ഇല്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് പി സി ജോർജ് പ്രതി ആയത്. സിപിഎമ്മിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജോർജിന്റെ ആക്ഷേപം എന്ന് ജനങ്ങൾ തിരിച്ചറിയും. നേതാക്കളെ രണ്ടു തട്ടിലാക്കി തെറ്റിദ്ധരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിക്കില്ലെന്നും പി.ജയരാജൻ ചൂണ്ടിക്കാട്ടി.
ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നതിന്റെ ഭാഗമായി പി.സി ജോർജ് പി.ജയരാജന്റെ കുടുംബവുമായി അദ്ദേഹത്തിന്റെ കുടുംബത്തെ താരതമ്യപ്പെടുത്തിയത്. 'കമ്യൂണിസത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കുന്ന ആളാണ് പി ജയരാജൻ. പി ജയരാജനും മക്കളുണ്ട്, പിണറായി വിജയനും മക്കളുണ്ട്. രണ്ട് കൂട്ടരും എവിടെയാണ്. യഥാർഥ കമ്മ്യൂണിസ്റ്റായ പി.ജയരാജന്റെ മക്കൾ കട്ട കമ്പനിയിൽ ജോലി ചെയ്തും ഓട്ടോറിക്ഷ ഓടിച്ചുമാണ് ജീവിക്കുന്നത്. പി ജയരാജന്റെ കമ്മ്യൂണിസമാണോ പിണറായിയുടെ കമ്മ്യൂണിസമാണോ ശരിയെന്ന് സിപിഐം പറയണമെന്നായിരുന്നു പി.സി ജോർജ് ആക്ഷേപിച്ചത്. ഇതിനെതിരെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പി.ജയരാജൻ രംഗത്തുവന്നത്.