പാലാ: പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഖജനാവ് കൊള്ളയടിച്ച് സർക്കാർ ധൂർത്ത് നടത്തിയെന്ന് പി.സി. ജോർജ് എംഎ‍ൽഎ. കുറ്റപ്പെടുത്തി. പരിസ്ഥിതിയുടെ പേരിൽ സർക്കാർ വൻതോതിൽ പരസ്യങ്ങൾക്ക് ചെലവഴിച്ചത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിടപ്പാടിയിലെ കടവ് വഴിയോര ഉദ്യാനപരിപാലന സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകപരിസ്ഥിതി ദിനാചരണ പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ മുടക്കിയ തുക പരിസ്ഥിതി സൗഹാർദ്ദ സംഘടനകൾക്കും സ്‌കൂളുകൾക്കുമായി വീതിച്ചു നൽകിയിരുന്നെങ്കിൽ പ്രയോജനപ്പെടുമായിരുന്നു. പരിസ്ഥിതിയുടെ പേരിൽ ഇത്തരത്തിൽ ധൂർത്തു നടത്തിയ ഒരു സർക്കാർ സംവിധാനവും ലോകത്തുണ്ടാവാനിടയില്ല. ഒരു കോടി മരം നടുമെന്നാണ് പ്രഖ്യാപനം. ഇത്തരത്തിൽ പ്രഖ്യാപനം നടത്തി നട്ട മരങ്ങൾ മുഴുവൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കേരളത്തിൽ മരങ്ങൾ നടേണ്ട സാഹചര്യമുണ്ടാകുമായിരുന്നില്ല.

വച്ചു പിടിപ്പിച്ച മരങ്ങൾ സംരക്ഷിക്കാനാണ് നോക്കേണ്ടത്. നട്ടമരങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും സിനിമാ താരങ്ങളും നിർവഹിക്കണം. പരിസ്ഥിതി പ്രവർത്തനങ്ങൾ ദിനാചരണത്തിൽ മാത്രം ഒതുങ്ങരുതെന്നും തുടർച്ചയായ പരിചരണം മരങ്ങൾക്ക് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നാലുവർഷമായി ഈരാറ്റുപേട്ട ഹൈവേയിൽ കൊച്ചിടപ്പാടി ഭാഗത്ത് സംരക്ഷിക്കപ്പെടുന്ന മരങ്ങൾ ഇതിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. രാജു സി. കൃഷ്ണപുരം, സംഘം പ്രസിഡന്റ് ബേബി ആനപ്പാറ, ജോണി തെങ്ങുംപള്ളിൽ, പി.കെ. സുരേഷ്, സാംജി പഴേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.