കോട്ടയം: പിസി ജോർജിന്റെ കേരള ജനപക്ഷത്ത് തുടക്കത്തിലേ പ്രശ്‌നങ്ങൾ. സംഘടനാ ചുമതലയിൽ നിന്ന് ഒഴിയുകയാണെന്ന് പിസിയുടെ അതിവിശ്വസ്തനായ മാലേത്ത് പ്രതാപചന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് സംഘടനയിലെ ഭിന്നത പുറത്തു കൊണ്ടു വരുന്നത്.

കേരള ജനപക്ഷം സംസ്ഥാന നേതൃത്വത്തിൽ നിന്നും വിട പറഞ്ഞു....അതിന് പാർട്ടി നേതൃത്വവും പാർട്ടി ചെയർമാൻ ശ്രീ.പി.സി.ജോർജും നൽകുന്ന ഏതു വിശദീകരണവും സ്വാഗതം ചെയ്യുന്നു......അതിനി രാഷ്ട്രീയ വിശകലന രീതിയുടെ അങ്ങേത്തലക്കണാങ്കിലും നിഷേധിക്കില്ല.......കാരണം അറിയിച്ചിട്ടുണ്ട്....സ്വീകാര്യമല്ലെങ്കിൽ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു....കുറ്റപ്പെടുത്താനില്ല....മൈ ലീഡർ ഈസ് ആൾവെയ്‌സ് മൈ ലീഡർ...-ഇതായിരുന്നു മാലേത്തിന്റെ പോസ്റ്റ്. എന്നാൽ ഇതിന് അപ്പുറത്തേക്കൊന്നും വിശദീകരിക്കാൻ പ്രതാപചന്ദ്രൻ തയ്യാറല്ല. അതിനിടെയാണ് മാലേത്ത് പ്രതാപചന്ദ്രൻ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്ത് പോയത് തീർത്തും സംഘടനാപരമായ ഒരു കാര്യമാണെന്ന വിശദീകരണവുമായി പിസി ജോർജ് ക്യാമ്പും എത്തുന്നത്.

മാലേത്ത് പ്രതാപചന്ദ്രന്റെ നിലപാടുകളോടുള്ള പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായ ഭിന്നതയും പുറത്തേക്ക് നയിച്ചുവെന്ന വിലയിരുത്തലാണ് സജീവം. കഴിഞ്ഞമാസം കേരള ജനപക്ഷ മുന്നണി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഒരു പ്രക്ഷോഭ പരിപാടിയിലെ പ്രതാപചന്ദ്രന്റെ നിലപാടുകളും സംഘടനാ ചുമതലയിൽ നിന്നും പുറത്തേക്കുള്ള വഴിയാവുകയായിരുന്നുവെന്ന് പിസി ജോർജിന്റെ ഷോൺ മറുനാടനോട് പറഞ്ഞു. കഴിഞ്ഞ മാസം ഇരുപതിന് കേന്ദ്ര സംസ്ഥാന സർക്കാരുളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനപക്ഷ മുന്നണി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തിയിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റിന് മുന്നിലുമാണ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചത്.

എല്ലാ ജില്ലകളിലും പരിപാടിക്ക് ശേഷം നൽകേണ്ട പത്രക്കുറിപ്പും അയച്ച് നൽകിയിരുന്നു. എന്നാൽ മാലേത്ത് പ്രതാപചന്ദ്രൻ പാർട്ടി സംസ്ഥാന നേതൃത്വം അയച്ച് കൊടുത്തതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായ പ്രകടനമാണ് നടത്തിയത്. ഇത് നേതൃത്വത്തിന് അവമതിപ്പുണ്ടാക്കുന്നതായിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം നടത്തിയങ്കിലും സംസ്ഥാന സർക്കാരിനെ മാത്രം വിമർശിക്കുന്നതായിരുന്നു മാലേത്ത് പ്രതാപചന്ദ്രന്റെ നിലപാടുകൾ.എല്ലാ പാർട്ടികളോടും ജനപക്ഷത്തിന് ഒരേ സമീപനമാണെന്നിരിക്കെ ഇത്തരത്തിലൊരു നിലപാട് ചോദ്യം ചെയ്യപ്പെടുകയായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ പലപ്പോഴും നിലപാടുകൾ പാർട്ടിക്ക് തിരിച്ചടിയാവുകയും ചെയ്തു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വീണ്ടും അധികാരത്തിലെത്തിയപ്പോൾ മോദിയെ പ്രകീർത്തിക്കുന്ന നിലപാടാണ് പ്രതാപചന്ദ്രൻ സ്വീകരിച്ചത്. ജനരക്ഷത്ത് പിസി ജോർജ് കഴിഞ്ഞാൽ ഏറ്റവുമധികം അറിയപ്പെടുന്നത് മാലേത്ത് പ്രതാപചന്ദ്രനെയാണ്. അങ്ങനെയിരിക്കെ അദ്ദേഹം പറയുന്ന പല വ്യക്തിപരമായ നിലപാടുകളും പാർട്ടിയുടെ അഭിപ്രായപ്രകടനമായി പൊതുസമൂഹം വിലയിരുത്തുകയും കൂടി ചെയ്യുന്നതിൽ പാർട്ടി നേതാവ് പിസി. ജോർജിന് വിയോജിപ്പുമുണ്ട്.

എന്നാൽ ഇത് പാർട്ടിയിൽ നിന്നുള്ള പുറത്താക്കലോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടിയോ അല്ലെന്നും ഔദ്യോഗിക വക്താവ് എന്ന സഥാനത്ത് നിന്നും മാറ്റുക മാത്രമാണ് ചെയ്തതെന്നും പാർട്ടി സംസ്ഥാന നേതാവ് ഷോൺ ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വക്താവ് എന്ന സ്ഥാനത്തിരുന്നുള്ള ചില നിലപാടുകൾ പിസി ജോർജ് എംഎൽഎയുടേതും പാർട്ടിയുടേതുമാണെന്ന രീതിയിലുള്ള വിലയിരുത്തലുകളും പാർട്ടി നേതൃത്വത്തിന് അവമതിപ്പായെന്നും ഷോൺ പറയുന്നു.