തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റു ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ എംഎ‍ൽഎ പി.സി ജോർജ് രംഗത്തെത്തി. ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായി നിൽക്കുന്ന സർക്കാർ തൽക്കാലം പിടിച്ചുനിൽക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു സെൻസേഷണൽ കേസ് മാത്രമാണിതെന്ന് ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. ദിലീപ് അറസ്റ്റിലായ സംഭവം 1994ലെ ചാരക്കേസിന്റെ അവസ്ഥയിലേക്കാണോ പോകുന്നതെന്ന് സംശയിക്കുന്നതായും ജോർജ് പറയുന്നു.

കേസിൽ ഗൂഢാലോചന ഇല്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് മഞ്ജു വാര്യരും മുഖ്യമന്ത്രിയും തമ്മിൽ ചർച്ച നടത്തിയ ശേഷമാണ് ഗൂഢാലോചനയുണ്ടെന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത്. ഇത് എങ്ങനെയാണെന്നു പറയാൻ പിണറായി വിജയൻ ബാധ്യസ്ഥനാണെന്നും പിസി ജോർജ് പറയുന്നു.

ജനങ്ങൾ സർക്കാരിനെക്കൊണ്ട് ഒരു ഗുണവുമില്ലെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇവിടെ അരിയുമില്ല തുണിയുമില്ല. പകർച്ചപ്പനി ബാധിച്ച് ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ശമ്പളമില്ലാതെ നഴ്‌സുമാർ ദിവസങ്ങളായി തെരുവിൽ സമരം ചെയ്യുകയാണ്. അറിയുടെ വില 51 എന്ന റെക്കോഡ് തുകയിലെത്തി. എന്നിട്ടും സർക്കാർ ഇടപെടുന്നില്ല. അപ്പോൾ പിടിച്ച് നിൽക്കാനായി സർക്കാർ കണ്ടെത്തിയ ഒരു മാർഗം മാത്രമാണ് ഈ കേസെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിൽ ഗൂഢാലോചന കേസിൽ ഒരാളെ പിടിച്ച് അകത്തിടുന്നത് എന്ത് മര്യാദയാണെന്നും പിസി ചോദിക്കുന്നു. ഇവിടെ പലരും ഗൂഢാലോചന പുറത്തുകൊണ്ട് വന്നതിന് പൊലീസിനെ അഭിനന്ദിക്കുന്നത് കണ്ടു. അത്ര വലിയ പൊലീസാണെങ്കിൽ ടിപി ചന്ദ്രശേഖരനെ കൊന്നതിലെ ഗൂഢാലോചനക്കാരെ കണ്ടെത്താത്തത് എന്തേയെന്നും പിസി ചോദിക്കുന്നു.

പൊലീസിന്റെ ഇപ്പോഴത്തെ ഉപദേഷ്ടാവായ രമൺ ശ്രീവാസ്തനയായിരുന്നു ചാരക്കേസ് സമയത്ത് ഐജി. പിന്നീട് സിബിഐ അന്വേഷണത്തിൽ നമ്പി നാരായണൻ കുറ്റക്കാരനല്ലെന്നു തെളിഞ്ഞതാണെന്നും പിസി പറയുന്നു. കേരളം കണ്ട ഏറ്റവും വലിയ പൊലീസ് നെറികേടായിരുന്നു ആ കേസ്. അന്ന് പലതും നഷ്ടമായവർക്ക് അതൊന്നും തിരികെ കിട്ടിയിട്ടില്ലെന്നും പിസി ഓർമ്മിപ്പിക്കുന്നു. സമാന ഗതിയാണോ ഈ കേസെന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു.

അതേസമയം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടന് ശിക്ഷ കിട്ടണമെന്നു തന്നെയാണ് തന്റെ നിലപാടെന്നും പിസി ജോർജ് പറയുന്നു. നടനെ കുടുക്കിയതിന് പിന്നിൽ സിനിമ മേഖലയിലെ മറ്റാരെങ്കിലുമാണോയെന്നും മഞ്ജു വാര്യർ മുഖ്യമന്ത്രിയെ കണ്ട് നടത്തിയ ചർച്ചയണോ ഇതിന് കാരണമെന്നും വ്യക്തമാക്കേണ്ടത് അവർ തന്നെയാണെന്നും പിസി ജോർജ് പറയുന്നു.

ദിലീപിനെ കുടുക്കാൻ സിനിമാ മേഖലയിൽ നിന്നുള്ള ആരെങ്കിലും ശ്രമിച്ചതായി കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് അറിയില്ലെന്നും അറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമായിരുന്നു പി.സി ജോർജിന്റെ പ്രതികരണം.