തിരുവനന്തപുരം: നടൻ ദിലീപിന്റെ അറസ്റ്റിനു പിന്നിൽ മൂന്നുപേരുടെ ഗൂഢാലോചനയാണെന്ന് പി.സി.ജോർജ് എംഎൽഎ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എഡിജിപി ബി.സന്ധ്യ, പിന്നെ ഒരു തീയേറ്റർ ഉടമയും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി.സി.ജോർജ്.

നടി ആക്രമിക്കപ്പെട്ട കേസ് പിണറായിക്കെതിരെയുള്ള ആയുധമായി കോടിയേരി ബാലകൃഷ്ണൻ ഉപയോഗിക്കുകയാണെന്നും ജോർജ് ആരോപിച്ചു. സിപിഎമ്മിലെ പുറത്തു വരാത്ത ഗ്രൂപ്പിസത്തിന്റെ ഭാഗമായി പിണറായിക്കെതിരായ കോടിയേരിയുടെ കളിയായിരുന്നു ഇത്. പിണറായിയുടെ പ്രതിച്ഛായ തകർക്കുകയായിരുന്നു കോടിയേരിയുടെ ലക്ഷ്യമെന്നും ജോർജ് പറഞ്ഞു. ചാരക്കേസിൽ നമ്പി നാരായണനെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടി എങ്ങനെ കരുണാകരനെ ഒതുക്കാൻ ശ്രമിച്ചോ അതേ അടവാണ് ഇപ്പോൾ കോടിയേരി പിണറായിക്കെതിരെ പയറ്റുന്നതെന്നും ജോർജ് പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.