തിരുവനന്തപുരം: അതി പ്രമുഖനായ ജനപ്രതിനിധിയും സംസ്ഥാനത്തെ പ്രമുഖ അബ്കാരിനേതാവും തമ്മിൽ ഏറ്റുമുട്ടിയാൽ എങ്ങനിരിക്കും....ഏതൊരു മത്സ്യമാർക്കറ്റും മുട്ടുകുത്തും, ചെവി പൊത്തും. അതാണ് ഇന്നലെ രാത്രി ഒമ്പതുമണിക്കുള്ള മാതൃഭൂമി ചാനലിന്റെ പ്രൈം ടൈം ന്യൂസിൽ അരങ്ങേറിയത്.

ഏറ്റുമുട്ടിയതു സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട ചീഫ് വിപ്പ് പി.സി ജോർജും അടുത്തകാലത്തു വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പ്രമുഖ അബ്കാരി ബിജു രമേശും തമ്മിൽ. പി. സി.യുടെ ഈരാറ്റുപേട്ട ചന്തയെയും ബിജു രമേശിന്റെ തിരുവനന്തപുരം ചാലക്കമ്പോളത്തെയും കടത്തിവെട്ടുന്ന ശബ്ദകോലാഹലമായിരുന്നു കേരളീയരുടെ സ്വീകരണമുറികളിൽ.തന്തയ്ക്കുവിളികളും അസഭ്യവർഷവുമായി ഒരുമണിക്കൂർ നീണ്ടുനിന്ന ചാനൽഭരണിപ്പാട്ടിനൊടുവിൽ തളർന്നുപോവുകയും ചർച്ച പൂർത്തിയാകുംമുമ്പേ ഉണ്ടയിടുകയും ചെയ്തത് അബ്കാരിപ്രമുഖൻ തന്നെ. നമ്മുടെ പി.സിയോടാണോ കളി!

സംസ്ഥാനധനമന്ത്രി കെ എം മാണി ബാറുകാരിൽനിന്നു ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്നു നവംബർ രണ്ടാം തീയതി ബിജു രമേശ് ബാലകൃഷ്ണപിള്ളയോടും പി സി ജോർജിനോടും ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവിട്ടതായിരുന്നു ഇന്നലത്തെ പ്രധാന വാർത്ത. ഇതു സംബന്ധിച്ചു മാതൃഭൂമി ചാനൽ രാത്രി എട്ടിന്റെ വാർത്താപരിപാടിയിൽ ചർച്ചയ്ക്കു കൊണ്ടുവന്നതു സാക്ഷാൽ പി സി ജോർജിനെയും ബിജു രമേശിനെയുംതന്നെ. കൂടാതെ രാജ് മോഹൻ ഉണ്ണിത്താൻ, സണ്ണിക്കുട്ടി ഏബ്രഹാം, പി സി സുനിൽ കുമാർ തുടങ്ങിയവരും. വാർത്താവതാരകൻ വേണു.

ബിജു രമേശ് ഫോണിൽ വിളിച്ചപ്പോൾ പി സി ജോർജ്, ബിജു രമേശിനെ ഒന്നുകാണണമല്ലോ എന്നു പറഞ്ഞതെന്തിനായിരുന്നുവെന്നതാണു ചർച്ചാവിഷയം. തന്റെ പാർട്ടി ചെയർമാനെ കോഴക്കേസിൽ കുടുക്കാൻ ആരൊക്കെയാണു ഗൂഡാലോചന നടത്തുന്നതെന്നു മനസിലാക്കാനും മാണിയെ രക്ഷിക്കാനുമാണു ബിജു രമേശിനോടു കാണണമെന്നാവശ്യപ്പെട്ടതെന്നു ജോർജ്. മാണിക്കിട്ടു ബിജു രമേശിനെ ഉപയോഗിച്ചു കൂടുതൽ പാര പണിയാനാണു തന്നെ ക്ഷണിച്ചതെന്നു പരോക്ഷമായി ബിജു രമേശ്.

കോഴയാരോപണമുന്നയിച്ചതിന്റെ പേരിൽ നേരത്തേ ബിജു രമേശിന്റെ തന്തയ്ക്കു വിളിച്ചിട്ടുള്ള പി. സി ജോർജിനെ ഇത്രയും താഴ്മയോടെ വിളിക്കാനുള്ള പ്രചോദനമെന്തായിരുന്നുവെന്ന അവതാരകന്റെ ചോദ്യം ബിജു രമേശിനിട്ടു കൊണ്ടു. തന്തയുടെ മൂല്യമറിയാത്തവരാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു മറ്റുള്ളവരുടെ തന്തയ്ക്കു വിളിക്കുന്നതെന്നു ബിജു രമേശ്. അതോടെ പി. സി.ജോർജിന്റെ ഭരണിപ്പാട്ടു തുടങ്ങി. നീ വെറുമൊരു കള്ളുഷാപ്പുകാരനല്ലേടാ പരമതെണ്ടീ,തന്തയ്ക്കുപിറക്കായ്ക പറയുന്നോടാ....തുടങ്ങിയ ആക്രോശങ്ങളുമായി ജോർജ് സടകുടഞ്ഞെണീറ്റു. തനിക്കുമില്ലേ ഷാപ്പെന്നു ബിജുവിന്റെ മറുചോദ്യം.ജോർജിനെപ്പോലുള്ള വിലകുറഞ്ഞവരുമായുള്ള ചർച്ചയ്ക്കു താൻ വരില്ലെന്നു പറഞ്ഞതായിരുന്നെന്നായി ബിജു രമേശ്.

അതോടെ പി.സി ജോർജിന്റെ നിയന്ത്രണം പോയി. നിന്നെ ഞാൻ വെറുതേ വിടില്ലെന്നായി ചീഫ് വിപ്പ്. ഭീഷണികൾ, തന്തയ്ക്കു വിളികൾ...രണ്ടു പേരും ഒന്നിനൊന്നു മെച്ചം. ഏതായാലും തർക്കവും ബഹളവും നിയന്ത്രിക്കാനുള്ള അവതാരകന്റെ തത്രപ്പാടിനിടയിൽ പ്രധാനപ്പെട്ട അശ്ലീലപദങ്ങളൊന്നും വ്യക്തമായി കേട്ടില്ലെന്നതു സാംസ്‌കാരികകേരളത്തിന്റെ ഭാഗ്യം.

സ്വന്തം സഹോദരിയുടെ ഐ പി എസുകാരനായ ഭർത്താവിനെ(ഇപ്പോഴത്തെ എഡിജിപി പ്രേംശങ്കർ) നഗരത്തിലെ തെരുവിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയ ഗുണ്ടയാണിവനെന്നും എന്റെയടുത്തു കളിക്കാൻ വന്നാൽ വിവരമറിയുമെന്നും പി. സി.ജോർജ് പറഞ്ഞു. തന്റെ സ്വന്തം നാട്ടിൽ താൻ അതിലും തരം താണവനല്ലേയെന്നു ബിജു രമേശ്.ഭീഷണികളും വെല്ലുവിളികളും പരിധി കടന്നതോടെ ബിജു രമേശ് തളർന്നു പോയി. പക്ഷേ, പി.സി ജോർജിന് ഒരു കുലുക്കവുമുണ്ടായില്ല, നിത്യത്തൊഴിലഭ്യാസം.

എന്നാൽ ശബ്ദരേഖയും ചാനൽതർക്കവും കേട്ടവർക്കു ഒരുകാര്യത്തിൽ സംശയം ഇരട്ടിച്ചതേയുള്ളു- മാണിയെ രക്ഷിക്കാനാണു പി.സി ജോർജ്. ബിജു രമേശിനെ കാണണമെന്നാഗ്രഹിച്ചതെന്നു വിശ്വസിക്കാൻ പ്രയാസം. ഏതായാലും ബിജു രമേശ് ഒരു കാര്യം വ്യക്തമാക്കി, താൻ ജോർജിനെ ഫോണിൽ ബന്ധപ്പെട്ടതിനു ശേഷമാണു ജോർജ് തന്റെ തന്തയ്ക്കു വിളിച്ചത്.. എന്റെ അച്ഛനു വിളിച്ചതായി താനിപ്പോഴാണ് അറിയുന്നത്. മാണി കോഴ വാങ്ങിയെന്നു തെളിയിക്കുന്ന ഫോൺ സംഭാഷണം താൻ ബാങ്കു ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട്.

അതു താൻ വിജിലൻസിനു സമർപ്പിക്കും. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ബിജു രമേശ് പറഞ്ഞു. ഏതായാലും ചർച്ച പൂർത്തിയാകുംമുമ്പേ ബിജു രമേശ് സമയം പോയെന്നു പറഞ്ഞ് ക്ഷീണിതനായി ഇറങ്ങിപ്പോവുകയായിരുന്നു. അപ്പോഴും യാതൊരു തളർച്ചയുമില്ലാതെ പി.സി ജോർജ് ചർച്ച തുടർന്നു.

മാതൃഭൂമി ന്യൂസ് പ്രൈം ടൈമിലെ ജോർജ്ജ്-ബിജു രമേശ് തർക്കം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക