തിരുവനന്തപുരം: തന്നെ സ്തീ വിരുദ്ധനാക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ നിരാശപ്പെടുകയേ ഉള്ളൂവെന്ന് പി.സി.ജോർജ്. ഒളിച്ചുവച്ചും മറച്ചു പിടിച്ചും ഇന്നുവരെ ഞാൻ ജീവിച്ചിട്ടില്ല... ഇനി ജീവിക്കാൻ ഒട്ടും ഉദ്ദേശവുമില്ല. ഞാൻ സഹവസിക്കുന്ന എന്റെ നാട്ടിലെ ജനങ്ങൾ പറയണം നീ പൊതുപ്രവർത്തനം നിർത്താൻ.. ആ നിമിഷം നിർത്തും.. കാരണം ജനങ്ങൾ എന്റെ യജമാനന്മാരും ഞാൻ അവരുടെ ദാസനുമാണ്. ഈ ജന്മം താൻ ഈശ്വരനെയല്ലാതെ ആരെയും പേടിച്ചു ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിമർശകർക്കു മറുപടി നൽകി പി.സി.ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞകാല ചരിത്രം വിസ്മരിക്കാമെന്നും അത് മറ്റുള്ളവരിൽ നിന്നും മറച്ചുപിടിച്ച് സ്വയം പ്രഖ്യാപിത വിശുദ്ധയോ, വിശുദ്ധനോ ആകാമെന്നുള്ള വ്യാമോഹം ഒരു പദവിയിലെത്തുമ്പോൾ സ്വാഭാവികമായി ആർക്കുമുണ്ടാകാം.നാണം കെട്ടുണ്ടാക്കിയ പണം ആ നാണക്കേട് മറച്ചിടുമെന്ന പഴഞ്ചൊല്ല് മറ്റ് വിധത്തിൽ പ്രാവർത്തികമാക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.അത്തരത്തിലൊരു പരിശ്രമമാണ് ഇപ്പോൾ ചിലർ എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ.

കൊച്ചിയിൽ ഒരു സിനിമ നടി ആക്രമിക്കപ്പെട്ടപ്പോൾ അത് ചെയ്തവരേയും,ആരെങ്കിലും ചെയ്യിച്ചതാണെങ്കിൽ അവരെയും, ബ്‌ളേഡിനു ശരീരം വരഞ്ഞ് കാന്താരി മുളക് തേച്ച് അനുഭവിപ്പിച്ചിട്ടേ ജയിൽവാസത്തിനയക്കാവൂ എന്ന അഭിപ്രായമാണ് ഞാൻ പ്രകടിപ്പിച്ചത്. ആ കേസുമായി ഒരു സിനിമ നടനെ ബന്ധിപ്പിച്ചെടുത്ത് അയാളെ തകർക്കാൻ ആസൂത്രിത ഗൂഢാലോചന നടന്നു എന്നു ആ കേസ് അന്വോഷിക്കുന്ന പൊലീസ് രീതികൾകൊണ്ട് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. കാരണം ഹൃദയശുദ്ധിയുള്ളവർ പൊലീസിലുള്ളതു പോലെ ഫൂലൻ ദേവിയെപ്പോലെയുള്ളവരും ആ സേനയിലുണ്ട്. അവർ ഇതിനു മുൻപും നിരപരാധികളുടെ ജീവിതങ്ങൾ തകർത്ത ചരിത്രവുമുണ്ട്.

ഗൂഢാലോചന കേസിൽ ജയിലിൽ കിടക്കുന്ന നടന് ഒരു കാരണവശാലും ജാമ്യം കിട്ടാതിരിക്കുവാൻ പൊലീസ് കോടതിയിൽ കൊടുത്ത വിവരം മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ ആലപ്പുഴയിൽ ഞാൻ നടത്തിയ പ്രതികരണം എന്റെ ചുറ്റുപാടുകളിൽ ഞാൻ കേട്ട സാധാരക്കാരുടെ സംശയമാണ്. ഒരു ബസ്സിൽ വച്ച് അഞ്ചാറു നരാധമന്മാർ ചേർന്ന് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിർഭയക്കുണ്ടൊയതിനെക്കാൾ ക്രൂരമായ പീഡനത്തിനാണ് കൊച്ചിയിൽ ആക്രമിക്കപ്പട്ട നടി ഇരയായത് എന്നാണ് പൊലീസ് കോടതിയിൽ കൊടുത്തതെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്.

ഇങ്ങനെയാണ് പൊലീസ് കോടതിയിൽ കൊടുത്തതെങ്കിൽ സംഭവത്തിനു ശേഷം നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിനു പോയി, എതാശുപത്രിയിലാണ് അവർ ചികിൽസ തേടിയത് എന്ന സംശയമുണ്ടാവില്ലേ... അത് കേസിനെ ദുർബലപ്പെടുത്തില്ലേ എന്നാണ് ജനങ്ങൾ ചോദിക്കുന്നത് ... പൊലീസ് ഈ വക വിവരക്കേടു കാണിക്കാമോ എന്നു ചോദിച്ചാൽ അതെങ്ങനെ ആക്രമിക്കപ്പെട്ട പെൺകുട്ടിയെ അപമാനിക്കലാവും?

അതിനാണ് പി.സി.ജോർജിനെ സ്ത്രീ വിരുദ്ധനാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ചിത്രകാരനായ ഹുസൈന് അവാർഡു കൊടുക്കുവാൻ മന്ത്രിയായിരുന്ന എം.എ.ബേബി തീരുമാനിച്ചു. സീതാദേവിയെ നഗ്നയായി ചിത്രീകരിച്ച് പടം പടച്ച മാന്യനാണ് ഹുസൈൻ. സീതാദേവിയെ തുണിയില്ലാതെ വരച്ചുവച്ച ഹുസൈൻ അവന്റെ സ്വന്തം അമ്മയുടെ പടം തുണിയില്ലാതെ ഒന്നു വരച്ചു വക്കട്ടെ.. എന്നിട്ട് കമ്മ്യൂണിസ്റ്റ് മന്ത്രി അയാൾക്ക് അവാർഡു കൊടുക്കട്ടെ എന്ന് പരസ്യമായി പറഞ്ഞ പി.സി.ജോർജിനെതിരെ അന്നത്തെ വനിതാ കമ്മീഷൻ എന്തേ കേസെടുക്കാഞ്ഞത്?.. അന്ന് ഫെമിനിസ്റ്റുകളാരും അത് കേട്ടില്ലായിരുന്നോ?

ഒളിച്ചുവച്ചും മറച്ചു പിടിച്ചും ഇന്നുവരെ ഞാൻ ജീവിച്ചിട്ടില്ല... ഇനി ജീവിക്കാൻ ഒട്ടു ഉദ്ദേശവുമില്ല. അങ്ങനെ ജീവിച്ചവർക്ക് മറച്ചുവച്ച് ജീവിച്ചതൊക്കെ പുറത്തറിഞ്ഞാൽ പലതും നഷ്ടപ്പെട്ടേക്കും.. പി.സി.ജോർജിനെ സ്തീ വിരുദ്ധനാക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ നിരാശപ്പെടുകയേ ഉള്ളൂ. ഞാൻ ജനങ്ങളിൽ നിന്നകന്നും അവരെ ഒഴിവാക്കിയും മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടിയും ജീവിക്കുന്നവനല്ല.. അതറിയാൻ പാടില്ലാത്ത ഫെമിനിസ്റ്റുകളും സ്ത്രീവാദികളും എന്റെ നാട്ടിൽ വന്ന് ഒന്നന്വോഷിക്ക്.. അവരു പറഞ്ഞു തരും... വണ്ടിക്കൂലി വേണേൽ ഞാൻ തരാം വരുന്നവർക്ക്.

1 സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോ?
2 വഴിപിഴച്ച ക്രിമിനൽ വാസനയുള്ള സ്ത്രീകളും സ്ത്രീകളെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവരും ഇത്തരം നിയമങ്ങളെ സംരക്ഷണ കവചം പോലെ ഉപയോഗിക്കുന്നുണ്ടോ
3 പുരുഷ പീഡനങ്ങൾ നടത്താൻ ഈ നിയമങ്ങളെ ദുർവിനിയോഗിക്കുന്നുണ്ടോ?
4.പണം കടം കൊടുക്കുന്ന ബ്ലേഡ് പലിശ കൊള്ളക്കാർ ഈ നിയമം ഉപയോഗിച്ച് തകർത്ത കുടുംബങ്ങൾ നിരവധിയാണ്. വനിതാ കമ്മീഷൻ ചെയർപേഴ്സണ് ഇക്കാര്യം ചുറ്റുപാടുകളിൽ നിന്നും നേരിട്ട് അറിവുള്ളതായിരിക്കും എന്നെനിക്ക് ഉറപ്പുമുണ്ട്

ഇത്തരത്തിലുള്ള ചർച്ചകൾക്കാണ് വനിതാ കമ്മീഷനും ഫെമിനിസ്റ്റുകളും സമയം കണ്ടെത്തേണ്ടത്. കാരണം പിന്നാലെ വരുന്ന തലമുറകൾക്ക് സംരക്ഷണം നൽകേണ്ട നിയമമാണിത്.അതിന്റെ ദുർവിനിയോഗം ആ നിയമങ്ങളുടെ അന്തസത്ത തകർക്കും. ഇത്തരം കാര്യങ്ങൾ ഇനിയും കേരളത്തിലെ പൊതുസമൂഹത്തിൽ സജീവ ചർച്ചയാക്കും. കേരളം ഏറ്റവും കൂടുതൽ പുരുഷ പീഡനം നടക്കുന്ന സമൂഹമാണ്.

ഇതൊക്കെ പറയുമ്പോൾ പി.സി.ജോർജിനെ സ്ത്രീവിരുദ്ധനാക്കി ചിത്രീകരിച്ച് ലാഭമുണ്ടാക്കാനും ഭൂതകാലവും വർത്തമാനകാല ചെയ്തികളുമെല്ലാം ഒളിച്ചുവയ്ക്കാമെന്നും വ്യാമോഹിച്ച് ആരും ഇറങ്ങിപ്പുറപ്പെടേണ്ട. എന്നെ വീട്ടിലിരുത്തി ജനങ്ങളെ തോൽപ്പിക്കാമെന്ന് വ്യാമോഹിച്ചവരൊക്കെ ഇപ്പോഴും വനിതാ കമ്മീഷൻ ആസ്ഥാനത്തിന്റെ ഒരു വിളിപ്പാടകലെ ഇരിപ്പുണ്ട്.. അവരോടൊക്കെ ഒന്നു ചോദിച്ച് നോക്ക്.. നടക്കുമോ എന്ന്...
ഞാൻ സഹവസിക്കുന്ന എന്റെ നാട്ടിലെ ജനങ്ങൾ പറയണം നീ പൊതുപ്രവർത്തനം നിർത്താൻ.. ആ നിമിഷം നിർത്തും.. കാരണം ജനങ്ങൾ എന്റെ യജമാനന്മാരും ഞാൻ അവരുടെ ദാസനുമാണ്.. എന്റെ രാജ്യത്തിന്റെ ഭരണഘടനയിൽ അതിരറ്റ് അഭിമാനം കൊള്ളുന്ന ഞാൻ നിയമത്തെ ആദരിച്ചും നിയമത്തിന് വിധേയനായുമേ ജീവിക്കൂ...

അതല്ലാതെ ഒരു സ്വയം കൽപ്പിത തമ്പുരാട്ടിയുടേയോ ഏതാനും തമ്പുരാട്ടിമാരുടെയോ തമ്പുരാക്കന്മാരുടേയോ തീട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങി ഈ ജന്മം പി.സി.ജോർജ് ഈശ്വരനെയല്ലാതെ ആരെയും പേടിച്ചു ജീവിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന വിവരം തെറ്റിദ്ധരിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സകലമാനപേരെയും തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഇനി എം.സി.ജോസഫൈനോട്,

പുതുവൈപ്പിൻ അറിയുമല്ലോ ഇല്ലേ...അതോ ഒരു പദവിയിലൊക്കെ എത്തുമ്പോൾ പലരും സ്വന്തം ജീവിതത്തിലെ കഴിഞ്ഞ കാലവും വന്ന വഴികളും ഒക്കെ വിസ്മരിക്കുന്നപോലെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശവും മറന്നോ?ഞാനവിടെ പോയിട്ടുണ്ടായിരുന്നു.ജീവിക്കാൻ വേണ്ടി അവിടുത്തുകാർ ഒരു സമരം നടത്തിയിരുന്നു.അത് പത്രത്തിലൊക്കെ വന്നായിരുന്നു. മാനം മര്യാദയായി അവിടെ ജീവിക്കുന്ന സ്ത്രീകളുടെ അവിടേം ഇവിടേം ഒക്കെ പൊലീസു കുത്തിപ്പിടിച്ച് അപമാനിച്ചതായി എന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ എന്നോട് കരഞ്ഞോണ്ട് പറഞ്ഞായിരുന്നു.ഇപ്പോ വനിതാ കമ്മീഷൻ അദ്ധ്യക്ഷയല്ലേ! അവിടെവരെ ഒന്നു പോകണം... വലിയ ആളായതുകൊണ്ട് പാവപ്പെട്ട പെണ്ണുങ്ങടെ മാനവും അഭിമാനവും അപമാനവുമൊക്കെ ശ്രദ്ധിക്കുമോ ആവോ? വല്ല്യ വല്ല്യ സിനിമാ നടിമാർക്കും, ഫെമിനിസ്റ്റ് കൊച്ചമ്മമാർക്കും മാത്രമല്ല ...പാവപ്പെട്ട സ്ത്രീകൾക്കും ഇപ്പറഞ്ഞതൊക്കെയുണ്ടെന്ന് അവരു പറഞ്ഞു തരും. കാര്യങ്ങളൊക്കെ നന്നായി ഗ്രഹിക്കാനും പഠിപ്പിക്കാനും പാവപ്പെട്ടവരാ ബെസ്റ്റ്... ഭാവി പ്രവർത്തനങ്ങൾക്ക് അത് ഉപകാരപ്പെടുകയും ചെയ്യും..

അപ്പോ പുതുവൈപ്പിൻവരെ ഒന്നു പോകണം.. എന്നിട്ടു വാ.. പി.സി.ജോർജ് വിനയത്തോടെ നിന്നുതരാം കാര്യങ്ങൾ പഠിക്കാൻ..... അല്ലാതെ ചാനലുകളിൽ കയറിയിരുന്ന് ഇളകിയാട്ടം നടത്തുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാർ പറയുന്ന മര്യാദയൊന്നും പഠിക്കാൻ എനിക്കു സൗകര്യവുമില്ല അത് പഠിപ്പിക്കാൻ മിനക്കെട്ട് സമയവും കളയണ്ട.