കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ കത്ത് പുറത്ത് വിട്ട വിമൻ ഇൻ സിനിമാ കളക്ടീവിന് പിസി ജോർജ് എംഎൽഎയുടെ പരിഹാസം. അതിലെ വരികൾ ലക്ഷ്യമിടുന്നത് മുകേഷിനെ ആണോ എന്നാണ് ഉയരുന്ന ചോദ്യം. കുരുക്ഷേത്ര യുദ്ധകാരണം ഉദ്ധരിച്ചാണ് ഉദ്യമം...അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടുവന്നവൻ.. ..അവനാണ് നിന്നെയും ആക്രമിച്ചത്...അവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവൻ തൊട്ടടുത്ത് ഞാനിരിക്കുന്ന സ്ഥലത്ത് ഇരുന്നിട്ടും ഈ മാന്യൻ അത് കണ്ടില്ല. എന്നിട്ടാണ് സംസ്‌കാരസീമ പഠിപ്പിക്കാനുള്ള ശ്രമം. ഇത്തരം പൊള്ളത്തരങ്ങൾ കണ്ണു തുറന്നു കാണുക-എന്ന് പറഞ്ഞാണ് കുറിപ്പ് പിസി അവസാനിപ്പിക്കുന്നത്.

പൾസർ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. മുകേഷ് നിയമസഭാ അംഗവും. തന്റെ അടുത്തിരിക്കുന്നതെന്ന് പിസി ചൂണ്ടിക്കാട്ടുമ്പോൾ അത് സഹ എംഎൽെയാണെന്നാണ് വിമർശനം. അങ്ങനെ ഒന്നും പറാതെ എല്ലാം പറയുകയാണ് പിസി ജോർജ്

പിസി ജോർജിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

സിനിമയിലെ സ്ത്രീ സംഘടനക്ക്

നിങ്ങൾ പ്രസിദ്ധീകരിച്ച തലവാചകങ്ങളോടെയുള്ള കത്ത് കണ്ടു.തലവാചകങ്ങൾക്ക് താഴെയുള്ള കത്ത് അവസാനിക്കുന്ന ഭാഗത്ത് പേരില്ലാത്തതിനാലാണ് കത്ത് പ്രസിദ്ദീകരിച്ച നിങ്ങളെ അഭിസംബോധന ചെയ്ത് ഈ കുറിപ്പ് തുടങ്ങുന്നത്.
കുഞ്ഞുങ്ങളെ,അമ്മമാരെ,

(1)കൊച്ചിയിൽവച്ച് ആക്രമിക്കപ്പെട്ട നിങ്ങളുടെ സഹപ്രവർത്തകയായ നടിക്കു നീതി ലഭിക്കണമെന്നും ആ നടിയോടൊപ്പമാണ് ഞാനെന്നുമുള്ള എന്റെ നിലപാട് വിശദീകരണം ആവശ്യമില്ലാത്തവിധം ശക്തവും ഉറച്ചതുമാണ്.

(2)കൊച്ചിയിൽ ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടിരിക്കുന്ന ദിലീപിന്റെ ജീവിതവും തൊഴിലും തകർക്കാൻ ആസൂ്ര്രതിതമായ ഗൂഢാലോചന നടന്നു എന്ന് ഞാനുയർത്തിയ സംശയത്തിലും പ്രതികരണങ്ങളിലും അണുവിട വ്യത്യാസപ്പെടുത്താതെ ഉറച്ചു നിൽക്കുകയാണെന്ന വിവരം നിങ്ങളെ അറിയിക്കുന്നു.

(3) പൾസർസുനി എന്ന ക്രിമിനലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽവച്ച് ഒരു സിനിമാനടിയെ ആക്രമിച്ചതായുള്ള വാർത്തകൾ പുറത്തുവന്നയുടൻ നടിയെ ആക്രമിച്ചവരെയും ഈ ആക്രമണത്തിനു ആരെങ്കിലും ഇവരെ നിയോഗിച്ചതാണെങ്കിൽ അവരെയും ശരീരം മുഴുവൻ കാന്താരി മുളകരച്ച് തേച്ചുപിടിപ്പിച്ച് അനുഭവിപ്പിച്ചിട്ടേ ജയിൽശിക്ഷക്ക് അയക്കാവു എന്നാണ് ഞാൻ പറഞ്ഞത്.അതിൽ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നും അറിയിക്കട്ടെ.

(4) നടി ആക്രമിക്കപ്പെട്ടതിനുശേഷം കൊച്ചിയിൽ ചേർന്ന പൊതുയോഗത്തിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മലയാള സിനിമയിലെ ഒരു പ്രശസ്ത നടി പ്രഖ്യാപിച്ചിരുന്നു.അവർക്കങ്ങനെ ആരോപിക്കുവാനുള്ള സ്വാതന്ത്യമുണ്ട്.അത് ഗൗരവതരമായി പരിശോധിക്കുകയും വേണം.പക്ഷേ നടി പരാമർശിച്ച ഗൂഢാലോചന നടത്തിയത് സിനിമ നടനായ ദിലീപ് തന്നെയാണെന്നും, കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നു 5 മാസങ്ങൾ പൂർത്തിയായിട്ടും വിശ്വസനീയമായ ഒരു തെളിവുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് ശരിയാണെന്നും പി.സി.ജോർജ് പറഞ്ഞോണ്ടിരുന്നോണം എന്ന് പ്രതീക്ഷിക്കുന്നവരോടെല്ലാം ഞാനൊരു മഠയനല്ലാത്തതു കൊണ്ട് എനിക്കതിനു സൗകര്യമില്ലെന്നു പറഞ്ഞത് നിങ്ങളോടും ആവർത്തിക്കട്ടെ.

(5) ആലപ്പുഴയിൽ ഞാൻ നടത്തിയ വാർത്താ സമ്മേളനത്തിലെ ഒരു ഭാഗം മാത്രം കണ്ട് എന്റെ വാക്കുകളെ വിലയിരുത്താതെ ആ പത്രസമ്മേളനത്തിലെ ദൃശ്യങ്ങൾ മുഴുവനും കണ്ട് ധാരണകളിലെത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു

(5)ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിൽ കിടക്കുന്ന ഒരച്ഛന്റെ മകളും,ഭർത്താവിന്റെ ഭാര്യയും,മകന്റെ അമ്മയും സ്ത്രീകളാണെന്ന യാഥാർത്ഥ്യം മറ്റാരും കണ്ടില്ലെങ്കിലും പി.സി.ജോർജിനു കാണാതിരിക്കാനാവില്ല.അത്തരം നിലപടുകൾ ഞാൻ എന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമാക്കിയതു കൊണ്ടാണ് നിങ്ങളിൽ പലർക്കും വനിതാ കമ്മീഷൻ ചെയർപേഴ്സണും,ഫെമിനിസം പ്രസംഗിക്കുന്ന പലർക്കും അംഗത്വമോ അനുഭാവമോ ഉള്ള രാഷ്ട്രീയ പാർട്ടികളെയും മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി 28000ൽപരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ എന്നെ ജനങ്ങൾ തിരഞ്ഞെടുത്ത് കേരള നിയമസഭയിലെത്തിച്ചതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്ന കാര്യവും അറിയിക്കട്ടെ.

പൾസർ സുനിയുടെയും കൂട്ടാളികളുടെയും ആക്രമണത്തിനു ഇരയായ ആ മകൾക്കുണ്ടായ ദുരനുഭവത്തിലും വേദനയിലും അങ്ങേയറ്റം വേദനിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. ആ മകൾക്ക് നീതി കിട്ടണമെന്ന ഉറച്ച നിലപാടിനൊപ്പം ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നുള്ള പ്രതിബദ്ധതാ പുർണ്ണമായ നിലപാടു കൂടി ഞാൻ ചേർത്തുവച്ചിട്ടുണ്ട്.

(6)ഇപ്പോൾ ജയിലിൽ കിടക്കുന്ന നടൻ ദിലീപാണ് പൾസർ സുനി എന്നെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയതെന്ന് ആക്രമണത്തിനു വിധേയയായ നടി ഒരിടത്തും പറഞ്ഞതായി എനിക്കറിയില്ല.ആ നടി എന്തെങ്കിലും വിധത്തിലുള്ള പരാതി ഈ സംഭവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പറഞ്ഞിരുന്നെങ്കിൽ ഞാനൊരിക്കലും ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന നിലപാടിൽ എത്തില്ലായിരുന്നു.ആക്രമണത്തിനിരയായ നടി ദിലീപിനെതിരെ പരാതി പറയാത്തിടത്തോളം കാലം എന്റെ നിലപാടുകളിൽ ഞാൻ ഉറച്ചു നിൽക്കുമെന്നും അറിയിക്കുന്നു.

പൊലീസ് നടപടികളിൽ വീഴ്ചയുണ്ടാകാൻ പാടില്ല എന്ന ഉറച്ച ആവശ്യം എന്റെ പൊതുപ്രവർത്തനത്തിന്റെ മുഖമുദ്രയായി ഞാൻ കൊണ്ടു നടക്കുന്നതാണ്.പൊലീസ് നടപടിയിലെ വീഴ്ച ചൂണ്ടിക്കാണിക്കുന്ന ആർക്കെതിരെയും ആസൂത്രിതവും വ്യക്തമായ ലക്ഷ്യങ്ങളോടെയുമുള്ള പ്രതിപ്രവർത്തനങ്ങൾ ഉണ്ടാവുക സ്വാഭാവികമായ പ്രവണതയാണ്.അതിനായി സമർത്ഥമായ നീക്കങ്ങൾ നടത്തി പൊലീസ് വീഴ്ചയെ മറച്ചു പിടിക്കേണ്ടതും ജനങ്ങളുടെ ശ്രദ്ധയെ അതിൽനിന്നും തിരിച്ചു വിടേണ്ടതും ആരെക്കാളും ആവശ്യം പൊലീസിലെ ഫൂലൻദേവിമാരുടെയും അവരെ പ്രേരിപ്പിച്ച് തെറ്റുകൾ ചെയ്യിക്കുന്ന ഇന്ദ്രാണിമാരുടെയും അവർക്ക് നിർദ്ദേശങ്ങൾ നൽകി പിന്നിൽ നിൽക്കുന്ന നേതാക്കന്മാരുടെയും ആവശ്യമാണ്.

ജനശ്രദ്ധ പതിയുന്ന ഒരു വിഷയത്തിൽ പൊലീസ് സ്വീകരിക്കുന്ന നടപികളെക്കുറിച്ചുള്ള നിയമപരമായ വിശ്വാസ്യത പൊതുസമൂഹത്തിനു നഷ്ടപ്പെടുമ്പോൾ പൊതുശ്രദ്ധ തിരിയുന്ന അനുബന്ധ വിഷയത്തിലേക്ക് ചർച്ചകളെ വഴി മാറ്റി വിടേണ്ടത് പൊലീസിന്റെയും പൊലീസിന്റെ ചരട് കൈയിലുള്ളവരുടെയും ആവശ്യമാണ്.അത്തരത്തിൽ ഈ കേസിൽ പ്രവർത്തിക്കുകയും ഇടപെടുകയും ചെയ്യുന്നവരുടെ സാമീപ്യവും ബുദ്ധിയും ഉപദേശ നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് ആ മകളു നൽകിയതായി പറഞ്ഞ് നിങ്ങൾ പ്രസിദ്ധീകരിച്ച പരാതിയിലെ വാചകങ്ങളിൽ ഞാൻ കാണുന്നത് എന്റെ സുദീർഘമായ അനുഭവസമ്പത്തു കൊണ്ടാണ്.അതിന് എന്നെ കുറ്റപ്പെടുത്തരുത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കുറ്റം ചുമത്തി ഒരു സിനിമ നടൻ ജയിലിലെത്തിയ കേസിലാണ് ഞാൻ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്.അത് ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചാണെന്നു വരുത്തിത്തീർക്കേണ്ടത് ഒരു നടിക്കു സംഭവിച്ച ദുരന്തത്തെ ചില നിക്ഷിപ്ത താത്പര്യങ്ങളോടെ പ്രയോജനപ്പെടുത്താൻ ഇറങ്ങിത്തിരിച്ചവരുടെ ആവശ്യമാണ്.കാരണംഅവരുടെ അജണ്ടകൾ നടപ്പിലാക്കാൻ അവർ നടത്തിയ പരിശ്രമങ്ങളെല്ലാം പൊളിയുകയാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു.കേരളത്തിലെ പുതിയ ഭരണക്കാരുടെ ഔദാര്യത്തിൽ ഒരു ബ്രാൻഡ് അമ്പാസിഡർ സ്ഥാനമോ, മത്സരിക്കാൻ ഒരു നിയമസഭാ സീറ്റോ ,ഒരു പ്രമോഷനോ ,ഇത്തിരി പണമോ ഒക്കെ പ്രതീക്ഷിച്ച് ഒരു നടനെ നശിപ്പിക്കാൻ പ്രതികാര ദാഹിയായ വടയക്ഷിണിയുടെ മനസ്സുള്ളവർക്കൊപ്പം ചേർന്നവരെല്ലാം നിയമത്തെയും ജനങ്ങളെയും വിശ്വസിപ്പിക്കാൻ കഴിയാതെ പതറുകയാണ്.ഒരു നടന്റെ ജീവിതവും തൊഴിലും നശിപ്പിച്ച് പകവീട്ടാനുള്ള കുതന്ത്രത്തിന് കൂട്ടൂചേർന്നവരുടെയെല്ലാം ആവശ്യം അയാൾക്കെതിരായ ഗൂഢാലോചനാ കേസിൽ ഞാൻ നിശബ്ദനാകണം എന്നാണ്..അതിനാണ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്നുവെന്ന പുതിയ പ്രചാരണം..

ആദ്യം ഇടതുപക്ഷ ഫെമിനിസ്റ്റുകൾ...പിന്നെ സിനിമയിലെ സ്ത്രീ സംഘടന..ശേഷം ഇടതു വനിതകളുടെ സമുന്നത നേതാവ് എം.സി. ജോസഫൈൻ...ഇപ്പോൾ നടിയുടെ കത്തുമായി സംഘടന വീണ്ടും.... വിദേശത്തുവച്ച് മാധ്യമങ്ങളുടെ മുന്നിൽ വച്ചുള്ള ഒരു പൊതുപരിപാടിയിൽ പി.സി.ജോർജിനെ പേരെടുത്തു പറഞ്ഞുള്ള ഒരു പൊട്ടിക്കരച്ചിൽ....ദിലീപിനെ നശിപ്പിക്കാൻ പ്രതികാര നീക്കങ്ങളുമായി പിന്നിൽ നിൽക്കുന്ന ദുഷ്ട മനസ് ആദ്യം പ്‌ളാൻ ചെയ്തത് ഇതാണെന്നാണ് അറിഞ്ഞത്...നിയമപരമായി അത് പ്രശ്നമാകുമെന്ന് കേരളത്തിൽ നിന്ന് ഉപദേശം കടൽ കടന്നതിനാലാണ് ഇപ്പോൾ പുതിയ നമ്പറുകൾ...ഇതുകൊണ്ട് ഞാനൊരു കാലത്തും നെറികേടിന് കുടപിടിക്കുകയോ നിരപരാധിയെ ശക്ഷിക്കണമെന്നോ പറയില്ല.
മകളേ,

സ്വന്തം മകൾക്ക് നീതി ലഭിക്കണമെന്ന് അതിരറ്റ് ആഗ്രഹിക്കുന്ന ഒരു പിതാവിന്റെ മനസ്സോടെ ഞാൻ നിനക്കൊപ്പമാണ്.ഇൻഡൻ ഭരണഘടനയും നിയമസംവിധാനവും ശക്തമാണ് നീ അതിൽ വിശ്വസിക്കുക.നിനക്ക് നീതി ലഭിക്കുക തന്നെ ചെയ്യും

ഒപ്പം, നിനക്ക് നേരിട്ട ദുരനുഭവങ്ങളെ കഴുകന്റെ മനസ്സുള്ളവർ സ്വാർത്ഥലാഭത്തിനും പ്രതികാരത്തിനും വേണ്ടി ദുർവിനിയോഗം ചെയ്യാതിരിക്കുവാൻ കണ്ണും കാതും മനസ്സും തുറന്നിട്ട് ജാഗ്രത പുലർത്തുക.ഒപ്പം,ആർക്കെങ്കിലും ആരോടെങ്കിലുമുള്ള പകയും വ്യക്തിവിരോധവും തീർക്കാനുള്ള കുതന്ത്രങ്ങളുടെ ഇരയായിക്കൂടി നീന്നെ മാറ്റാതിരിക്കാൻ സർവ്വേശരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
കുഞ്ഞേ കണ്ണു തുറന്നു കാണുക..ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയെന്തെന്നറിയാതെ ഇപ്പോഴും ഒരു മൂന്നാംകിട യുവജന രാഷ്ട്രീയക്കാരന്റെ മനസുള്ളവരും പി.സി.ജോർജിനെ സംസ്‌കാരം പഠിപ്പിക്കുവാൻ കുറിപ്പുമായി ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കുരുക്ഷേത്ര യുദ്ധകാരണം ഉദ്ധരിച്ചാണ് ഉദ്യമം...അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടുവന്നവൻ.. ..അവനാണ് നിന്നെയും ആക്രമിച്ചത്...അവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവൻ തൊട്ടടുത്ത് ഞാനിരിക്കുന്ന സ്ഥലത്ത് ഇരുന്നിട്ടും ഈ മാന്യൻ അത് കണ്ടില്ല. എന്നിട്ടാണ് സംസ്‌കാരസീമ പഠിപ്പിക്കാനുള്ള ശ്രമം. ഇത്തരം പൊള്ളത്തരങ്ങൾ കണ്ണു തുറന്നു കാണുക.. സഹായിക്കാൻ ശ്രമിക്കുന്നവരെയും, പി.സി.ജോർജിനെയും ശരിയായി വിലയിരുത്തുക...
അതിന് ദൈവം അനുഗ്രഹിക്കട്ടെ.