- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസലാമു അലൈയ്ക്കും പറഞ്ഞ് തുടക്കം; പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറഞ്ഞവരോട് തനിക്കു ഒറ്റ വാപ്പയെ ഉള്ളൂ എന്ന് മറുപടി പറഞ്ഞെന്നു കേട്ടപ്പോൾ നിലക്കാത്ത കയ്യടി; കേന്ദ്രം നിരോധിച്ചാലും പിസിയുടെ ജനപക്ഷമായി ഇവിടെ തന്നെയുണ്ടാകുമെന്നു ഉറപ്പാക്കിയുള്ള മാസ്സ് ഡയലോഗുമായി പോപ്പുലർ ഫ്രണ്ട് ജാഥയിൽ പിസി ജോർജിന്റെ രംഗ പ്രവേശം; ജനരോഷം ഭയന്ന് കെ മുരളീധരൻ അവസാന നിമിഷം വിട്ടു നിന്നപ്പോൾ ലക്ഷങ്ങൾ പങ്കെടുത്ത ജാഥയിൽ താരമായത് പിസി ജോർജ്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധന ഭീതിയിലാണ്. കേന്ദ്ര സർക്കാർ ഏതു നിമിഷവും ഭീകര സംഘടനയുടെ ലിസ്റ്റിൽ പെടുത്തി നിരോധിച്ചേക്കും. അതുകൊണ്ടു തന്നെയാണ് തിരുവനന്തപുരം നഗരം കണ്ട ഏറ്റവും വലിയ ജാഥയുമായി സംഘടന രംഗത്ത് വന്നത്. കേരളത്തിൽ നിന്നെല്ലായിടത്തുമായി ഒഴുകി എത്തിയ മൂന്നു ലക്ഷത്തിൽ അധികം പേര് പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് ജാഥയിൽ പക്ഷെ താരമായത് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് ആയിരുന്നു. കേന്ദ്രം നിരോധിച്ചാലും പിസി ജോർജിന്റെ സ്വന്തം സംഘടനയായ ജനപക്ഷത്തിന്റെ ലേബലിൽ പോപ്പുലർ ഫ്രണ്ട് ഇവിടെ തന്നെ ഉണ്ടാവും എന്ന സന്ദേശമായിരുന്നു ജോർജിന്റെ സാന്നിധ്യം. അസലാമു അലൈയ്ക്കും പറഞ്ഞ് കൊണ്ടുള്ള പിസിയുടെ ആമുഖ പ്രസംഗം വലിയ കൈയടിയോടേയും ആരവത്തോടെയുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്വീകരിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾക്ക് പോലും ലഭിക്കാതെ സ്വീകരണം ആണ് ജോർജിന്റെ ഓരോ വാക്കുകൾക്കും ലഭിച്ചത്. വളരെ കരുതലോടെ വാക്കുകൾ പെറുക്കിയെടുത്താണ് ജോർജ് സംസാരിച്ചതെങ്കിലും വീണു കിട്ടിയ ചില വാക്കുകൾ വനിതകൾ അടങ്ങിയ പോപ്പുലർ ഫ്രണ്ട് പ്ര
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധന ഭീതിയിലാണ്. കേന്ദ്ര സർക്കാർ ഏതു നിമിഷവും ഭീകര സംഘടനയുടെ ലിസ്റ്റിൽ പെടുത്തി നിരോധിച്ചേക്കും. അതുകൊണ്ടു തന്നെയാണ് തിരുവനന്തപുരം നഗരം കണ്ട ഏറ്റവും വലിയ ജാഥയുമായി സംഘടന രംഗത്ത് വന്നത്. കേരളത്തിൽ നിന്നെല്ലായിടത്തുമായി ഒഴുകി എത്തിയ മൂന്നു ലക്ഷത്തിൽ അധികം പേര് പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് ജാഥയിൽ പക്ഷെ താരമായത് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് ആയിരുന്നു. കേന്ദ്രം നിരോധിച്ചാലും പിസി ജോർജിന്റെ സ്വന്തം സംഘടനയായ ജനപക്ഷത്തിന്റെ ലേബലിൽ പോപ്പുലർ ഫ്രണ്ട് ഇവിടെ തന്നെ ഉണ്ടാവും എന്ന സന്ദേശമായിരുന്നു ജോർജിന്റെ സാന്നിധ്യം.
അസലാമു അലൈയ്ക്കും പറഞ്ഞ് കൊണ്ടുള്ള പിസിയുടെ ആമുഖ പ്രസംഗം വലിയ കൈയടിയോടേയും ആരവത്തോടെയുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്വീകരിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾക്ക് പോലും ലഭിക്കാതെ സ്വീകരണം ആണ് ജോർജിന്റെ ഓരോ വാക്കുകൾക്കും ലഭിച്ചത്. വളരെ കരുതലോടെ വാക്കുകൾ പെറുക്കിയെടുത്താണ് ജോർജ് സംസാരിച്ചതെങ്കിലും വീണു കിട്ടിയ ചില വാക്കുകൾ വനിതകൾ അടങ്ങിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആവേശമായി മാറുക ആയിരുന്നു. കെ മുരളീധരൻ എംഎൽഎ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഉയർന്ന പ്രതിഷേധത്തെ തുടർന്ന് വിട്ടു നിന്ന ചടങ്ങിൽ താരമായത് ജോർജ് തന്നെയായിരുന്നു. മുരളീധരന്റെ ഫേസ് ബുക്കിൽ ഇന്നലെ അനേകായിരം പേരെത്തി നടത്തിയ പൊങ്കാലയാണ് പിന്മാറ്റത്തിന് കാരണമായത്.
പോപ്പുലർ ഫ്രണ്ടിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് ഇന്ന് ഈ സമ്മേളനത്തിൽ പങ്കെടുത്ത ലക്ഷകണക്കിന് വരുന്ന അണികൾ നൽകിയതെന്നും പിസി പറഞ്ഞു. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് ആവശ്യത്തിന് മറുപടി നേതൃത്വം നൽകികഴിഞ്#ുവെന്നും പിസി ജോർജ് പറഞ്ഞു.പോപ്പുലർ ഫണ്ട്, എസ്ഡിപിഐ എന്നിവരുമായുള്ള തന്റെ ദീർഘകാലത്തെ ബന്ധം പിസി എടുത്ത് പറഞ്ഞു. ഇവിടെ ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന് തന്നോട് പലരും ഫോണിലൂടെയും നേരിട്ടും പറഞ്ഞുവെന്നും എന്നാൽ അവർക്ക് താൻ നൽകിയ മറുപടി തനിക്ക് ഒറ്റ വാപ്പയേ ഉള്ളുവെന്നാണ് എന്നും വരാമെന്ന് പറഞ്ഞാൽ പിസി വന്നിരിക്കുമെന്നുമുള്ള മാസ് ഡയലോഗിൽ വേദിയിലുണ്ടായിരുന്നവരും ജാഥയിലെത്തിയവരും വലിയ കൈയടി നൽകി.
സമ്മേളനം വലിയ വിജയമായിരുന്നുവെന്നും പൊലീസിന്റേയും മറ്റ് അധികാരികളുടേയും ഭാഗത്ത് നിന്നും ഇത് അലങ്കോലമാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും ജോർജ് പറഞ്ഞു. വെള്ളയംമ്പലം ജംങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ വലിയ രീതിയിൽ ജന ജീവിതത്തെ ബാധിച്ചുവെന്ന പ്രചരണം തള്ളിക്കളയുന്നുവെന്നും പിസി പറഞ്ഞു. ലക്ഷങ്ങൾ പങ്കെടുത്ത ജാഥയിൽ ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് താൻ എംഎൽഎ ഹോസ്റ്റലിൽ നി്ന്നും ഇവിടെ സമ്മേളന വേദിയായ പുത്തരികണ്ടം മൈദാനത്തിലെത്തിയതെന്നും ജോർജ് ചൂണ്ടിക്കാട്ടി.
മാന്യതയില്ലാതെയാണ് ചില പൊലീസുകാർ ജാഥയിലെ അംഗങ്ങളോട് പെരുമാറിയത്. ഈ കഷ്ടതകളൊക്കെ സഹിച്ച് ഇവിടെ എത്തിയ സ്ത്രീകൾ ഇന്ന് കൂടുതൽ ശക്തരാണെന്നും ഇനി ഒരിക്കലും പോപ്പുലർ ഫണ്ടിനെ വിട്ട് പോകാൻ കഴിയാത്ത ആവേശം അവർക്ക് ലഭിച്ചുവെന്നും പിസി കൂട്ടിച്ചേർത്തു. 1969 മുതൽ തലസ്ഥാനത്ത് സജീവമായുള്ളയാളാണ് താനെന്നും ഇത്രയും ജനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പരിപാടിക്ക് പങ്കെടുക്കുന്നത് താൻ കണ്ടിട്ടില്ലെന്നും പിസി പറഞ്ഞു.ജാഥയെ ബുദ്ദിമുട്ടിക്കാൻ ശ്രമിച്ച പിണറായിയുടെ ചില വൃത്തികെട്ട പൊലീസുകാർ ഈ ഊളത്തരം ഇനിയും കാണിച്ച് പ്രസ്ഥാനത്തെ കൂടുതൽ വളർത്തണമെന്നും പിസി പരിഹസിച്ചു
ഈ സമ്മേളനം റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോടായിരുന്നു പിസിയുടെ അടുത്ത വാക്കുകൾ. തിരുവനന്തപുരത്തെ ഈ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ എല്ലാ മാധ്യമപ്രവർത്തകരേയും തനിക്ക് നേരിട്ട് അറിയാവുന്നവരാണെന്നും അതുകൊണ്ട് തന്നെ ഈ പരിപാടി റിപ്പോർട് ചെയ്ത് ഇതിന്റെ വാർത്തകൾ നൽകാൻ മനസ്സ് കാണിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. മാധ്യമ മുതലാളിമാരും അത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തും ദേശീയ തലത്തിലും പോപ്പുലർ ഫ്രണ്ടിനെ അപഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സർക്കാരുകളുടെ നയത്തേയും പിസി ജോർജ് വിമർശിച്ചു. നരേന്ദ്ര മോദിയുടേത് ഹിന്ദുത്വ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പിസി പറഞ്ഞു. കുറ്റ കൃത്യങ്ങളും കൊലപാതകവും ദേശ വിരുദ്ധ പ്രവർത്തനവും നടത്തിവരുന്നവരെന്ന് സി.പി.എം ആരോപിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിൽ ഒന്നാമതുള്ളത് സി.പി.എം ആണെന്നും പാർട്ടിക്കും സർക്കാരിനും നേതൃത്വം നൽകുന്ന പിണറായി ആദ്യം അതാണ് അവസാനിപ്പിക്കേണ്ടതെന്നും എന്നിട്ടാണ് മറ്റുള്ളവരുടെ മേൽ കുതിര കയറേണ്ടതെന്നും പിസി കൂട്ടിചേർത്തു. ഇന്ന് കേരളം ഭരിക്കാൻ ഏറ്റവും യോഗ്യനായ പിണറായി അത് ചെയ്ത് കാണിക്കണമെന്നും പറഞ്ഞാണ് പിസി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
പൂഞ്ഞാറിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച പിസി ജോർജിന്റെ ഏറ്റവും സമർത്ഥമായ രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നായി ആണ് ഇത് വിലയിരുത്തപ്പെടുന്നത്. എസ്ഡിപിഐയുമായി ചേർന്നാണ് പൂഞ്ഞാറിൽ ജോർജിന്റെ പാർട്ടി പ്രവർത്തിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയിൽ ഇരു പാർട്ടികളും തമ്മിൽ സഖ്യത്തിലാണ്. ഈ വരുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സംസ്ഥാന വ്യപകമായിട്ടും പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐകളുമായി ചേർന്ന് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് പിസിയുടെ ജനപക്ഷം. അതിനുള്ള തുടക്കമായി മാറ്റുക ആയിരുന്നു ഇന്നത്തെ സമ്മേളനം.
പൊതു സമ്മേളനത്തിന് മണിക്കൂറുകൾ മുമ്പ് വേദി നിറച്ച് സ്ത്രീകളും കുട്ടികളും
എതിർശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരേ, 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനവും ബഹുജനറാലിയും തിരുവനന്തപുരത്ത് നടന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നുവെന്നാണ് റിപ്പോർട്ട്, അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ ശക്തിപ്രകടനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്. തിരുവനന്തപുരത്താണ് സമ്മേളനമെങ്കിലും കേരളമാകെ ശക്തികാട്ടുകയാണ് പോപ്പുലർ ഫ്രണ്ട്. വെള്ളയമ്പലം ജംങ്ഷനിൽ നിന്നും വൈകുന്നേരം മൂന്ന് മണിക്കാണ് ബഹുജന റാലി ആരംഭിച്ചത്. എന്നാൽ റാലി തുടങ്ങിയപ്പോൾ തന്നെ ആയിര കണക്കിന് പ്രവർത്തകർ സമ്മേളനം നടന്ന വേദിയിലെത്തിയിരുന്നു. കുടുംബ സമേതം സ്ത്രീകളും കുട്ടികളും സമ്മേളന നഗരിയിലേക്കെത്തിയത് പോപ്പുലർ ഫ്രണ്ടിന് വലിയ ആവേശമാണ് സമ്മാനിച്ചത്.
സമ്മേളനത്തിലെത്തിയവർക്കായി എല്ലാ സൗകര്യങ്ങളുമെത്തിക്കുന്നതിന് നൂറ് കണക്കിന് വളന്റിയർമാരെയാണ് ക്രമീകരിച്ചിരുന്നത്. സ്ത്രീകളും കുട്ടികളും വയോജനങ്ങളും എത്തുന്നതുകൊണ്ട് തന്നെ വൈദ്യ സഹായത്തിനും മറ്റ് അത്യാവശ്യങ്ങൾക്കും ക്രമീകരണമുണ്ടായിരുന്നു. നിരവധി ആംബുലൻസുകളാണ് ജാഥ നടക്കു്നന സ്ഥലം മുതൽ സമ്മേളന നഗരി വരെ സർവ്വീസ് നടത്തിയത്. കനത്ത വെയിലിലും ചൂടിലും ഉച്ച മുതൽ എത്തിയവർക്ക് വിശ്രമിക്കാനായി മേൽക്കൂരയുള്ള ഷെഡും, കുടിവെള്ളവും സജ്ജീകരിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റുമായി പ്രത്യേകം വളന്റിയർമാരെ ക്രമീകരിച്ചിരുന്നു.
ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് ഉദ്ഘാടന പ്രസംഗം.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നുവെന്നാണ് റിപ്പോർട്ട്, അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ ശക്തിപ്രകടനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്.നിയമവിരുദ്ധപ്രവർത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയിൽപ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽ ആലോചന നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭഞങ്ങൾക്കുംഭ പറയാനുണ്ടെന്ന് മുദ്രാവാക്യമുയർത്തി പരിപാടി സംഘടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ. അബുബക്കറാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
അള്ളാഹുവിന്റെ നാമത്തിൽ ഉദ്ഘാടനം ചെയ്യുന്നുവെന്ന് പറഞ്ഞ് ആരംഭിച്ച പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനേയും സംഘപരിവാർ അജണ്ഡയേയും വിമർശിച്ചും തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്കുമാണ് മറുപടി നൽകിയത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ കയറി വന്ന് തങ്ങളെ മര്യാദ പഠിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആമുഖമായി അബുബക്കർ പറഞ്ഞത്. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ ആർഎസ്എസ് തന്നെയാണ് ഇന്ന് മറ്രുള്ളവരോട് രാജ്യത്തോട് നിങ്ങൾക്ക് കൂറുണ്ടോ എന്ന് ചോദിക്കുന്നത് വിരോദാഭാസമാണെന്നും അബുബക്കർ പറഞ്ഞു.
കേരളത്തിൽ ആർഎസ്എസിന് സഹായകരമാകുന്ന ചില നടപടികൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നും അവർ ആരോപിച്ചു.തിരൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിപട്ടികയിലുള്ളയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്ത് എന്ത് ഉദാഹരണമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്നും അബുബക്കർ ചോദിക്കുന്നു.ബിജെപിക്കാർ പട്ടാളത്തെ സ്നേഹിക്കണമെന്ന് പറയു്നനു. ആദ്യം അവർ പട്ടാളക്കാർക്ക് വേണ്ടത് ചെയ്തുകൊടുക്കട്ടയെന്നും പിന്നെ ഈ പ്രസംഗിക്കുന്ന ഒരു ബിജെപി നേതാവിന്റെ മക്കളും പട്ടാളത്തിൽ ഇല്ലെന്നും അഭിപ്രായപ്പെട്ടു.
ബിജെപി ഇപ്പോൾ നടത്തുന്ന ജന രക്ഷ യാത്രയെയും കണക്കിന് പരിഹസിക്കുന്നതായിരുന്നു ഉദ്ഘാടന പ്രസംഗം. ജാഥ വിലാപയാത്രയായി മാറിയത് ഇപ്പോൾ കേരളം കണ്ടുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.ഈ രാജ്യത്ത് എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും തീരുമാനിക്കുന്ന ഫാസിസ്റ്റ് നിലപാടുകളോട് സന്ധിയില്ലെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
സമ്മേളനത്തിൽ പങ്കെടുക്കാതെ കെ മുരളീധരൻ
പി.സി ജോർജ് എംഎൽയ്ക്ക് ഒപ്പം തന്നെ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മറ്റൊരു ജനപ്രതിനിധിയായിരുന്നു യുഡിഎഫിന്റെ കെ. മുരളീധരൻ. സമ്മേളനത്തിന് മുന്നോടിയായുള്ള അനൗൺസ്മെന്റ് വാഹനത്തിലെല്ലാം തന്നെ ആശംസയറിയിച്ച് വട്ടിയൂർക്കാവ് എംഎൽഎ സംസാരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പൊതു സമ്മേളത്തിന് മുൻ കെപിസിസി പ്രസിഡന്റ് എത്തിയില്ല. പൊതു സമ്മേളനം ആരംഭിച്ച ശേഷം പിന്നീട് സ്വാഗത പ്രസംഗത്തിലും മുരളീധരന്റെ പേര് പരാമർശിച്ചില്ല. പരിപാടിയുടെ അജണ്ഡയിൽ മാധ്യമങ്ങൾക്ക് നൽകിയ പകർപ്പിലും മുരളീധരന്റെ പേര് ഇല്ലായിരുന്നു. അവസാന നിമിഷം ആരോപണങ്ങളെ ഭയന്ന് മുരളീധരൻ പിന്മാറിയെന്നാണ് വിവരം.