കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവുമായ പി.സി.ജോർജ്. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാർട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും ജോർജ് വ്യക്തമാക്കി.സോണിയ ഗാന്ധിയുമായി പി.സി.ജോർജ് കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ എത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ബിജെപി അംഗം ഒ.രാജഗോപാലിനൊപ്പം നിയമസഭയിൽ കറുപ്പണിഞ്ഞ് ജോർജ് എത്തിയത് വാർത്തയായിരുന്നു. ശബരിമല വിഷയത്തിൽ ബിജെപി നിലപാടിനൊപ്പമാണ് താനെന്നും രാജഗോപാലിനെയും തന്നെയും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പൂഞ്ഞാറിലെ ചില പഞ്ചായത്തുകളിൽ് ഇടത്പക്ഷവുമായുള്ള ബന്ധം ഉൾപ്പടെ അവസാനിപ്പിച്ച് ബിജെപിയുമായി സഹകരിക്കുന്നതിലും കാര്യങ്ങൾ എത്തിയിരുന്നുയ അതോടൊപ്പം തന്നെ ശബരിമല വിഷയത്തിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിച്ചതിന് പിന്നാലെ ബിജെപിയെ പുകഴ്‌ത്തിയും ജോർജ് രംഗത്ത് വന്നിരുന്നു. രാജ്യം ഭരിക്കുന്ന പാർട്ടിയായ അവരെ എങ്ങനെ ഒഴിച്ച് നിർത്തും എന്നും അദ്ദേഹം ചോദിച്ചിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ വന്ന ഒരുപാർട്ടിയെ അയിത്തം കൽപ്പിച്ച് നിർത്തുക എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ നിലപാടിൽ നിന്നെല്ലാം പിസി പിന്നോട്ട പോകുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത്.

മുൻപ് ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കാര്യങ്ങൾ പോസിറ്റീവ് ആണെന്ന് മറുനാടൻ മലയാളിയോട് അദ്ദേഹം പ്രതികരിച്ചിരുന്നു. മതേതരത്വം അവരുടെ നിലപാടിലോ പ്രവർത്തനവത്തിലോ ഇല്ലെന്നും അങ്ങനെയൊരു സമ്പ്രദായം അവരുടെ നിഘണ്ടുവിൽ പോലും ഇല്ലെന്ന മലക്കം മറിഞ്ഞുള്ള പ്രസ്താവനയാണ് ഇന്ന് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.എന്നാൽ യുഡിഎഫുമായി സഹകരിക്കുമെന്നും മുന്നണിയുടെ ഭാഗമാകുമെന്നും ജോർജ് പറയുമ്പോഴും ഇതിന് ഇനിയും കടമ്പകൾ ഏറെയാണ്. ജോർജിന്റെ മുഖ്യ ശത്രുവായ കെഎം മാണി ജോർജിന്റെ മുന്നമി പ്രവേശത്തോട് യോജിക്കില്ലെന്നാണ് സൂചന.കഴിഞ്ഞ മന്ത്രിസഭയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പലപ്പോഴംു പ്രചിരോധത്തിലാക്കുന്ന നടപടിയാണ് പിസി സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി ഇൗ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.

ശബരിമല വിഷയത്തിലൂടെ വിശ്വാസികളുടെ പ്രിയങ്കരനായ ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജിനെ എൻഡിഎയിൽ എത്തിക്കാൻ ബിജെപി നീക്കം സജീവമായിരുന്നു. പി.സി.ജോർജിന്റെ മകനും ജനപക്ഷ നേതാവുമായ ഷോൺ ജോർജ് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും ഏറെയായിരുന്നു. ഇതിനായുള്ള ബിജെപി നീക്കങ്ങൾ ഏറെക്കുറെ വിജയത്തിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന. ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കിയാൽ തന്റെ സ്വന്തം പാർട്ടിയായ ജനപക്ഷത്തെ എൻഡിഎയിലെ ഘടകക്ഷിയാക്കി മാറ്റാൻ ജോർജ് സമ്മതം മൂളുമെന്നാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്.

ജനപക്ഷത്തെ എൻഡിഎ ഘടകക്ഷിയാക്കുന്നതിനെതിരെ ജോർജിന്റെ സ്വന്തം തട്ടകങ്ങളിൽ എതിർപ്പ് ശക്തമായിരുന്നു്. ജോർജിന്റെ ഈ നീക്കത്തിന്നെതിരെ പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും പാലായിലുമെല്ലാം പ്രതിഷേധം ഉയർന്നിരുന്നു.ജനപക്ഷത്തെ എൻഡിഎ ഘടകക്ഷിയാക്കുന്നതിന്നെതിരെയാണ് എതിർപ്പ് ജോർജിന് മുന്നിൽ ഉയർന്നത് ഇതിന്റെ ഭാഗമാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീ പീഡനക്കേസിൽ പ്രതിയായപ്പോൾ ജോർജ് സ്വീകരിച്ച ബിഷപ്പ് അനുകൂല നിലപാട് ജോർജിന് സ്വന്തം തട്ടകത്തിൽ വെല്ലുവിളിയായിരുന്നു. അന്ന് കൃസ്ത്യൻ കുടുംബങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധമാണ് ജോർജിന് നേരിടേണ്ടി വരുന്നത്.