കോട്ടയം: ബിജെപിക്കൊപ്പം പ്രവർത്തിക്കുന്നതിൽ എന്താണ് തെറ്റെന്നും മൂന്ന് വർഷമായി തനിക്കും നിയമസഭയിലെ ഏക ബിജെപി അംഗം ഒ.രാജഗോപാലിനും ഒരേ പരിഗണനയാണ് കിട്ടുന്നതെന്നും പി.സി.ജോർജ്. നിയമസഭയിൽ തങ്ങൾക്ക് സംസാരിക്കാൻ കിട്ടുന്ന സമയം പരസ്പരം പങ്കുവെക്കാറുണ്ട്. മറ്റുള്ളവരാരും എനിക്ക് സമയം തരാറില്ല. എനിക്ക് സംസാരിക്കാൻ സമയം തരുന്ന ഒ.രാജഗോപാലുമായി കൂട്ടുകൂടാനാണ് തീരുമാനം. രാജഗോപാലിനൊപ്പം നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആലോചന.ജോർജിന്റെ പാർട്ടിയായ കേരളാ ജനപക്ഷം എൻഡിഎയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുമായി നടത്തിയ കൂടിക്കാഴ്ച ശേഷമാണ് ജോർജ് പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ശബരിമല വിഷയത്തിൽ ഭക്തരുടെ താത്പര്യത്തിനൊപ്പം നിന്നത് ബിജെപി മാത്രമാണ്. റോഡിലൂടെ തുണിയില്ലാതെ നടക്കുന്ന ചിലരെയൊക്കെ പൊലീസ് അവിടെ കയറ്റാൻ ശ്രമിച്ചപ്പോൾ തടയാൻ ബിജെപിക്കാരെ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസുകാർ നാടുനീളം പ്രസംഗിച്ച് നടക്കുകയായിരുന്നുവെന്നും ജോർജ് ആരോപിച്ചു.പി.സി. ജോർജിന്റെ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബിജെപിയുമായി നിയമസഭയിലും സഹകരിക്കാൻ ധാരണയായത്.

യുഡിഎഫിലേക്ക് വരുന്നതിന് ചർച്ച നടത്താമെന്ന് ഇടയ്ക്ക് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തെ വിളിച്ചപ്പോൾ കെ.എം.മാണിക്ക് എതിർപ്പുണ്ടെന്നാണ് പറഞ്ഞത്. അല്ലെങ്കിലും മാണിയുടെ ഔദാര്യത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ തന്നെ കിട്ടില്ല. ശബരിമലയെ തകർക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ഗൂഢനീക്കം ഇതിന് പിന്നിലുണ്ട്. ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. സഹകരിച്ച് പ്രവർത്തിച്ചാലും എല്ലാ വിഷയത്തിലും ബിജെപിക്കൊപ്പമുണ്ടാകുമോ എന്ന ചോദ്യത്തോട് ജോർജ് വ്യക്തമായി പ്രതികരിച്ചില്ല.