തിരുവനന്തപുരം: ഈരാറ്റുപേട്ടയിൽ വച്ച് പി സി ജോർജ്ജ് സംഘടിപ്പ ചടങ്ങിലെ വേദിയിലേക്ക് കയറി നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി പിതാവിനെ ചുംബിച്ച് മടങ്ങിയത് ഏറെ വാർത്താപ്രാധാന്യം നേടിയ വാർത്തയാണ്. പിതാവിനെ കാണാൻ അനുവദിക്കാത്തതിനെ തുടർന്നാണ് താൻ വേദിയിൽ കയറിയത് എന്ന് പിന്നീട് ശ്രീലക്ഷ്മി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ശ്രീലക്ഷ്മിയുടെ നടപടിയെ വിമർശിച്ച് പാർവതി ഷോൺ രംഗത്തെത്തുകയും ചെയ്തു. എന്നാൽ, വേദിയിൽ ഉണ്ടായിരുന്ന പി സി ജോർജ്ജ് ഈ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖ പരിപാടിയായ പോയിന്റ് ബ്ലാങ്കിൽ ജിമ്മി ജോർജ്ജിനോടാണ് ജോർജ്ജ് മനസുതുറന്നത്.

വേദിയിൽ ഓടിക്കയറിയ പെൺകുട്ടി ആരാധികയായ ഏതോ ഒരു മുസ്ലിം പെൺകുട്ടി ആണെന്നാണ് കരുതിയയാണ് താൻ പിടിച്ചുമാറ്റാൻ ശ്രമിച്ചതെന്നാണ് പി സി ജോർജ്ജിന്റെ വിശദീകരണം. വീൽ ചെയറിൽ ഇരിക്കുന്ന ജഗതിക്ക് വല്ലതും പറ്റിയാൽ എന്തു ചെയ്യും. അതുകൊണ്ടാണ് പിടിച്ചു മാറ്റിയത്. എന്റെ മേത്ത് തൊടരുത് എന്ന് കുട്ടി പറഞ്ഞു. തൊടാതിരിക്കാൻ പറ്റുമോ. എന്റെ മകൻ വന്ന് പറഞ്ഞു പപ്പാ ഇത് മറ്റേ കുട്ടിയാണ് എന്ന്. അപ്പോഴാണ് മനസ്സിലായത്. ഞാൻ പറഞ്ഞു, മോളേ ഇരി. എന്റെ കസേരയാണ് ഒഴിവുള്ളത്. ഞാൻ അവിടെ ഇരുത്തി'പി.സി ജോർജ് പറയുന്നു.

പിതാവിനെ കാണാൻ ആ പെൺകുട്ടിയെ ജഗതിയുടെ കുടുംബാംഗങ്ങൾ അനുവദിക്കുന്നില്ല എന്ന ആരോപണം തെറ്റാണെന്ന് ജോർജ് പറഞ്ഞു. ഇഷ്ടമുള്ളപ്പോൾ പിതാവിനെ കാണാൻ ഹൈക്കോടതി അനുമതി നൽകിയതാണ്. തനിക്കെതിരെ പരാമർശിച്ച് ശ്രീലക്ഷ്മി കേസ് കൊടുത്ത സംഭവത്തിൽ രാഷ്ട്രീയ കളി എന്തോ ഉള്ളതായി സംശയിക്കുന്നു. പിതാവിനെ കാണാൻ ശ്രീലക്ഷ്മിയെ അനുവദിക്കുന്ന കാര്യത്തിൽ താൻ നിർബന്ധിച്ച് വീട്ടുകാരെ സമ്മതിപ്പിച്ചതാണ്. എന്നിട്ടും ഇതുവരെ പെൺകുട്ടി കാണാൻ വന്നിട്ടില്ലെന്ന് ജോർജ് പറഞ്ഞു.

'വേദിയിൽ 10 മിനിറ്റ് ഇരുന്നിട്ട് കൊച്ച് ഒറ്റ ഓട്ടമായിരുന്നു. അവിടെ മൂന്ന് കാറുണ്ടായിരുന്നു. അതിൽ തടിമാടന്മാരായ അഞ്ചെട്ടെണ്ണം. ആ കൊച്ച് ഗുണ്ടളെയും കാറിൽ കയറ്റിയാണ് വന്നത്'. സ്വത്തൊന്നുമായി ഇതിന് ഒരു ബന്ധവും ഉണ്ടെന്ന് കരുതുന്നില്ലെന്ന് പി.സി ജോർജ് പറഞ്ഞു. അപകടം വന്ന് ആശുപത്രിയിലായപ്പോൾ ജഗതി ശ്രീകുമാറിന്റെ കൈയിൽ കാശ് ഒന്നുമുണ്ടായിരുന്നില്ലെന്നും പി സി ജോർജ്ജ് വെളിപ്പെടുത്തി. അന്ന് ഗവൺമെന്റിൽ നിന്നാണ് പണം നൽകിയതെന്നും ജോർജ്ജ് പറഞ്ഞു. ഷോൺ ജോർജ്ജ് പാർവതിയെ വിവാഹം കഴിച്ച കാര്യങ്ങളും പി സി ജോർജ്ജ് വെളിപ്പെടുത്തി. ജഗതി വീട്ടിൽ വന്ന് പെണ്ണ് സ്‌നേഹത്തിലാണെന്ന് പറയുകയായിരുന്നു. ഞാൻ സമ്മതിച്ചു. ഒരു പൈസ പോലും സ്ത്രീധനം വാങ്ങിയിട്ടില്ല. എനിക്കൊരു ലാഭവും ഇതുകൊണ്ടുണ്ടായില്ല. നഷ്ടം ഉണ്ടാവുകയും ചെയ്തുവെന്നും ജോർജ്ജ് ജിമ്മി ജോർജ്ജിനോട് പറഞ്ഞു.