- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാജ്പേയ് മന്ത്രിസഭയിലെ പഴയ അംഗം; പത്തനംതിട്ടയിൽ സൂരേന്ദ്രന് വേണ്ടി വോട്ട് പിടിച്ച പൂഞ്ഞാർ എംഎൽഎയും; കോട്ടയത്ത് 'പിസിമാർ' മുന്നണിയിൽ എത്തിയാൽ മുസ്ലിം വോട്ട് അകലുമോ എന്ന് ലീഗിന് ഭയം; പൂഞ്ഞാറിൽ തദ്ദേശത്തിലെ ഷോൺ ജോർജിന്റെ ജയം ആയുധമാക്കി ചെന്നിത്തലയും; പിസി ജോർജും പിസി തോമസും യുഡിഎഫിലേക്കോ?
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തിരിച്ചടിയിൽ നേട്ടമുണ്ടാകുന്നത് പിസി ജോർജിന്. പൂഞ്ഞാറിന്റെ എംഎൽഎയെ യുഡിഎഫിൽ എടുക്കാൻ സാധ്യത. പിസി തോമസിനും സാധ്യത തെളിയുകയാണ്. യുഡിഎഫിനോട് അടുക്കാനാഗ്രഹിച്ചു നിൽക്കുന്ന പി.സി ജോർജ്, പി.സി. തോമസ് എന്നിവരുടെ കാര്യം 11 ന് ചേരുന്ന മുന്നണി നേതൃയോഗത്തിൽ ചർച്ച ചെയ്തേക്കും. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും തദ്ദേശത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടായി. ഈ സാഹചര്യത്തിലാണ് നീക്കം.
ബിജെപിയുമായി സഹകരിച്ച രണ്ടു പേരാണ് പിസി ജോർജും പിസി തോമസും. ഇതു കൊണ്ട് തന്നെ കരുതലോടെ മാത്രമേ ഇവരുടെ കാര്യത്തിൽ കോൺഗ്രസ് തീരുമാനം എടുക്കൂ. പിസി തോമസ് ഇപ്പോഴും ബിജെപിയെ പൂർണ്ണമായും തള്ളി പറഞ്ഞിട്ടില്ല. വാജ്പേയ് സർക്കാരിൽ മന്ത്രിയായ പിസി തോമസ് എൻഡിഎയുടെ ബാനറിൽ മൂവാറ്റുപുഴയിൽ മത്സരിച്ച് എംപിയാവുകയും ചെയ്തു. പിസിയും ഇടക്കാലത്ത് ബിജെപിക്കൊപ്പമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് വേണ്ടി പരസ്യമായി നിന്ന നേതാവ്.
സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പിസി ജോർജിനോട് താൽപ്പര്യമില്ല. ബാർ കോഴയിലൂടെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയ ജോർജിനെ മുന്നണിയിൽ കൊണ്ടു വരാൻ അനുവദിക്കില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. എന്നാൽ തദ്ദേശത്തിലെ തിരിച്ചടിയോടെ പിസിയുടെ ആവശ്യം ഉണ്ടെന്ന് രമേശ് ചെന്നിത്തല വീണ്ടും നിലപാട് എടുത്തു. ഇനി മുസ്ലിം ലീഗിന്റെ നിലപാടാകും നിർണ്ണായകം. പിസി ജോർജിനെ കൊണ്ടു വരുന്നത് മുസ്ലിം വോട്ടുകളെ അകറ്റുമോ എന്ന ആശങ്ക ലീഗിനുണ്ട്.
എന്നാൽ ഇതിന് അടിസ്ഥാനമില്ലെന്നാണ് ചെന്നിത്തലയുടെ വാദം. പൂഞ്ഞാറിൽ ജില്ലാ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് പിസിയുടെ മകൻ ഷോൺ ജോർജാണ്. മുസ്ലിം പിന്തുണയില്ലായിരുന്നുവെങ്കിൽ ഷോൺ ജയിക്കില്ലായിരുന്നുവെന്നാണ് ചെന്നിത്തലയുടെ വാദം. പൂഞ്ഞാറിലെ ഷോണിന്റെ വിജയമാണ് പിസിക്ക് ഗുണകരമാകുന്നത്. ഇതോടെ ഒറ്റയ്ക്ക് പൂഞ്ഞാറിൽ ജയിക്കാൻ ഇനിയും തനിക്കാകുമെന്ന് പിസി തെളിയിച്ചു. കേരളാ കോൺഗ്രസിലെ മറ്റൊരു പിസിയായ പിസി തോമസിനും സാഹചര്യം അനുകൂലമാണ്.
തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽ യുഡിഎഫിന്റെ ഭാഗമാകാൻ ഇരുനേതാക്കളും താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഘടക കക്ഷികളായി പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. എന്നാൽ, ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതു മധ്യകേരളത്തിൽ ദോഷം ചെയ്തു എന്ന് അനുമാനം ഉള്ളതിനാൽ ന്യൂനപക്ഷ വിഭാഗത്തിലെ ഈ നേതാക്കളെ മാറ്റിനിർത്തരുതെന്ന വാദം ഉയർന്നിട്ടുണ്ട്. ഇതാണ് പിസി തോമസിനും ഗുണകരമാകുന്നത്. പിസി തോമസിന് മത്സരിക്കാൻ ഒരു സീറ്റ് നൽകും. പിസിക്ക് രണ്ട് സീറ്റ് നൽകേണ്ടി വരുമെന്ന് യുഡിഎഫിന് അറിയാം. മകൻ ഷോണിന് വേണ്ടിയും പിസി സീറ്റ് ചോദിക്കും.
പൂഞ്ഞാറിലെ സിറ്റിങ് എംഎൽഎ ആയ ജോർജിനെ സ്വീകരിക്കുന്നതിൽ ആ മേഖലയിലെ ഒരു എംപി ഉടക്കിടുന്നുണ്ടെങ്കിലും ഓരോ സീറ്റും നിർണായകമാകുന്ന തിരഞ്ഞെടുപ്പിൽ ജോർജിന്റെ സഹായം ഉറപ്പാക്കുന്നതാവും ബുദ്ധിയെന്നു ചിന്തിക്കുന്നവർ ഏറെയാണ്. പൂഞ്ഞാറിനു പുറമേ പാലായിലും ജോർജിനു സ്വാധീനമുണ്ട്. പാലായിലും മത്സരിക്കാൻ പിസി ജോർജ് തയ്യാറാണ്. പാലായിലേക്ക് പിസി തോമസും മകിച്ച സ്ഥാനാർത്ഥിയാണ്. എൻസിപിയുടെ യുഡിഎഫ് പ്രവേശവും പരിഗണനയിലുണ്ട്. മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയാൽ പാലാ സീറ്റ് എൻസിപിക്ക് നൽകും.
പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കാപ്പൻ മത്സരിച്ചാൽ ജോർജിന്റെ പിന്തുണ നിർണായകമാകും. പൂഞ്ഞാറിൽ ജോർജോ മകൻ ഷോണോ സ്ഥാനാർത്ഥിയാകും. പി.സി.തോമസിനു കാഞ്ഞിരപ്പള്ളി സീറ്റ് നൽകിയേക്കും. അതു സംഭവിച്ചാൽ പി.ടി. ചാക്കോയുടെ മകൻ പി.സി. തോമസും കെ.നാരായണക്കുറുപ്പിന്റെ മകൻ എൻ.ജയരാജും തമ്മിലുള്ള മത്സരത്തിനു കാഞ്ഞിരപ്പള്ളി വേദിയായേക്കാം.
മറുനാടന് മലയാളി ബ്യൂറോ