തിരുവനന്തപുരം: ശബരിമല വിഷയത്തിലൂടെ വിശ്വാസികളുടെ പ്രിയങ്കരനായ ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജിനെ എൻഡിഎയിൽ എത്തിക്കാൻ ബിജെപി നീക്കം. പി.സി.ജോർജിന്റെ മകനും ജനപക്ഷ നേതാവുമായ ഷോൺ ജോർജ് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും ഏറെയാണ്. ഇതിനായുള്ള ബിജെപി നീക്കങ്ങൾ ഏറെക്കുറെ വിജയത്തിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന. ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കിയാൽ തന്റെ സ്വന്തം പാർട്ടിയായ ജനപക്ഷത്തെ എൻഡിഎയിലെ ഘടകക്ഷിയാക്കി മാറ്റാൻ ജോർജ് സമ്മതം മൂളുമെന്നാണ് ബിജെപി പ്രതീക്ഷ.

ജനപക്ഷം എൻഡിഎ ഘടകക്ഷിയായി മാറിയാൽ ഷോൺ ജോർജ് തന്നെയാകും പത്തനംതിട്ട ലോക്‌സഭാ സ്ഥാനാർത്ഥി. ചർച്ചകൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ജോർജിന്റെ ആവശ്യങ്ങൾ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. സംസ്ഥാന ബിജെപി നേതൃത്വത്തിലെ ചിലർ ജോർജിന്റെ വരവിനു തടസം നിൽക്കാനും ശ്രമിക്കുന്നുണ്ട്. പത്തനം തിട്ട ലോക്‌സഭാ സീറ്റ് ലക്ഷ്യം വയ്ക്കുന്നവരാണ് ജോർജിന്റെ നീക്കം തടയാൻ ശ്രമിക്കുന്നത്. പക്ഷെ ജോർജ് വന്നാൽ പത്തനംതിട്ട വിട്ടു നൽകാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കോട്ടയവും ഷോൺ ജോർജിന് നൽകാൻ ബിജെപി തയ്യാറാകും. ശബരിമലയിലെ ജോർജിന്റെ നിലപാട് കേന്ദ്ര നേതൃത്വം കണക്കിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് കേന്ദ്ര ബിജെപി ജോർജിന് അനുകൂലമായി നീങ്ങുന്നത്.

നിയമസഭയിൽ നേമത്തെ രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്നു. പക്ഷേ സൗമ്യ വ്യക്തിത്വമായ രാജഗോപാലിന് നിയമസഭയിൽ പാർട്ടിക്കായി വാദിക്കാനോ ശബ്ദമുയർത്താനോ കഴിഞ്ഞില്ല. ഈ കുറവ് പരിഹരിക്കാൻ പിസി ജോർജിനെ മുന്നണിയിലെടുത്താൽ കഴിയുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ നേരിട്ട് ചരടു വലികൾ നടത്തുന്നത്. കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖരെ ബിജെപിയിലേക്ക് അടുപ്പിക്കാനും പൂഞ്ഞാറിലെ സിംഹമെന്ന് വിളിപ്പേരുള്ള ജോർജിനെ എത്തിക്കുന്നതിലൂടെ കഴിയുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. ശബരിമല പ്രശ്‌നത്തിൽ ജോർജ് എടുത്ത ബിജെപി അനുകൂല നിലപാട് ഈ ലക്ഷ്യം മുൻ നിർത്തിയാണ് ഈ നീക്കങ്ങൾ.

ജനപക്ഷത്തെ എൻഡിഎ ഘടകക്ഷിയാക്കുന്നതിനെതിരെ ജോർജിന്റെ സ്വന്തം തട്ടകങ്ങളിൽ എതിർപ്പ് ശക്തമാണ്. ജോർജിന്റെ ഈ നീക്കത്തിന്നെതിരെ പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും പാലായിലുമെല്ലാം പ്രതിഷേധം ഉയരുകയാണ്. ജനപക്ഷത്തെ എൻഡിഎ ഘടകക്ഷിയാക്കുന്നതിന്നെതിരെയാണ് എതിർപ്പ് ജോർജിന് മുന്നിൽ ഉയരുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീ പീഡനക്കേസിൽ പ്രതിയായപ്പോൾ ജോർജ് സ്വീകരിച്ച ബിഷപ്പ് അനുകൂല നിലപാട് ജോർജിന് സ്വന്തം തട്ടകത്തിൽ വെല്ലുവിളിയായിരുന്നു. അന്ന് കൃസ്ത്യൻ കുടുംബങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധമാണ് ജോർജിന് നേരിടേണ്ടി വരുന്നത്.

കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ കന്യാസ്ത്രീ കുടുംബങ്ങൾ സ്ഥിതി ചെയ്യുന്നത് ജോർജിന്റെ മണ്ഡലം ഉൾപ്പെടുന്ന കൃസ്ത്യൻ ബെൽറ്റിലാണ് എന്നതിനാലാണ് ആ ഘട്ടത്തിൽ ജോർജിനെതിരെ രോഷം ഉയർന്നത്. ജോർജിന്റെ രാഷ്ട്രീയ ജീവിതത്തിൽ അത്രയും ശക്തമായ ഒരു എതിർപ്പ് ജോർജ് ഇതിനു മുൻപ് നേരിട്ടിട്ടുമില്ലായിരുന്നു. ഈ എതിർപ്പിന് സമാനമായ എതിർപ്പാണ് ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിലും ജനപക്ഷത്തെ എൻഡിഎ ഘടകക്ഷിയാക്കുന്ന കാര്യത്തിലും സ്വന്തം തട്ടകത്തിൽ നിന്നും ഉയരുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഏറെ ആലോചനകൾ പിസി ജോർജ് നടത്തുന്നുണ്ട്.

പി.സി.ജോർജ് കണക്കുകൂട്ടുന്നത് പത്തനംതിട്ട ലോക്‌സഭാ സീറ്റിലെ വിജയ സാധ്യതകളാണ്. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ നിന്നും വിജയിച്ച കോൺഗ്രസിന്റെ ആന്റോ ആന്റണിക്ക് വിജയസാധ്യതയില്ലെന്നാണ് വിലയിരുത്തല്ഡ. കാര്യമായ ഒരു വികസനവും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ നടന്നിട്ടുമില്ല. ശബരിമല വിഷയത്തിൽ പോലും ആന്റോ ആന്റണി സജീവമായിരുന്നില്ല. ഇത്തവണ മണ്ഡലം കോൺഗ്രസിന്റെ കയ്യിൽ നിന്നും പോകാൻ സാധ്യത ഏറെയാണ്. എഐസിസി അംഗമായിരിക്കെ ഇടത്പക്ഷത്ത് എത്തിയ ഫീലിപ്പോസ് തോമസിന് വിജയത്തിന് വക്കുവരെ പോലും കഴിഞ്ഞ തവണ എത്താൻ സാധിച്ചതുമില്ല.

നിലവിൽ ശബരിമല പ്രശ്‌നത്തിൽ ബിജെപിക്ക് അനുകൂല നിലപാട് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്. ഷോൺ ജോർജ് വന്നാൽ വിജയസാധ്യത പി.സി.ജോർജ് പ്രതീക്ഷിക്കുന്നുണ്ട്. ജോർജിന്റെ നിലപാടുകൾ ഹൈന്ദവ വോട്ടുബാങ്കിനു സ്വീകാര്യമായ നിലപാടായിരുന്നു. അപ്പോഴാണ് നിനച്ചിരിക്കാതെ കൃസ്ത്യൻ ബെൽറ്റിൽ നിന്നും എതിർപ്പ് ഉയരുന്നത്. കാത്തലിക്ക് വോട്ടു ബാങ്കിന് ബിജെപി രുചിക്കുന്നതല്ല. വോട്ടു ലഭിക്കില്ല. ജോർജ് ഇടതുപക്ഷം ആയാലും വലതുപക്ഷം ആയാലും കാത്തലിക്കിന് പ്രശ്‌നമല്ല.

പക്ഷെ ബിജെപി സ്വീകാര്യമല്ല ഒപ്പം മറ്റൊരു പ്രശ്നം കൂടി ജോർജ് മുന്നിൽ കാണുന്നു. മുസ്ലിം വോട്ടുകൾ ഷോൺ ജോർജിന് വീഴില്ല. ഈരാറ്റുപേട്ടയിലും എരുമേലിയിലെ കാഞ്ഞിരപള്ളിയിലും മുണ്ടക്കയത്തുമൊക്കെ ഒരുപാട് മുസ്ലിം വോട്ടുകൾ ഉണ്ട്. ഇതൊന്നും ഷോണിന് ലഭിക്കില്ല. ഷോണിന് ലഭിക്കില്ല എന്ന് മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ജോർജിന് ലഭിച്ച വോട്ടുകൾ കൂടി ബിജെപി പക്ഷത്തേക്ക് പോയാൽ നഷ്ടപ്പെടും. കൃസ്ത്യൻ-മുസ്ലിം വോട്ടുകൾ പോയാൽ അതിനു ബദലായി ഹിന്ദു വോട്ടുകൾ ഷോണിനെയോ ജോർജിനെയോ രക്ഷിക്കില്ല. ഇനി എൻഡിഎ വേണ്ടാ എന്ന് വച്ചാൽ പോലും യുഡിഎഫിലേക്കോ ഇടതുമുന്നണിയിലേക്കോ ജോർജിന് കയറാൻ കഴിയില്ല.

പിണറായിക്കെതിരെ ശക്തമായ വിമർശനവുമായി ജോർജ് മുന്നോട്ടു വന്നത് ഇടതുമുന്നണിയിലേക്ക് ഒരു സാധ്യതയും ഇല്ലെന്നു മനസിലാക്കിയാണ്. ജോർജിനെ നിയന്ത്രിക്കാൻ ഒരു കാരണവശാലും സാധിക്കില്ല എന്ന് മനസിലാക്കിയാണ് യുഡിഎഫ് ജോർജിന് മുന്നിൽ വഴിയടച്ചത്. മുന്നണിയിൽ ഇല്ലാത്തതിനാൽ സ്ഥാനമാനങ്ങൾ ഇല്ല. സ്ഥാനമാനങ്ങൾ ഇല്ലാത്തതിനാൽ നേതാക്കളും ജോർജിൽ നിന്ന് അകലുകയാണ്. ഇനി എൻഡിഎയിൽ കയറിക്കൂടിയാൽ നിലവിലെ വോട്ട് ബാങ്ക് പൂർണമായും നഷ്ടമാകുകയും ചെയ്യും.

ഇത് നിലവിൽ ജോർജിനെ അലട്ടുന്നു. ഇടത്-വലത് മുന്നണികളിൽ നിന്ന് അകന്നതോടെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി ജോർജ് മുന്നിൽ കാണുകയാണ്. പക്ഷെ പ്രതിസന്ധിയിൽ ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത അവസ്ഥയിൽ കൂടിയാണ് ജോർജ് ഇപ്പോഴുള്ളത്.