ലണ്ടൻ: പൂഞ്ഞാറിലെ എംഎൽഎയും കേരളത്തിന്റെ ജനാധിപത്യ നായകനുമായ പി സി ജോർജ്ജിന് ഇംഗ്ലണ്ട് മുഴുവൻ സ്വീകരണം ഒരുങ്ങുകയാണ്. യുകെയിലെ പത്തിടങ്ങളിൽ സ്റ്റേജ് ഷോകളേക്കാൾ ആവേശത്തോടെയാണ് ജോർജ്ജിന്റെ പ്രസംഗം കേൾക്കാൻ ആളുകൾ കാത്തിരിക്കുന്നത്. സ്വീകരണത്തിനായുള്ള ഒരുക്കങ്ങളെല്ലാം അവസാന ഘട്ടങ്ങളിലേക്ക് കടന്നുകഴിഞ്ഞു. ഈ മാസം 21ന് വൈകിട്ട് ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ എത്തിച്ചേരുന്ന പൂഞ്ഞാറിന്റെ നേതാവിന് സമുചിതമായ പൗര സ്വീകരണമാണ് ജനപക്ഷം കൾച്ചറൽ ഫോറം യുകെ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ യുകെ വിസ അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

യുകെ ജനപക്ഷ സാംസ്‌കാരിക വേദിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ, ബർമിങ്ഹാം, ഗ്ലാസ്‌ഗോ, കാർഡിഫ്, ബ്രിസ്റ്റോൾ, ന്യൂകാസ്സിൽ, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ മീറ്റിംഗുകളിൽ പങ്കെടുക്കും. 22ന് ലണ്ടനിലെ ഓക്സ്ബ്രിഡ്ജിൽ നടക്കുന്ന അരുവിത്തുറക്കാരുടെ സംഗമത്തോടെയാണ് പൂഞ്ഞാർ എംഎൽഎയുടെ 10 ദിവസം നീളുന്ന യുകെ പര്യടന പരിപാടി തുടങ്ങുന്നത്. തുടർന്ന് ലണ്ടൻ മുതൽ ഗ്ലാസ്ഗോ വരെ 10 ഓളം പ്രധാന സിറ്റികളിലായി ഈമാസം 30 വരെ അദ്ദേഹം വിവിധ മീറ്റിംഗുകളിൽ പങ്കെടുക്കും.

പിസി ജോർജ്ജ് കേരളത്തിലെ ഒരു രാഷ്ട്രീയ അത്ഭുതമാണ്. ചിലർക്ക് അഴിമതിക്കെതിരെ പോരാടുന്ന ഒറ്റയാൻ. മറ്റു ചിലർക്ക് ശല്യക്കാരനായ നേതാവ്. വേറെ ചിലർക്ക് സംസാരിക്കാൻ അറിയാത്ത ഗ്രാമീണൻ. എന്നാൽ ഒന്നുണ്ട്. ജോർജ്ജ് കേരളത്തിലെ ഒരു തിരുത്തൽ ശക്തിയാണ്. ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ജോർജ് തുറന്നു പറയും. ആരുടെയും മുഖത്ത് നോക്കി പച്ചയ്ക്ക് തെറി വിളിക്കും. അതേക്കുറിച്ച് ചോദിച്ചാൽ ഇതാണ് എന്റെ സംസ്‌കാരം വേണമെങ്കിൽ സഹിച്ചാൽ മതിയെന്നു പറയും. ജോർജ്ജ് ചോദിച്ചാൽ ഏത് ഉദ്യോഗസ്ഥനും നാട് വികസിപ്പിക്കാനുള്ള പദ്ധതികൾ നൽകും. ജോർജ്ജ് പറഞ്ഞാൽ ഏത് പൊലീസുകാരനും അക്ഷരം പ്രതി അനുസരിക്കും-ഈ സാഹചര്യത്തിലാണ് യുകെയിലേക്ക് ജോർജിനെ ക്ഷണിക്കുന്നതെന്ന് ജനപക്ഷം കൾച്ചറൽ ഫോറം യുകെ അറിയിച്ചു.

പച്ചയായ ഈ മനുഷ്യനെതിരെയുള്ള വിമർശനങ്ങൾ എല്ലാം ഒറ്റയടിക്ക് അവസാനിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഇടതു വലത് എൻഡിഎ മുന്നണികളെ പിന്തള്ളിക്കൊണ്ട് ജോർജ്ജ് പൂഞ്ഞാർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജോർജ്ജിന്റെ ഈ വിജയം കേരളത്തിന് നൽകിയത് ചില്ലറ പ്രതീക്ഷയല്ല. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയക്കാർ ഇല്ലെങ്കിലും ജനങ്ങൾ വോട്ട് ചെയ്യുമെന്നതിനുള്ള തെളിവായിരുന്നു ഇത്. ജോർജ്ജിന് സീറ്റ് കൊടുക്കാൻ വിസമ്മതിച്ച ഇടതു മുന്നണി സ്ഥാനാർത്ഥി കെട്ടിവച്ച കാശ് പോലുമില്ലാതെ നാലാമനായി എന്നതു ചെറിയ കാര്യമല്ല. അതോടെ ജോർജ്ജിന് കേരളത്തിൽ ഒരു കെജ്രിവാൾ പരിവേഷമാണ് ഇപ്പോൾ-ജനപക്ഷം കൾച്ചറൽ ഫോറം യുകെ വിശദീകരിക്കുന്നു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രവാസികളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്ന പൂഞ്ഞാർ ആശാന്റെ മീറ്റിംഗുകളിലേക്ക് കക്ഷി രാഷ്ട്രീയ, ജാതി മത വ്യത്യാസമില്ലാതെ എല്ലാ മലയാളികളെയും ജനപക്ഷ സാംസ്‌കാരിക വേദി ക്ഷണിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.