തിരുവനന്തപുരം: തന്റെ പേരിൽ ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്നും ജാഗ്രത പാലിക്കണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. അത്യാവശ്യമെങ്കിൽ സഹായിക്കാൻ തയ്യാറാണെന്ന് പലരും അറിയിച്ചു. എന്നാൽ വിളിച്ചു സഹായമഭ്യർത്ഥിച്ച എല്ലാവരോടും പണം വേണ്ട എന്ന കാര്യമാണ് താൻ അറിയിച്ചതെന്നും പി.സി. തോമസ് പറഞ്ഞു.

വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിപ്പിന് നീക്കം നിർത്തിയതോടെ പി.സി. തോമസ് സൈബർസെല്ലിലും പൊലീസിനും പരാതികൾ നൽകി. ഒരു മൊബൈൽ നമ്പർ നൽകിയശേഷം അതിലേക്ക് ഗൂഗിൾ പേ വഴി പണം അയക്കാൻ ആണ് തട്ടിപ്പിന് ശ്രമിച്ചവർ പറഞ്ഞത് അതുകൊണ്ടുതന്നെ ആ മൊബൈൽ നമ്പർ തെളിവായി സ്വീകരിച്ചു പ്രതിയെ പിടികൂടാൻ ആകുമെന്നും പിസി തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

സമൂഹമാധ്യമങ്ങൾ വഴി പണം തട്ടുന്ന നടപടി അടുത്തകാലത്ത് കൂടിയിരുന്നു. നിരവധി പേരാണ് വ്യാജ അക്കൗണ്ടുകൾ വഴി നടക്കുന്ന തട്ടിപ്പുകൾക്ക് ഇരയായത്. ഈ വിഷയത്തിൽ തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി പി.സി. തോമസ് രംഗത്ത് വന്നത്. വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഒരുപാടുപേരെ കബളിപ്പിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്ന വൻ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് പി.സി.തോമസ് ആവശ്യപ്പെട്ടു.

'എന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തന്നെ ഇന്നലെ രാത്രി പത്തര മണിയോടുകൂടി ഇതുപോലെ ഒരു കള്ള റാക്കറ്റിന്റെ പിടിയിൽ പെട്ടു പോയിരുന്നു'. ഫേസ്‌ബുക്കിലും വാർത്താക്കുറിപ്പിലും പി.സി. തോമസ് അറിയിച്ചു.

'എനിക്ക് എന്തോ വലിയ അത്യാവശ്യം വന്നതിനാൽ, ഫേസ്‌ബുക്കിലെ കൂട്ടുകാരോട്, എന്നെ അടിയന്തരമായി സഹായിക്കണം എന്നും, കുറച്ചു രൂപ അയച്ചു തരണം എന്നും, പറഞ്ഞുകൊണ്ടുള്ള എന്റെ അഭ്യർത്ഥനയായാണ് ഫേസ്‌ബുക്കിൽ വന്നത്. എന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയതാണെന്ന് ആർക്കും മനസ്സിലാവുകയില്ല,' പി.സി. തോമസ് പറയുന്നു.

ഏതായാലും വ്യാജ അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമം ഉണ്ടായപ്പോൾ തന്നെ തോമസ് ഫേസ്‌ബുക്ക് വഴി ഇക്കാര്യം അറിയിച്ചിരുന്നു. ഇതുമൂലം പലരും തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടു എന്ന് അദ്ദേഹം പറയുന്നു. ഏതായാലും ഫേസ്‌ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പിന് ശ്രമം നടന്നപ്പോൾ തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞതായി തോമസ് പറയുന്നു. എന്നാൽ പലരും തന്നെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയും ആരും ഇതുപോലെ കബളിക്കപ്പെടാതിരിക്കാൻ പ്രതികളെ പിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടു വന്നേ പറ്റൂ എന്നും തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസ് കാര്യമായ പരിശ്രമം നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഐടി മേഖലയെ ദുരുപയോഗപ്പെടുത്തി തട്ടിപ്പുകൾ വേറെയും നടക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല എന്നും പി.സി. തോമസ് കൂട്ടിച്ചേർത്തു.

നിരവധി ഉന്നത വ്യക്തികളുടെ പേരിൽ വ്യാജ പ്രൊഫൈൽ അക്കൗണ്ടുകൾ ഉണ്ടാക്കി ഈ പണം തട്ടിപ്പിന് ശ്രമം നടത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതിൽ നിന്നും പണം ആവശ്യപ്പെടുന്ന രീതി സമീപകാലത്ത് സജീവമാണ്. പലരും കാര്യമറിയാതെ തട്ടിപ്പിന് ഇരയാകുന്നത് പതിവായിരുന്നു.