ന്യുയോർക്ക്: നോർത്ത് അമേരിക്കയിൽ വെച്ച് നടത്തപ്പെടുന്ന സൗത്ത് ഏഷ്യൻ സമൂഹത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനായും നോർത്തമേരിക്കയിലെയും കാനഡയിലെയും മുഴുവൻ മലയാളി പെന്തക്കോസ്ത് സഭകളും മെയ് 6 ന് പ്രത്യേക പ്രാർത്ഥനാദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്‌തോത്രകാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ വിഹിതമായി നൽകി പ്രവർത്തതനത്തെ സഹായിക്കണമെന്നും പി.സി.എൻ. എ.കെ ദേശിയ സെക്രട്ടറി ബ്രദർ വെസ്‌ളി മാത്യു അറിയിച്ചു.


വിവിധ സംസ്ഥാനങ്ങളിൽ വെച്ച് നടത്തപ്പെടുന്ന പ്രമേഷണൽ യോഗങ്ങളിലും പി.സി.എൻ.എ.കെ ധനസമാഹരണ പരിപാടികൾക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏപ്രിൽ 21ന് മയാമിയിലും 22 ന് ഒർലാന്റോയിലും നടന്ന പ്രമോഷണൽ യോഗത്തിന് സ്റ്റേറ്റ് പ്രതിനിധികളായ മനു ഫിലിപ്പ്, നിബു വെള്ളവന്താനം എന്നിവർ നേതൃത്വം നൽകി. നാഷണൽ സെക്രട്ടറി ബ്രദർ വെസ്‌ളി മാത്യു, നാഷണൽ ട്രഷറാർ ബ്രദർ ബാബുക്കുട്ടി ജോർജ്, വെബ് സൈറ്റ് കോർഡിനേറ്റർ ബ്രദർ പ്രെസ്ലി പോൾ തുടങ്ങിയവർ ഫ്‌ളോറിഡയിലെ വിവിധ സഭകൾ സന്ദർശിച്ച് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

മിഷിഗൺ സ്റ്റേറ്റ് പ്രമോഷൻ മീറ്റിങ് 28 ന് ശനിയാഴ്ച വൈകിട്ട് 7 ന് പാസ്റ്റർ പി.വി.മാമ്മന്റെയും യൂത്ത് പ്രതിനിധി ജോഷ് കുരുവിളയുടെയും നേതൃത്വത്തിലും, ന്യൂജേഴ്സി സ്റ്റേറ്റ് പ്രമോഷണൽ യോഗം മെയ് 6 ന് ഞായറാഴ്ച വൈകിട്ട് 6.30ന് ന്യൂജേഴ്‌സി ഹാക്കൻസാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ നാഷണൽ പ്രതിനിധി കോശി വർഗിസിന്റെയും യൂത്ത് പ്രതിനിധി സോബി കുരുവിളയുടെയും വനിതാ പ്രതിനിധി സിസ്റ്റർ ഗ്രേസ് ജോർജിന്റെയും നേതൃത്വത്തിൽ നടത്തപ്പെടും.

കോൺഫ്രൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ ഇടിക്കുള, നാഷണൽ സെക്രട്ടറി വെസ്‌ളി മാത്യു, നാഷണൽ ട്രഷറാർ ബാബുക്കുട്ടി ജോർജ്,നാഷണൽ യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ, കോൺഫ്രൻസ് കോർഡിനേറ്റർ ഡോ.തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തിൽ നാഷണൽ - ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ കാലതാമസമില്ലാതെ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

2018 ജൂലൈ 5 മുതൽ 8 വരെ ബോസ്റ്റൺ പട്ടണത്തിലുള്ള മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വച്ചാണ് ആത്മീയ മഹാ സംഗമം നടത്തപ്പെടുന്നത്. പി.സി.എൻ.എ.കെ കോൺഫ്രൻസിൽ സംബദ്ധിക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗത്തിൽ സൗജന്യ നിരക്കിലുള്ള രജിസ്‌ട്രേഷൻ റിസർവ്വ് ചെയ്യണം. ഈ പ്രാവശ്യം വിശ്വാസികളുടെ വൻ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വെബ് സൈറ്റ്, ഇ മെയിൽ, ഫോൺ എന്നിവ വഴിയും രജിസ്‌ട്രേഷൻ ചെയ്യുവാനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

പലതരത്തിലും പുതുമകൾ ഉൾക്കൊള്ളുന്ന ഈ കോൺഫ്രൻസ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നൽ നൽകുന്നതുമായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. ' അങ്ങയുടെ രാജ്യം വരേണമേ'' എന്നുള്ള വിഷയത്തെ ആസ്പദമാക്കി സുപ്രസിദ്ധ ഉണർവ്വ് പ്രഭാഷകരും അതിഥി പ്രാസംഗികരും വിവിധ സെക്ഷനുകളിൽ ദൈവവചനം പ്രസംഗിക്കും. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികൾ പങ്കെടുക്കുവാനും, പ്രാർത്ഥിക്കുവാനും ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും -www.pcnak2018.org

ബോസ്റ്റൺ സ്പ്രിങ്ങ് ഫീൽഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിലാണ് 36 മത് പി.സി.എൻ.എ.കെ സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകൾ, മികച്ച താമസ-ഭക്ഷണ- യാത്ര സൗകര്യങ്ങൾ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ - ലോക്കൽ കമ്മറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു.