ന്യൂഡൽഹി: ജമ്മു കാശ്മീരിൽ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപിയും പി.ഡി.പിയും ധാരണയിലെത്തി. മുഖ്യമന്ത്രിയായി പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദിനെ ബിജെപി അംഗീകരിച്ചു. ആറുകൊല്ലവും മുഫ്തിയെ മുഖ്യമന്ത്രിയായിയ പിന്തുണയ്ക്കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ഇത് ആദ്യമായാണ് കാശ്മീരിലെ ഭരണത്തിൽ ബിജെപിക്ക് പങ്കാളിത്തം ലഭിക്കുന്നതെന്നാണ് വസ്തുത. ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ലഭിക്കും. വകുപ്പ് വിഭജനകാര്യത്തിലും ഇരുപാർട്ടികളും ധാരണയിലെത്തി. മൂന്നു മേഖലയ്ക്കും ഒരേപോലെ പ്രാധാന്യം ലഭിക്കുന്ന തരത്തിലാണു വകുപ്പ് വിഭജനം.

കാശ്മരിന് പ്രത്യേക പദവി നൽകുന്ന നിയമമായ ആർട്ടിക്കിൾ 370, സായുധസേന വിശേഷാധികാര നിയമം (അഫ്‌സ്പ) തുടങ്ങിയ വിവാദ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി ഇരു പാർട്ടികളും പൊതുമിനിമം പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ജമ്മുവിൽ ഉടൻ തന്നെ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവായ നിർമ്മൽ സിംഗും വ്യക്തമാക്കി. ബിജെപി ജനറൽ സെക്രട്ടറിമാരായ രാം മാധവ്, രാം ലാൽ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

സൈന്യത്തിനുള്ള പ്രത്യേകാധികാരം എടുത്തു കളയുക, 370ാം വകുപ്പ് നിലനിർത്തുക. ഇതിൽ 370ാം വകുപ്പിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണു പിഡിപി നിലപാട്. ഈ വകുപ്പ് എടുത്തുകളയില്ലെന്നു ബിജെപി രേഖാമൂലം ഉറപ്പ് നൽകണമെന്നാണു പിഡിപി ആവശ്യം. എന്നാൽ ഇത്തരമൊരു ഉറപ്പ് നൽകാൻ കഴിയില്ലെന്നായുന്നു ബിജെപി നിലപാട്. എന്നാൽ ഇക്കാര്യത്തിൽ വാക്കാലുള്ള ഉറപ്പ് നൽകിയിട്ടുണ്ട്. സൈന്യത്തിന്റെ പ്രത്യേകാധികാരത്തിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറെന്നു പിഡിപി വൃത്തങ്ങളും അറിയിച്ചു.

പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികളെ പുനരധിവസിപ്പിക്കുന്ന വിഷയത്തിലും ഇരുപാർട്ടികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇവരെ പുനരധിവസിപ്പിക്കണമെന്നതാണു ബിജെപി നിലപാട്. ഇന്ത്യപാക്കിസ്ഥാൻ യുദ്ധകാലത്ത് ജമ്മു കശ്മീരിൽ എത്തിയവരാണ് ഇവർ. ഇവർക്ക് ഇതുവരെ പൗരത്വമോ സംസ്ഥാനത്ത് സ്ഥലം വാങ്ങാനുള്ള അവകാശമോ നൽകിയിട്ടില്ല. അതിനാൽ തന്നെ വോട്ടവകാശവും ഇല്ല. ചർച്ചകൾക്കൊടുവിൽ പിഡിപി വഴങ്ങിയെന്നാണ് സൂചന. മാനുഷിക പരിഗണനകളോടെയുള്ള തീരുമാനം ഈ വിഷയത്തിലെടുക്കാമെന്ന് പിഡിപി സമ്മതിച്ചിട്ടുണ്ട്.

ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ ഗവൺമെന്റ് രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഫെബ്രുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പി.ഡി.പി നേതാവ് മുഫ്തി മൊഹമ്മദ് സെയിദും കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ഡി.പിയും ബി.ജെ. പിയും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് കാശ്മീരിൽ ഗവൺമെന്റ് രൂപവത്കരണം പ്രതിസന്ധിയിലായത്. പി.ഡി.പി.ക്ക് 28 സീറ്റും ബിജെപിക്ക് 25 സീറ്റുമാണ് ലഭിച്ചത്.

തുടർന്ന് ബിജെപിയുടെ പിഡിപിയും സഖ്യത്തിലെത്താൻ തീരുമാനിച്ചു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിന് ബിജെപിയും അവകാശം ഉന്നയിച്ചു. ഇതോടെ ചർച്ചകൾ വഴിമുട്ടി. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ ബിജെപിയെ മാറ്റി ചിന്തിപ്പിച്ചു. പൊതു മിനിമം പരിപാടി അംഗീകരിച്ചാൽ മുഫ്തി മുഹമ്മദ് സെയ്ദിനെ മുഖ്യമന്ത്രിയാക്കാമെന്ന് സമ്മതിച്ചു. ഇതോടെ കാശ്മീരിലെ രാഷ്ട്രീയ പ്രതിസന്ധിക്കും അവസാനമായി. മോദിയുമായി ചർച്ച നടത്തിയഷേഷം മുഫ്തി മുഹമ്മദ് സെയ്ദ് പൊതു മിനമം പരിപാടി പ്രഖ്യാപിക്കുമെന്നാണ് സൂചന.