മലപ്പുറം: മലപ്പുറം നാളെ പോളിംങ് ബൂത്തിലേക്ക് പോകാനിരിക്കുകയാണ്. പക്ഷേ പിഡിപിയുടെ വോട്ട് ആർക്ക് കൊടുക്കണമെന്ന കാര്യത്തിൽ അണികൾ ഇപ്പോഴും അങ്കലാപ്പിലാണ്. പിഡിപിയുടെ ജില്ലാ, സംസ്ഥാന നേതാക്കൾ രണ്ട് ദിവസം മുമ്പ് വാർത്താ സമ്മേളനം വിളിച്ച് പിന്തുണ എൽഡിഎഫിന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിഡിപി വർഗീയ പാർട്ടിയാണെന്നും എസ്.ഡി.പി.ഐയെ പോലെയാണ് പിഡിപിയെയും

കാണുന്നതെന്നും പിന്തുണ വേണ്ടെന്നും സി.പി.എം നേതാവ് എ വിജയരാഘവൻ തന്നെ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. ഇതോടെ തെരഞ്ഞെടുപ്പിനു മുമ്പുള്ള മണിക്കൂറുകളിൽ പിഡിപി ചർച്ചാ വിഷയമായിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ പി.ഡി.പി എൽ.ഡി.എഫിനു പിന്തുണ നൽകുന്നതായി കഴിഞ്ഞ ദിവസം ഭാരാവാഹികൾ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്നു ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പി.ഡി.പിയുടെ വോട്ടു വേണ്ടെന്നു പറയുമോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വിജയ രാഘവൻ.

അതേസമയം, വിജയരാഘവന്റെ പ്രസ്താവനക്കു പിന്നാലെ പിന്തുണ ഇടതു പക്ഷത്തിനാണെന്ന് പി ഡി പി നേതാക്കൾ ആവർത്തിച്ചു. അബ്ദുന്നാസർ മഅദനിയുടെ പിന്തുണയും നിർദ്ദേശവും പ്രകാരമാണ് ഇടത് മുന്നണിക്ക് പിന്തുണ നൽകി പ്രഖ്യാപനം നടത്തിയത്. ഇതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. എൽ.ഡി.എഫിലെ മുതിർന്ന നേതാക്കൾ വോട്ടഭ്യർത്ഥിക്കുകയും തുടർന്ന് ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ ഇടത് സ്ഥാനാർത്ഥി എം.ബി ഫൈസലിന് പ്രഖ്യാപിച്ചതെന്ന് പിഡിപി നേതാക്കൾ മറുനാടൻ
മലയാളിയോടു പറഞ്ഞു.

പി ഡി പി ക്കു പുറമെ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവർക്കും ഇത്തവണ സ്ഥാനാർത്തികളില്ല. വെൽഫയർ പാർട്ടി വോട്ട് ചെയ്യാതെയും എസ്.ഡി.പി.ഐ മനസാക്ഷി വോട്ടിനുമാണ് ആഹ്വാനം.എന്നാൽ പിഡിപി ഇടതു പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വരികയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതലേ മുസ്ലിം വോട്ട് ഏകീകരിക്കുന്നുവെന്ന ആരോപണം ഇടതുപക്ഷം ലീഗിനു മേൽ ഉന്നയിച്ചു വന്നിരുന്നു. പിഡിപി ഇടതിന് പിന്തുണ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് ഇതിനെ കൗണ്ടർ ചെയ്യാൻ കിട്ടിയ അവസരങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. 2009 ലെ അനുഭവം വേട്ടയാടുന്ന സി പി എം പ്ലേറ്റ് മാറ്റി പിഡിപിയുടെ പിന്തുണ പരസ്യമായി തന്നെ വേണ്ടെന്ന് വച്ചു. എന്നാൽ ഉന്നത നേതാക്കൾ പിഡിപിയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പ്രഖ്യാപിച്ച പിന്തുണ സി പി എം വേണ്ടെന്ന് വെയ്ക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ അബ്ദുന്നാസർ മഅദനി ഇടതുപക്ഷത്തോടൊപ്പം വേദി പങ്കിടുകയും പിന്തുണ എൽ.ഡി.എഫിന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയനടക്കം അന്ന് മഅദനിയുമായി വേദി പങ്കിട്ടിരുന്നു. പിന്നീടങ്ങോട്ട് സിപിഎമ്മിനെ പൊന്നാനി തെരഞ്ഞെടുപ്പും മഅദനിയുമായി വേദിപങ്കിടലും വേട്ടയാടിക്കൊണ്ടിരുന്നു. സമാനമായ
ഊരാകുടുക്കിലാണ് സി പി എം അകപ്പെട്ടിരിക്കുന്നത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന നേതാക്കളായ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവനും മുൻ മന്ത്രി കെ.പി രാജേന്ദ്രനും മലപ്പുറത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ:

പി.ഡി.പി തീവ്രവാദ സംഘടനയാണെന്ന നിലപാടിൽ മാറ്റമില്ല. പി.ഡി.പിയെയും എസ്.ഡി.പി.ഐയെയും ഒരുപോലെയാണ് കാണുന്നത്. വോട്ട് ചെയ്യുന്നതു പാർട്ടികളല്ല, അവർക്കു പിന്നിൽ അണിനിരക്കുന്ന ജനങ്ങളാണ്. പിന്തുണതേടി ഇടതുപക്ഷത്തെ ആരും പി.ഡി.പിയെ സമീപിച്ചിട്ടില്ല. ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താൻ മുസ്ലിംലീഗ് ഒരുക്കിയ തന്ത്രമാണ് പി.ഡി.പിയുടെ പ്രഖ്യാപനമെന്നും ഇരുനേതാക്കളും പറഞ്ഞു.

അതേസമയം, വിജയരാഘവൻ എന്ത് പ്രസ്താവന നടത്തിയാലും പിന്തുണ എൽ.ഡി.എഫിനു തന്നെയെന്ന നിലപാടിലാണ് പിഡിപി. ഇത് ഉന്നത നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണെന്നും പിഡിപി നേതാക്കൾ പറയുന്നു. പി.ഡി.പി സംസ്ഥാന ട്രഷററും മലപ്പുറം ജില്ലയുടെ ചുമതലയുമുള്ള ഇബ്രാഹീം തിരൂരങ്ങാടി വിജയരാഘവന്റെ വാർത്താ സമ്മേളനത്തിന് ശേഷം മറുനാടൻ മലയാളിയോട് പ്രതികരിച്ചതിങ്ങനെ:

ഞങ്ങളുടെ നിലപാട് മാറ്റേണ്ട യാതൊരു കാര്യവുമില്ല. മാറ്റിയിട്ടുമില്ല. കാരണം, സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും ഉന്നത നേതാക്കളുമായുള്ള ചർച്ചക്കു ശേഷമാണ് ഞങ്ങൾ തീരുമാനം പ്രഖ്യാപിച്ചത്. എ വിജയരാഘവൻ കുറേ നാളായി തെരഞ്ഞെടുപ്പിന്റെ തെരക്കിൽപ്പെട്ടതുകൊണ്ട് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അറിയാതെ പോയതായിരിക്കുമെന്നാണ് തോന്നുന്നത്. സിപിഎമ്മിന്റെയും ഇടതു മുന്നണിയിലേയും ഉന്നത നേതാക്കളും പിഡിപിയുടെ സംസ്ഥാന നേതാക്കളും കൂടി ചർച്ച നടത്തിയതിനെ തുടർന്നുള്ള തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. ഞങ്ങൾ വെറുതേ വോട്ട് നൽകാമെന്ന് പറയുകയല്ല ചെയ്തത്. അവർ ഇങ്ങോട്ട് ചർച്ചക്ക് വന്നതിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ചിരുന്ന് സംസാരിച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകാമെന്ന് അറിയിച്ചത്.

എം.ബി ഫൈസലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതിനു ശേഷം ആദ്യം ഞങ്ങളുമായി പിന്തുണ തേടി സംസാരിച്ചതു തന്നെ ജില്ലക്ക് പുറത്തുള്ള സിപിഎമ്മിന്റെ ഒരു മുതിർന്ന നേതാവായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതിനു ശേഷം ആദ്യം ചർച്ച നടത്തിയിരുന്നു. പിന്നീട് ഒരു തവണകൂടി ചർച്ച നടത്തിയ ശേഷമാണ് ഞങ്ങൾ വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നത്. ഫാഷിസത്തെ ചെറുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നുവെന്നതാണ് സിപിഎമ്മിന് പിന്തുണ നൽകാൻ
കാരണം.

വിജയരാഘവന്റെ സംസാരം സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. പിന്നെ, പിഡിപി തീവ്രവാദികളാണോ എന്നത് നേരത്തേ പൊന്നാനി പാർലമെന്റ് തെരഞ്ഞെടുപ്പിൽ അഭിപ്രായമുണ്ടായിരുന്നില്ലേ. വി എസ് തള്ളി പറഞ്ഞിരുന്ന സമയത്തും പിഡിപിയെടുത്ത തീരുമാനത്തോടൊപ്പം നിൽക്കുകയും അംഗീകരിക്കുകയും ചെയ്ത ആളാണ് വിജയ രാഘവൻ. പിഡിപി ഇന്നലെയുണ്ടായ കക്ഷിയൊന്നുമല്ലല്ലോ.. 23 വർഷം മുമ്പ് രൂപീകരിച്ചിട്ട് അന്നില്ലാത്ത വർഗീയത ഇപ്പോഴുണ്ടാകുന്നത് വിജയരാഘവന് തോന്നുന്നതിന്റെ അർത്ഥം ഞങ്ങൾക്ക് മനസിലാകുന്നില്ല. വിജയരാഘവന്റെ സംസാരം കേട്ടാൽ അറിയാം എന്തൊക്കെയോ അവ്യക്തതയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്ന്- പിഡിപി നേതാവ് ഇബ്രാഹീം തിരൂരങ്ങാടി പറഞ്ഞു.