ശ്രീനഗർ: ജമ്മ കാശ്മീരിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ആരുമായി സഖ്യത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം ഗവർണ്ണർ എംഎൻ വോറെയോട് പിഡിപി നേതാവ് മെഹബൂബ മുഫ്തി അഭ്യർത്ഥിച്ചു. തിരക്കിട്ട് സർക്കാരുണ്ടാക്കാനില്ലെന്നാണ് പിഡിപി നിലപാട്.

ബിജെപിയുമായി സഹകരിച്ച് സർക്കാർ ഉണ്ടാക്കുന്നതിനുള്ള സാധ്യതകൾ തുറന്നിട്ടാണ് പിഡിപിയുടെ നീക്കമെന്നാണ് സൂചന. കാശ്മീരിന്റെ വികസനത്തിനായി ആരുമായി സഹകരിക്കുമെന്ന് മെഹബൂബ വ്യക്തമാക്കി. എബി വാജ്‌പേയിയുടെ കേന്ദ്ര സർക്കാരിന് പുകഴ്‌ത്തിയാണ് സംസാരിച്ചത്. സംസ്ഥാന വികസനത്തിൽ മോദി സർക്കാരും നിർണ്ണായക സഹായങ്ങൾ ചെയ്യുമെന്നും മെഹബൂബ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതോടെ കാശ്മീരിൽ ബിജെപിയുമായി സഹകരിച്ച് പിഡിപി സർക്കാരുണ്ടാക്കുമെന്ന പ്രതീക്ഷയും സജീവമായി.