- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാദിയയുടെ വിവാദം റദ്ദു ചെയ്തപ്പോൾ കോടതിയിലേക്ക് മാർച്ച് നടത്തി തുടക്കം; മദനിക്ക് ജാമ്യം നിഷേധിച്ചപ്പോൾ ഹർത്താലിനും ആഹ്വാനം: കോടതിക്കെതിരെ പ്രതിഷേധം അതിരു കടക്കുന്നത് ഗുരുതരമായി എടുത്തേക്കും; ബുധനാഴ്ചത്തെ ഹർത്താൽ ആഹ്വാനം കോടതിയലക്ഷ്യമായി മാറുമെന്ന് ഉറപ്പായി
തിരുവനന്തപുരം: മതംമാറിയുള്ള അഖില എന്ന ഹാദിയയുടേയും ഷഫീന്റെയും വിവാഹം അസാധുവാക്കിയുള്ള വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് മാർച്ചും പിറ്റേന്ന് എറണാകുളത്ത് ഹർത്താലും നടത്തിയതിന് സമാനമായ നീക്കം മദനി കേസിലും ആവർത്തിക്കുന്നു. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പിഡിപി. ഇതോടെ കോടതിവിധികൾക്കെതിരെ സംഘടനകളുടെ ഇത്തരം നീക്കങ്ങളും വലിയ ചർച്ചയാവുകയാണ്. രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഹർത്താലുകളും മറ്റും കേരളത്തിൽ നിരവധി നടക്കുന്നുണ്ടെങ്കിലും കോടതിവിധികൾക്കെതിരെ പ്രതിഷേധം അടുത്തകാലം വരെ കേട്ടുകേൾവി ഇല്ലാത്തതാണ്. കോടതി വിധികളെ ചോദ്യംചെയ്യുന്ന തരത്തിൽ പ്രസ്താവനകളോ പരാമർശങ്ങളോ നടത്തുന്നതുപോലും കോടതിയലക്ഷ്യമായി കണക്കാക്കാമെന്നിരിക്കെ ഇപ്പോൾ തെരുവിലിറങ്ങിയുള്ള പ്രതിഷേധത്തിലേക്ക് കോടതിക്കെതിരായ നീക്കങ്ങൾ വളരുന്നത് അതീവ ഗൗരവത്തോടെയാണ് ജുഡീഷ്യറി വൃത്തങ്ങൾ കാണുന്നതെന്നാണ് വിവരം. പിഡിപി സംസ്ഥാന വർക്കിങ് ചെയർമാൻ പൂന്തുറ സ

തിരുവനന്തപുരം: മതംമാറിയുള്ള അഖില എന്ന ഹാദിയയുടേയും ഷഫീന്റെയും വിവാഹം അസാധുവാക്കിയുള്ള വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് മാർച്ചും പിറ്റേന്ന് എറണാകുളത്ത് ഹർത്താലും നടത്തിയതിന് സമാനമായ നീക്കം മദനി കേസിലും ആവർത്തിക്കുന്നു. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പിഡിപി. ഇതോടെ കോടതിവിധികൾക്കെതിരെ സംഘടനകളുടെ ഇത്തരം നീക്കങ്ങളും വലിയ ചർച്ചയാവുകയാണ്.
രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഹർത്താലുകളും മറ്റും കേരളത്തിൽ നിരവധി നടക്കുന്നുണ്ടെങ്കിലും കോടതിവിധികൾക്കെതിരെ പ്രതിഷേധം അടുത്തകാലം വരെ കേട്ടുകേൾവി ഇല്ലാത്തതാണ്. കോടതി വിധികളെ ചോദ്യംചെയ്യുന്ന തരത്തിൽ പ്രസ്താവനകളോ പരാമർശങ്ങളോ നടത്തുന്നതുപോലും കോടതിയലക്ഷ്യമായി കണക്കാക്കാമെന്നിരിക്കെ ഇപ്പോൾ തെരുവിലിറങ്ങിയുള്ള പ്രതിഷേധത്തിലേക്ക് കോടതിക്കെതിരായ നീക്കങ്ങൾ വളരുന്നത് അതീവ ഗൗരവത്തോടെയാണ് ജുഡീഷ്യറി വൃത്തങ്ങൾ കാണുന്നതെന്നാണ് വിവരം.
പിഡിപി സംസ്ഥാന വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ് പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയിൽ വച്ചാണ് മദനിയുടെ മകൻ ഉമർ മുക്താറിന്റെ വിവാഹം. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഹർത്താലിന് പിഡിപി ആഹ്വാനം നടത്തിയിരിക്കുന്നത്. മദനി നൽകിയ ജാമ്യ ഹർജി ഇന്ന് രാവിലെയാണ് ബംഗളുരു കോടതി തള്ളിയതിനെ തുടർന്നാണ് പിഡിപി ഇത്തരത്തിൽ ഒരു ആഹ്വാനം നടത്തിയിരിക്കുന്നത്.
ഇത്തരത്തിൽ കോടതിക്കെതിരെ വൻ പ്രതിഷേധങ്ങളുടെ തുടക്കം ഇക്കഴിഞ്ഞ മെയ്മാസത്തിലാണ് നടന്നത്. ഇത് പിന്നീട് വലിയ ചർച്ചകൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. മതം മാറിയതിനുശേഷം മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെയും, ഷഫീന്റെയും വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കോടതി വിധിക്കെതിരെ വ്യാപകമായി സോഷ്യൽമീഡിയ പ്രചരണം ഉണ്ടാവുകയും തുടർന്ന് വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയുമായിരുന്നു.
വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകർത്താവായി പോയ സ്ത്രീക്കും ഭർത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോർപ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. യുവതിയെ ഐഎസിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമം നടക്കുന്നുണ്ടെന്ന പിതാവിന്റെ പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. നിർബന്ധിത മതപരിവർത്തനം നടന്നോ എന്ന് പരിശോധിക്കണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഇതിനെതിരെ പ്രചരണം നടത്തുകയും കോടതിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് മാർച്ച് നടത്തുകയുമായിരുന്നു. മാർച്ച് പൊലീസ് തടയുകയും ലാത്തിച്ചാർജിൽ വരെ കലാശിക്കുകയും ചെയ്തതോടെയാണ് ഇതിന് പിന്നാലെ എറണാകുളം ജില്ലയിൽ മുസ്‌ളീം ഏകോപന സമിതി ഹർത്താൽ നടത്തുകയും ചെയ്തത്. ഇരുപതോളം പൊലീസുകാർക്കും 23 പ്രവർത്തകർക്കും മാർച്ചിൽ പരിക്കേൽക്കുകയും ചെയ്യുന്ന നിലയിലേക്ക് കോടതിക്കെതിരായ മാർച്ചിൽ സംഘർഷം വളർന്നിരുന്നു.
ഇമാംസ് കൗൺസിൽ, എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, മെക്ക, ജമാഅത്ത് കൗൺസിൽ, ജമാഅത്ത് ഫെഡറേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കോടതിയുടെ നേർക്ക് മാർച്ച് നടത്തിയത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയിലേക്ക് മാർച്ച് നടക്കുകയും തുടർന്ന് ഹർത്താൽ ആഹ്വാനം ഉണ്ടാകുന്നതും.
സംഭവത്തെത്തുടർന്ന് ജഡ്ജിമാരുടെ വീടുകൾക്ക് സുരക്ഷ ശക്തമാക്കേണ്ട സാഹചര്യംവരെ ഉണ്ടായി. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോൾ പിഡിപിയും കോടതി വിധിക്കെതിരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വി.പി. നസറുദ്ദീൻ എളമരമാണ് സമരം ഉദ്ഘാടനം ചെയ്തത്. വിധി അനുകൂലമായില്ലെങ്കിൽ ജഡ്ജിമാരുടെയും പെൺകുട്ടിയുടെ പിതാവിന്റേയും വീടുകളിലേക്ക് മാർച്ച് നടത്തുമെന്നുൾപ്പെടെ എളമരം പ്രസംഗിക്കുകയും ചെയ്തു. എന്നാൽ കോടതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അന്ന് സമരം നടത്തിയ സംഘടനകളുടെ നേതാക്കൾക്കെതിരെ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായതുമില്ല.
ഇതോടെ കോടതി വിധിക്കെതിരെ പ്രതിഷേധിച്ചാലും നടപടിയുണ്ടാവില്ലെന്ന തരത്തിലേക്ക് കാര്യങ്ങൾ ലഘൂകരിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ഇതിന് തുടർച്ചയായാണ് ഇപ്പോൾ മ അദനിക്ക് ജാമ്യം നിഷേധിച്ച കോടതി വിധിയിൽ പ്രതിഷേധിച്ചും ഹർത്താൽ ആഹ്വാനം ഉണ്ടായിരിക്കുന്നതെന്ന് നിയമവൃത്തങ്ങളും കണക്കുകൂട്ടുന്നു. അന്ന് ഇത്തരത്തിൽ ഒരു പ്രതിഷേധം കോടതിക്കെതിരെ ഉണ്ടായപ്പോഴെ സംഘടനാ നേതാക്കൾക്കെതിരെ നിയമ നടപടി ഉണ്ടായിരുന്നെങ്കിൽ അത് മേലിലെങ്കിലും ഇത്തരം പ്രതിഷേധങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിച്ചേനെയെന്ന വാദമാണ് ഉയരുന്നത്.
ഇത്തരത്തിൽ ഹർത്താൽ ആഹ്വാനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കോടതിവിധിക്ക് എതിരെയുള്ള നീക്കമായതിനാൽ കോടതിയലക്ഷ്യമായി ഇതിനെ കണക്കാക്കാമെന്നും പൊലീസിന് നടപടിയെടുക്കാമെന്നും നിയമവൃത്തങ്ങൾ അഭിപ്രായപ്പെടുന്നു. ഇത്തരം നീക്കങ്ങളിൽ ശക്തമായ നടപടിയെടുക്കേണ്ടത് സർക്കാരാണെന്നും ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തിയില്ലെങ്കിൽ ഭാവിയിൽ കോടതികൾക്കെതിരെ ആസൂത്രിത നീക്കങ്ങൾ ഉണ്ടായേക്കുമെന്ന അപകടമാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

