കൊച്ചി: കോടതി വിധിക്കെതിരെ പ്രഖ്യാപിച്ച കേരള ഹർത്താലിൽ നിന്ന് പിഡിപി പിന്മാറിയത് വൻ പ്രതിഷേധവും കോടതിയലക്ഷ്യവും ഭയന്ന്. മദനിക്ക് ജാമ്യം നിഷേധിച്ചതിന് എതിരെയാണ് ബുധനാഴ്ച കേരള ഹർത്താൽ പി ഡി പി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സമരത്തോട് സഹകരിക്കില്ലെന്നും കേരളത്തിലെ ജനങ്ങളുടെ കാര്യമല്ലെന്നും പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയും ബസ്സുടമകളുടെ സംഘടനകളുമെല്ലാം രംഗത്തുവന്നു. കോടതിയുടെ വിധിക്കെതിരെ ഹർത്താൽ പ്രഖ്യാപിക്കുകയെന്നത് കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്. മുൻനിര രാഷ്ട്രീയ സംഘടനകൾപോലും മുമ്പ് ഇത്തരമൊരു ഹർത്താൽ ആഹ്വാനം നടത്തിയിട്ടില്ല.

എന്നാൽ ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹാദിയ കേസിൽ മതംമാറിയുള്ള വിവാഹം റദ്ദുചെയ്തുള്ള ഹൈക്കോടതി വിധിക്കെതിരെ മുസ്‌ളീം ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്ക് മാർച്ചും ഇതിനെ തുടർന്ന് ഹർത്താലും നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇക്കുറി പിഡിപിയും കോടതിവിധിക്കെതിരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. എന്നാൽ ജുഡീഷ്യറിക്കെതിരെ ഇത്തരമൊരു നീക്കം നടത്തുന്നത് കോടതിയലക്ഷ്യം ആകുമെന്ന് നിയമവിദഗ്ധരും ജൂഡീഷ്യറിയുമായി ബന്ധപ്പെട്ടവരും ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി വിധിക്കെതിരായ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികളും ബസ്സുടമകളും ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുകയും ജനരോഷം ഹർത്താലിനെതിരെ ഉണ്ടാകുകയും ചെയ്യുമെന്ന് വ്യക്തമായതോടെയാണ് പാർട്ടി ചെയർമാൻ മദനി തന്നെ ഇടപെട്ട് ഹർത്താലാഹ്വാനം പിൻവലിപ്പിച്ചതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതോടൊപ്പം വിധിക്കെതിരെ ഹർത്താൽ ആഹ്വാനം കോടതി ഗൗരവമായി എടുക്കാനുള്ള സാധ്യതയും മുന്നിൽ കാണുകയും നേതാക്കൾക്കെതിരെ കോടതിയലക്ഷ്യക്കേസ് ഉണ്ടാവുമെന്ന് ഉറപ്പാകുകയും ചെയ്തതോടെയാണ് സമരത്തിൽ നിന്ന് പിഡിപി പിൻതിരിഞ്ഞത്.

ബുധനാഴ്ചത്തെ പിഡിപി ഹർത്താലിനോട് സഹകരിക്കില്ലെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് പറഞ്ഞുകൊണ്ട് പിഡിപി നേതാവ് പൂന്തുറ സിറാജ് ഇന്ന് രംഗത്തുവന്നതിന്റെ തൊട്ടുപിന്നാലെയാണ് ഹർത്താൽ പിൻവലിക്കാൻ പൊടുന്നനെ മദനി ഇടപെട്ട് തീരുമാനം പ്രഖ്യാപിച്ചത്. മകന്റെ വിവാഹത്തിന് പങ്കെടുക്കാൻ പോലും അനുവദിക്കാതെ അബ്ദുൾ നാസർ മഅദനിയെ ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്നതിനെതിരെയാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും കടകൾ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനം തീക്കൊള്ളികൊണ്ട് തലചൊറിയാനുള്ള നീക്കമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ പ്രഖ്യാപനത്തെ ന്യായീകരിച്ചുകൊണ്ട് പൂന്തുറ സിറാജ് രംഗത്തുവന്നത്.

ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞ് വ്യാപാരി വ്യവസായികളുടെ തീരുമാനത്തോട് പ്രതികരിക്കുമെന്ന് പൂന്തുറ സിറാജ് പറഞ്ഞതോടെ നാളത്തെ ഹർത്താലിൽ സംസ്ഥാനത്ത് കടകൾക്കുനേരെ അക്രമം അരങ്ങേറുമെന്ന രീതിയിൽ പ്രചരണങ്ങളും സജീവമായി. ഇതിനിടെ ഹർത്താൽ തീരുമാനം പിൻവലിച്ച് മദനി തന്നെ നിർദ്ദേശം നൽകുകയായിരുന്നു.

മതംമാറിയുള്ള അഖില എന്ന ഹാദിയയുടേയും ഷഫീന്റെയും വിവാഹം അസാധുവാക്കിയുള്ള വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് മാർച്ചും പിറ്റേന്ന് എറണാകുളത്ത് ഹർത്താലും നടത്തിയതിന് സമാനമായ നീക്കം മദനി കേസിലും ആവർത്തിക്കുന്നതായിരുന്നു പിഡിപിയുടെ ഹർത്താൽ പ്രഖ്യാപനം. ഇതോടെ കോടതിവിധികൾക്കെതിരെ സംസ്ഥാനത്ത് രണ്ടാമതൊരു സമരം കൂടി നടക്കുന്നത് വലിയ ചർച്ചയാവുകയും ചെയ്തു.

രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഹർത്താലുകളും മറ്റും കേരളത്തിൽ നിരവധി നടക്കുന്നുണ്ടെങ്കിലും കോടതിവിധികൾക്കെതിരെ പ്രതിഷേധം അടുത്തകാലം വരെ കേട്ടുകേൾവി ഇല്ലാത്തതാണ്. കോടതി വിധികളെ ചോദ്യംചെയ്യുന്ന തരത്തിൽ പ്രസ്താവനകളോ പരാമർശങ്ങളോ നടത്തുന്നതുപോലും കോടതിയലക്ഷ്യമായി കണക്കാക്കാമെന്നിരിക്കെ ഇപ്പോൾ തെരുവിലിറങ്ങിയുള്ള പ്രതിഷേധത്തിലേക്ക് കോടതിക്കെതിരായ നീക്കങ്ങൾ വളരുന്നത് അതീവ ഗൗരവത്തോടെയാണ് ജുഡീഷ്യറി വൃത്തങ്ങൾ കാണുന്നതെന്ന് കഴിഞ്ഞദിവസം മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു.

പിഡിപി സംസ്ഥാന വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ് ആണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയിൽ വച്ചാണ് മദനിയുടെ മകൻ ഉമർ മുക്താറിന്റെ വിവാഹം. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഹർത്താലിന് പിഡിപി ആഹ്വാനം നടത്തിയത്. മദനി നൽകിയ ജാമ്യ ഹർജി ബംഗളുരു കോടതി തള്ളിയതിനെ തുടർന്നയിരുന്നു ഇത്.

ഇത്തരത്തിൽ കോടതിക്കെതിരെ വൻ പ്രതിഷേധങ്ങളുടെ തുടക്കം ഇക്കഴിഞ്ഞ മെയ്മാസത്തിലാണ് നടന്നത്. ഇത് പിന്നീട് വലിയ ചർച്ചകൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. മതം മാറിയതിനുശേഷം മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെയും, ഷഫീന്റെയും വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കോടതി വിധിക്കെതിരെ വ്യാപകമായി സോഷ്യൽമീഡിയ പ്രചരണം ഉണ്ടാവുകയും തുടർന്ന് വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയുമായിരുന്നു.

വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകർത്താവായി പോയ സ്ത്രീക്കും ഭർത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോർപ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. യുവതിയെ ഐഎസിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമം നടക്കുന്നുണ്ടെന്ന പിതാവിന്റെ പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. നിർബന്ധിത മതപരിവർത്തനം നടന്നോ എന്ന് പരിശോധിക്കണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ഇതിനെതിരെ പ്രചരണം നടത്തുകയും കോടതിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് മാർച്ച് നടത്തുകയുമായിരുന്നു. മാർച്ച് പൊലീസ് തടയുകയും ലാത്തിച്ചാർജിൽ വരെ കലാശിക്കുകയും ചെയ്തതോടെയാണ് ഇതിന് പിന്നാലെ എറണാകുളം ജില്ലയിൽ മുസഌം ഏകോപന സമിതി ഹർത്താൽ നടത്തുകയും ചെയ്തത്. ഇരുപതോളം പൊലീസുകാർക്കും 23 പ്രവർത്തകർക്കും മാർച്ചിൽ പരിക്കേൽക്കുകയും ചെയ്യുന്ന നിലയിലേക്ക് കോടതിക്കെതിരായ മാർച്ചിൽ സംഘർഷം വളർന്നിരുന്നു.

ഇമാംസ് കൗൺസിൽ, എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, മെക്ക, ജമാഅത്ത് കൗൺസിൽ, ജമാഅത്ത് ഫെഡറേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കോടതിയുടെ നേർക്ക് മാർച്ച് നടത്തിയത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയിലേക്ക് മാർച്ച് നടക്കുകയും തുടർന്ന് ഹർത്താൽ ആഹ്വാനം ഉണ്ടാകുന്നതും. സംഭവത്തെത്തുടർന്ന് ജഡ്ജിമാരുടെ വീടുകൾക്ക് സുരക്ഷ ശക്തമാക്കേണ്ട സാഹചര്യംവരെ ഉണ്ടായി. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോൾ പിഡിപിയും കോടതി വിധിക്കെതിരെ ഹർത്താൽ പ്രഖ്യാപിച്ചതും പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് അത് പിൻവലിച്ചതും.