ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ ബാലപീഡകന് ഇനി ആജീവനാന്തം തടവറയിൽ കഴിയാം. കുരുന്നുകളടക്കം നൂറുകണക്കിന് ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ള റിച്ചാർഡ് ഹക്കിളിന് കോടതി 22 ജീവപര്യന്തം ശിക്ഷകളാണ് വിധിച്ചത്. ബ്രിട്ടനിലും ഗ്യാപ് സ്റ്റുഡന്റ് വേഷത്തിൽ ഏഷ്യയിലെ പല രാജ്യങ്ങളിലും ചുറ്റിക്കറങ്ങിയ ഇയാൾ കുട്ടികള ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. സൺഡെ സ്‌കൂൾ അദ്ധ്യാപകനായി മലേഷ്യയിൽ ജോലി ചെയ്യുമ്പോഴും ഹക്കിൾ ക്രൂരത തുടർന്നു.

ബ്രിട്ടീഷ് കൗൺസിലിന്റെ മലേഷ്യയിലെ പ്രചാരകനായിരുന്നു ഒരുഘട്ടത്തിൽ റിച്ചാർഡ് ഹക്കിൾ. ഇയാൾ ബാലപീഡനകനാണെന്ന് പിന്നീടാണ് വെളിപ്പെടുന്നത്. ബിബിസിയിലെ ബ്രോനാഗ് മൺറോ ഇയാളെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയിലൂടെയാണ് ഒട്ടേറെ കാര്യങ്ങൾ വെളിപ്പെട്ടത്. സൺഡെ സ്‌കൂൾ അദ്ധ്യാപകനായി ബ്രിട്ടനിൽ ജോലി ചെയ്യവെ, ഒരു പെൺകുട്ടിയെ ചുംബിച്ചത് സംബന്ധിച്ച് ഇയാൾ തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നുവെന്ന് മൺറോ വെളിപ്പെടുത്തുന്നു.

കെന്റിൽനിന്നുള്ള ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന റിച്ചാർഡ് ഹക്കിൾ 2005-ലാണ് ഗ്യാപ് ഇയർ സ്റ്റുഡന്റായി മലേഷ്യയിലെത്തുന്നത്. 19 വയസ്സ് മാത്രമായിരുന്നു ഇയാൾക്കന്ന് പ്രായം. ഗ്യാപ് ഇയറിന് ശേഷം ബ്രി്ട്ടനിലേക്ക് മടങ്ങുന്നതിന് പകരം മലേഷ്യയിൽ തുടർന്ന ഹക്കിൾ പത്തുവർഷത്തോളം അവിടെ താമസിച്ചു. ഈ സമയത്ത് ഗോത്രവർഗക്കാരടക്കമുള്ള പിന്നോക്കക്കാർക്കിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ഹക്കിൾ പ്രവർത്തിച്ചു. കെയർ ഹോമുകളിലും അനാഥാലയങ്ങളിലും സേവനമനുഷ്ഠിച്ചു. ഈ ഘട്ടത്തിൽ ഹക്കിൾ കുട്ടികളടക്കമുള്ളവരെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.

ഹക്കിളിനെക്കുറിച്ച് കുട്ടികളുടെ രക്ഷിതാക്കളോടും വികാരിയോടും നേരത്തേതന്നെ അറിയിച്ചിരുന്നതായി ഹക്കിളിന് മലേഷ്യയിൽ ഗ്യാപ് ഇയർ സ്റ്റുഡന്റായും പിന്നീട് സൺഡേ സ്‌കൂൾ അദ്ധ്യാപകനായും പ്രവർത്തിക്കാൻ അവസരം നേടിക്കൊടുത്ത ആൻ ജോൺസ് പറയുന്നു. ഹക്കിളിനെ പുറത്താക്കി ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ആൻ പറയുന്നു. എന്നാൽ, ഒരുതവണ ജോലിയിൽനിന്ന് പുറത്താക്കിയ അധികൃതർ ഒരാഴ്ചയ്ക്കുശേഷം ഹക്കിളിനെ തിരിച്ചെടുത്തു. ഇതോടെ, ഇയാൾ കൂടുതൽ ശക്തനാവുകയും ചെയ്തു.