- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂക്കയെ കാണാനും മനസ്സിലാക്കാനും ലഭിക്കുന്ന ഓരോ അവസരവും അനുഗ്രഹമായി കാണുന്നു; അദ്ദേഹം സൂപ്പർ സ്റ്റാർ മാത്രമല്ല ഒരു സൂപ്പർ 'ഹ്യൂമൻ' കൂടിയാണ്: പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ കുറിച്ച് കുറിപ്പുമായി പേളിമാണി
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ 69-ാം ജന്മദിനമായിരുന്നു ഇന്നലെ. ഈയവസരത്തിൽ മമ്മൂട്ടിയെകുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ ജീവിതത്തിലെ ഒരു വിഷമഘട്ടത്തിൽ ആശ്വാസവുമായെത്തിയ മമ്മൂട്ടിയെക്കുറിച്ചാണ് പേളിയുടെ കുറിപ്പ്
''നിങ്ങളെയെല്ലാവരെയും പോലെ ധാരാളം മമ്മൂക്ക ചിത്രങ്ങൾ കണ്ടാണ് ഞാനും വളർന്നത്. ഞാൻ സിനിമയിലേക്ക് വരുമെന്നോ അദ്ദേഹത്തെ നേരിൽ കാണുമെന്നോ എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലെ ചില നായകന്മാർ യഥാർത്ഥ ജീവിതത്തിൽ അതിലും വലിയ നായകന്മാരാണെന്ന് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. മമ്മൂക്ക അതുപോലൊരു ഹീറോ ആണ്. അദ്ദേഹമൊരു പ്രചോദനമാണ്. അദ്ദേഹത്തിനൊപ്പം മനോഹരമായ നിരവധി മുഹൂർത്തങ്ങൾ, മനോഹരമായ മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്.
പക്ഷേ ഈ ചിത്രമെടുത്ത ദിവസം ഒരുപാട് സ്പെഷൽ ആയ ഒന്നാണ്. അന്നായിരുന്നു ' പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചിത്രത്തിന്റെ സെറ്റിൽ അദ്ദേഹത്തിനൊപ്പമുള്ള എന്റെ ആദ്യ ഷൂട്ടിങ് ദിവസം. അതേ ദിവസം രാവിലെ തന്നെയാണ് എനിക്ക് എന്റെ അമ്മാവനെ നഷ്ടപ്പെട്ടത് (അമ്മയുടെ ഇളയ സഹോദരൻ). എന്റെ മുഴുവൻ കുടുംബാംഗങ്ങളും മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനായി ബാംഗ്ലൂരിലേക്ക് പോയെങ്കിലും ജോലിയാണ് പ്രാധാന്യം, ഷൂട്ടിങ് നടക്കണം എന്നു പറഞ്ഞ് എന്നോട് വരേണ്ടെന്ന് അച്ഛൻ പറഞ്ഞു. അതത്ര എളുപ്പമായിരുന്നില്ലെങ്കിലും മുഖത്ത് ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത് ഞാൻ സെറ്റിലെത്തി. പലതരം വികാരങ്ങളിലൂടെയാണ് ഞാൻ കടന്നു പൊയ്ക്കൊണ്ടിരുന്നത്. കരയുന്നുണ്ട്, എന്നാൽ കരയാതിരിക്കാനും ശ്രമിക്കുന്നുണ്ട്. കാരണം എന്റെ കണ്ണുകൾ വന്നുവീർക്കും. ചിത്രീകരിക്കാൻ പോവുന്നത് ഒരു കോമഡി രംഗമാണ് താനും.
കുറച്ചുകഴിഞ്ഞപ്പോൾ മമ്മൂക്ക സെറ്റിലെത്തി. എങ്ങനെയോ എന്റെ കാര്യം മമ്മൂക്ക നേരത്തെ അറിഞ്ഞിരുന്നു. അദ്ദേഹം എന്റെ അരികിലേക്ക് വന്നു, എന്നോട് സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചു. പക്ഷേ ഏറ്റവും മനോഹരമായ കാര്യമെന്തെന്നാൽ, അദ്ദേഹം എന്നോട് അമ്മയെ ഫോണിൽ വിളിക്കാൻ പറഞ്ഞു. ഫോണിൽ അമ്മയോട് സംസാരിച്ചു, അമ്മയെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന് അതൊന്നും ചെയ്യേണ്ട കാര്യമില്ല, അദ്ദേഹമൊരു സൂപ്പർസ്റ്റാറാണ്. പക്ഷേ അതിലുമുപരി അദ്ദേഹം ഒരു സൂപ്പർ ' ഹ്യൂമൻ' കൂടിയാണ്. അദ്ദേഹത്തെ കാണാനും മനസ്സിലാക്കാനും ലഭിക്കുന്ന ഓരോ അവസരവും ഞാൻ അനുഗ്രഹമായി കരുതുന്നു. അദ്ദേഹമൊരു മാണിക്യമാണ്. എന്നും ഞാനദ്ദേഹത്തിന്റെ ആരാധികയായിരിക്കും. ജന്മദിനാശംസകൾ മമ്മൂക്ക. നിങ്ങൾക്ക് തങ്കം പോലൊരു മനസാണുള്ളത്., അത് ഈ മേഖലയിൽ അപൂർവ്വവുമാണ്, അതുകൊണ്ടായിരിക്കാം നിങ്ങളിത്ര സ്നേഹിക്കപ്പെടുന്നതും, മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി കുറിച്ചു..
തന്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ മമ്മൂട്ടിയ്ക്കൊപ്പം നിന്ന് പകർത്തിയ അമ്മയുടെ ചിത്രവും പേളി പങ്കുവച്ചിട്ടുണ്ട്.