വിയന്ന: റോഡുകൾ മുറിച്ചു കടക്കുമ്പോഴും മറ്റും കാൽനട യാത്രക്കാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താൻ ഓസ്ട്രിയൻ ട്രാഫിക് സൈക്കോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നു. റോഡ് മുറിച്ചു കടക്കുമ്പോഴും മറ്റും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടങ്ങൾക്കു വഴിതെളിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കാൽനടയാത്രക്കാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താൻ തീരുമാനിക്കുന്നത്.

നിലവിൽ ഡ്രൈവർമാർക്കും സൈക്കിളിസ്റ്റുകൾക്കും മൊബൈൽ ഫോൺ ഉപയോഗത്തിന് ഏർപ്പെടുത്തിയിരിക്കുന്നതു പോലെയുള്ള വിലക്ക് കാൽനടക്കാർക്കും പ്രായോഗികമാക്കണമെന്നാണ് ട്രാഫിക് വിദഗ്ധനും സൈക്കളോജിസ്റ്റുമായ ഡോ. ഗ്രിഗർ ബാർട്ടിൽ പറയുന്നത്. റോഡിൽ കൂടി നടക്കുമ്പോഴും മറ്റും മിക്കവരും പാട്ടു കേൾക്കുകയോ ടെക്‌സ്റ്റ് മെസേജ് അയയ്ക്കുകയോ ആണ് ചെയ്യുക. റോഡിൽ എന്തു സംഭവിക്കുന്നു എന്നതിന് അവർ പ്രാധാന്യം നൽകുന്നില്ല. ഇത് ഏറെ അപകടങ്ങളിലേക്ക് വഴി തെളിക്കുന്നുണ്ട്.

കാൽനടയാത്രക്കിടയിൽ ഫേസ് ബുക്ക് പരിശോധിക്കുക, ടെക്‌സ്റ്റിങ് നടത്തുക എന്നീ കാര്യങ്ങൾ ചെയ്യുന്നവരെ ഡിജിറ്റൽ ഡെഡ് വാക്കേഴ്‌സ് എന്നാണ് യുഎസിൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരക്കാർ സ്വയം അപകടങ്ങളിൽ ചാടുകയും മറ്റുള്ളവർക്ക് അപകടം വരുത്തി വയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്.

ഇവ തടയാൻ ഒരു നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ഡോ. ബാർട്ടിൽ വ്യക്തമാക്കുന്നു. റോഡ് ക്രോസ് ചെയ്യുമ്പോഴും മറ്റും ടെക്‌സ്റ്റ് മെസേജുകൾ വായിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നത് തടയുന്ന രീതിയിൽ തന്നെ നിയമം കൊണ്ടുവരണമെന്നാണ് ഡോ. ബാർട്ടിൽ വാദിക്കുന്നത്. ഉടൻ തന്നെ ഇത്തരത്തിൽ നിയമം ഓസ്ട്രിയയിൽ നടപ്പിലാക്കാനുള്ള നിർദേശമാണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നൽകിയിരിക്കുന്നത്.