ഓക്ക്‌ലാൻഡ്: കാൽനടയാത്രക്കാരുടെ അപകടമരണ നിരക്ക് വർധിച്ചുവരുന്നതായി റിപ്പോർട്ട്. ഈ വർഷം തന്നെ 42 കാൽനടക്കാരുടെ ജീവൻ റോഡിൽ പൊലിഞ്ഞതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. 2014നു ശേഷമുള്ള ഉയർന്ന മരണനിരക്കാമിതെന്നാണ് വ്യക്തമാകുന്നത്. റോഡ് സുരക്ഷയ്ക്കും മറ്റും സർക്കാർ ഏറെ പണം ചെലവഴിച്ചിട്ടും കാൽനട യാത്രക്കാരുടെ ജീവൻ ഏറെ പൊലിയുന്നതിൽ ഗതാഗത വകുപ്പ് ഉത്കണ്ഠ പ്രകടിപ്പിച്ചു.

കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷ നൽകിക്കൊണ്ട് ഫുട്പാത്തുകളും സൈക്കിൾ വേകളും നിർമ്മിച്ചിട്ടും മരണനിരക്ക് വർധിച്ചുവരുന്നതിനെ ഗതാഗത വകുപ്പ് അപലപിക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓക്ക്‌ലാൻഡിൽ തന്നെ ഈ വർഷം 13 കാൽനടയാത്രക്കാരാണ് മരിച്ചത്. മരണ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ റോഡുകളിൽ സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തുന്നത് ആലോചിച്ചു വരികയാണ് സർക്കാർ.