പത്തനംതിട്ട: മകന്റെ പിതൃത്വം തെളിയിക്കാൻ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും നിരാലംബയായ ആദിവാസി സ്ത്രീക്ക് നീതിലഭിക്കുന്നില്ലെന്ന് പരാതി. സമ്പന്ന കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നിൽ സർക്കാരിന്റെ വിവിധ വകുപ്പുകളും ഇവരെ കൈയൊഴിഞ്ഞ അവസ്ഥയാണിപ്പോൾ. പട്ടികജാതി/വർഗ കമ്മീഷനുമുന്നിൽ നൽകിയ പരാതിയെ തുടർന്ന് ഐജി നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും കേസ് അന്വേഷിച്ച തിരുവല്ല ഡിവൈഎസ്‌പി മൊഴി രേഖപ്പെടുത്തിയശേഷം തന്റെ ഒപ്പുപോലും അതിൽ രേഖപ്പെടുത്താതെ സ്ഥലം വിടുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഈ സാഹചര്യത്തിലാണ് തനിക്കും 12 വയസുള്ള മകനും ഉണ്ടായ കൊടുംചതി വിവരിക്കാൻ ഇവർ തയാറായത്.

റാന്നി പഴവങ്ങാടി വില്ലേജിലെ നാറാണം മൂഴിക്ക് സമീപമുള്ള ചൊള്ളിനാവയലിലെ ആദിവാസി കോളനി നിവാസിയാണ് പരാതിക്കാരിയായ മധ്യവയസ്‌ക്ക. വളരെ ചെറുപ്പത്തിൽ വിവാഹിതയായ ഇവർക്ക് ഒരു പെൺകുട്ടി ജനിച്ചെങ്കിലും വൈകാതെ ഭർത്താവ് ഉപേക്ഷിച്ചുപോയി. തുടർന്ന് കൂലിപ്പണി ചെയ്താണ് ഇവർ കഴിഞ്ഞുവന്നത്. ജീവിതം വഴിമുട്ടിയതോടെയാണ് 1996ൽ നാറാണം മൂഴിയിലെ സാമ്പത്തീക സ്വാധീനമുള്ള ഒരു വീട്ടിൽ വേലയ്ക്കായി എത്തിയത്. അദ്ധ്യാപക ദമ്പതിമാരായ മാതാപിതാക്കൾ സ്‌കൂളിലേക്ക് പോകുന്നതോടെ അവരുടെ ഏക മകൻ തന്നെ ശല്യപ്പെടുത്തുന്നതുന്നത് പതിവാക്കിയിരുന്നതായി പെരുനാട് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ ഇവർ വ്യക്തമാക്കുന്നു.

വിദ്യാർത്ഥിയായിരുന്ന അയാളെ പിന്തിരിപ്പിക്കാൻ പലപ്പോഴും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരിക്കൽ അയാൾ തന്നെ കീഴ്പ്പെടുത്തിയ ശേഷം ബലാൽസംഗം ചെയ്തു. ഇതേപ്പറ്റി മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യുവാവ് കരഞ്ഞു. ഇനി ഒരിക്കലും തെറ്റ് ആവർത്തിക്കില്ലെന്ന് അയാൾ പറഞ്ഞുവെങ്കിലും വീണ്ടും പീഡനം തുടർന്നു. പരാതിപറയാൻ ശ്രമിച്ചപ്പോൾ മോഷണ കേസിൽ കുടുക്കി ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുകാരുടെ സ്വാധീനവും രാഷ്ട്രീയമായി അവർക്കുള്ള പിന്തുണയും ഓർത്തപ്പോൾ എല്ലാം മനസിൽ ഒതുക്കി കഴിയാൻ മാത്രമായിരുന്നു ഇവരുടെ വിധി.

പിന്നീടുള്ള ദിവസങ്ങളിൽ പൊലീസിനെകൊണ്ട് പിടിപ്പിക്കും എന്ന് പറഞ്ഞ് പീഡിപ്പിക്കുന്നത് പതിവായി. ഒടുവിൽ താൻ ഗർഭിണിയായ വിവരം യുവാവിനെയും മാതാപിതാക്കളെയും അവർ അറിയിച്ചു. ഗർഭം അലസിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇതിനായി വൻ തുക വാഗ്ദാനവും ചെയ്തു. അതിന് സമ്മതിക്കാതെ വന്നതോടെ അവർ അനുരഞ്ജനത്തിന് തയ്യാറായി. സുരക്ഷിതമായി വീട്ടിൽ കഴിയാമെന്നും എന്നാൽ ഗർഭിണിയാണെന്ന വിവരം ആരെയും അറിയിക്കരുതെന്നും അവർ നിർദ്ദേശിച്ചു. പ്രസവം അടുക്കാറായപ്പോൾ തിരുവനന്തപുരം കാരേറ്റുള്ള അവരുടെ ബന്ധുവീട്ടിലേക്ക് മാറ്റി. 2006 ഒക്ടോബർ 5ന് കാരേറ്റുള്ള വീട്ടിൽ വച്ച് ആദിവാസി യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

ഒത്തുതീർപ്പിനായിട്ടുള്ള നീക്കമായിരുന്നു പിന്നീട് യുവാവിന്റെ വീട്ടുകാർ നടത്തിയത്. പത്തുലക്ഷം രൂപാ നൽകാമെന്നും ശല്യമൊന്നും ഉണ്ടാക്കരുതെന്നും അവർ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ അതിന് സമ്മതിക്കാതിരുന്നതിനെ തുടർന്ന് പൊള്ളനാവയലിലുള്ള വീട്ടിൽ യുവതിയെ എത്തിച്ചശേഷം വീട്ടുകാർ സ്ഥലം വിട്ടു. ഉദ്ദേശ്യം രണ്ടുവർഷക്കാലം പ്രതിമാസം 1000 രൂപാ ചെലവിനായി ഇവർ യുവതിക്ക് നൽകിയിരുന്നു. കുട്ടിയെ വളർത്താൻ നിർവാഹമില്ലാതെ വന്നതോടെ യുവതി വീണ്ടും വീട്ടുകാരെ സമീപിച്ചു.

എന്നാൽ ഇനി പണം ചോദിച്ചുവന്നാൽ കുട്ടിയെയും തന്നെയും വീട്ടിലിട്ട് ചുട്ടുകളയുമെന്ന് അവർ ഭീഷണിപ്പെടുത്തിയാതായി പരാതിയിൽ വ്യക്തമാക്കുന്നു. ഒടുവിൽ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖനായ ഒരു വ്യക്തിയുടെ ഇടപെടൽ മൂലം വീണ്ടും മാസചെലവിന് ആയിരം രൂപാ വീതം നൽകാൻ വീട്ടുകാർ നിർബന്ധിതരായി. എന്നാൽ ഇടനിലക്കാരനായ വ്യക്തി പെട്ടന്ന് മരിച്ചതോടെ ആ വരുമാനവും നിലച്ചു.

ഇതിനിടെ മകന്റെ പിതൃത്വം അംഗീകരിച്ചുകിട്ടണമെന്ന ആവശ്യവുമായി ജില്ലാ കലക്ടർ, വനിതാ സെൽ, മുഖ്യമന്ത്രി എന്നിവർക്കൊക്കെ അവർ പരാതി സമർപ്പിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. മകന് ഇപ്പോൾ 12 വയസായി. ബർത്ത് സർട്ടിഫിക്കറ്റ് അടക്കമുള്ളവ ലഭിക്കാൻ പിതൃത്വം തെളിയിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്ന് അവർ പറഞ്ഞു. ഇതിനായി മകന്റെയും പിതൃത്വം ആരോപിക്കപ്പെടുന്ന വ്യക്തിയുടെയും ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

പിതാവിന്റെ പേരുകൂടി ചേർത്താണ് ഇവർ മകന് പേരിട്ടിരിക്കുന്നത്. നാൽപ്പത്തിഒന്ന് വയസ് പിന്നിട്ട അയാൾ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. ഗൾഫിൽ ജോലി ചെയ്യുന്ന ഇയാൾ നാട്ടിൽ എത്തിയെങ്കിൽ മാത്രമെ തുടർനടപടികൾക്ക് സാധ്യതയുള്ളൂ. തനിക്ക് നീതിലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.