ന്യുഡൽഹി: ബോളിവുഡ് ചിത്രമായ പീപ്പ്ലി ലൈവിന്റെ സംവിധായകൻ മുഹമ്മദ് ഫാറൂഖി ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കോടതി. ഫാറൂഖിക്കുള്ള ശിക്ഷ ഓഗസ്റ്റ് രണ്ടിനു വിധിക്കും.

അമീർ ഖാൻ നിർമ്മിച്ച ഏറെ പ്രശസ്തമായ ചിത്രമായിരുന്നു പീപ്‌ലി ലൈവ്. നസീറുദീൻ ഷായുൾപ്പെടെയുള്ള നിരവധി പ്രശസ്ത നടന്മാർ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

2015ലാണ് കേസിനാസ്പദമായ സംഭവം നടത്തത്. കൊളംബിയ സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്ന 35കാരിയായ അമേരിക്കൻ യുവതിയെ ഫാറൂഖി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ വർഷം മാർച്ച് 28ന് ദക്ഷിണ ഡൽഹിയിലെ സുഖ്ദേവ് വിഹാറിലെ വസതിയിൽ വച്ച് ഫാറൂഖി യുവതിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഗവേഷണത്തിനായാണ് യുവതി ഇന്ത്യയിൽ എത്തിയത്.

കഴിഞ്ഞ ജൂൺ 19ന് നയതന്ത്ര പ്രതിനിധികൾ മുഖേന ഡൽഹി പൊലീസിനെ സമീപിക്കുകയും ഇന്ത്യയിൽ മടങ്ങി എത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഫാറൂഖി, മദ്യലഹരിയിൽ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.