- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈക്കം മുഹമ്മദ് ബഷീർ വിശേഷിപ്പിച്ചത് കേരളത്തിന്റെ ഗാനകോകിലം എന്ന്; കണ്ഠത്തിൽ പൂങ്കുയിലുമായി നടക്കുന്നവൻ എന്നു വൈലോപ്പിള്ളിയും; മുസ്ലിംകളുടെയല്ല എല്ലാ ഗാനാസ്വാദകരുടെയും പൊതുസ്വത്തായ പീർക്ക; പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദാണ്. ഒരു ഗായകനോടും ഒരിക്കലും സാമ്യം തോന്നാത്ത വ്യത്യസ്തമായ ശബ്ദമായിരുന്നു പീർ മുഹമ്മദിന്റെ പ്രത്യേകത. ഇശൽ പൂങ്കുയിൽ എന്നും വിളിപ്പേരെത്തി.
മുസ്ലിംകളുടെയല്ല എല്ലാ ഗാനാസ്വാദകരുടെയും പൊതുസ്വത്താണ് പീർക്ക. സാഹിത്യകാരന്മാരായ വൈലോപ്പിള്ളിയും വൈക്കം മുഹമ്മദ് ബഷീറും വരെ ആ ശബ്ദത്തിന്റെ ആരാധകരായിരുന്നു. 'കേരളത്തിന്റെ ഗാനകോകിലം എന്നാണു പീർക്കയെ ബഷീർ വിശേഷിപ്പിച്ചത്. 'കണ്ഠത്തിൽ പൂങ്കുയിലുമായി നടക്കുന്നവൻ എന്നു വൈലോപ്പിള്ളിയും. ആ സംഗീത വിസ്മയമാണഅ ഓർമ്മയാകുന്നത്.
1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള 'സുറണ്ടൈ' ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബൽക്കീസായിരുന്നു മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോൾ പിതാവുമൊത്ത് അദ്ദേഹം തലശ്ശേരിയിലെത്തി. തായത്തങ്ങാടി താലിമുൽ അവാം മദ്രസ യു.പി സ്‌കൂൾ, തലശ്ശേരിയിലെ സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബിരുദം.
നാല്-അഞ്ച് ക്ലാസുകളിൽ പഠിക്കുമ്പോൾ കവിതകൾ ചൊല്ലിക്കൊണ്ടാണ് തുടക്കം എന്ന് പീർ മുഹമ്മദ് ഓര്ക്കാറുണ്ട്. വയലാർ രാമവർമയുടെ കവിതകളോടായിരുന്നു ഏറെ കമ്പം. ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദർഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അദ്ധ്യാപകരുടെയും ഇടയിൽ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി. എന്നാൽ പറയത്തക്ക ഒരു സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല പീർ മുഹമ്മദിന്റേത്. അദ്ദേഹത്തിന്റെ പിതാവ് നല്ലൊരു സംഗീതാസ്വാദകനായിരുന്നു.
വെറും ഒൻപതാം വയസ്സിൽ എച്ച്എംവിയുടെ എൽപി റെക്കോർഡിൽ നാലു പാട്ടു പാടിക്കൊണ്ടുള്ള സ്വപ്നതുല്യമായ തുടക്കമായിരുന്നു പീർ മുഹമ്മദിന്റേത്. എല്ലാ പാട്ടും സ്ത്രീ ശബ്ദത്തിൽ. രണ്ടെണ്ണം പട്ടം സദനൊപ്പം. ഹിന്ദുസ്ഥാൻ ലീവറിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവാണ് മദ്രാസിലെ എച്ച്എംവി സ്റ്റുഡിയോയിൽ അവസരം ഒരുക്കിക്കൊടുത്തത്. മാപ്പിളപ്പാട്ടിന്റെ മർമമറിയുന്ന ഒ.വി. അബ്ദുല്ല എഴുതിയ വരികൾ പാടി തന്റെ സംഗീതജീവിതം ആരംഭിക്കാൻ കഴിഞ്ഞു എന്ന ഭാഗ്യവും പീർ മുഹമ്മദിനുണ്ടായി. അന്ന് എച്ച്എംവിയിലെ പതിവു സംഗീത സംവിധായകനായ ടി.എം. കല്യാണം ആയിരുന്നു സംഗീതം നിർവഹിച്ചത്.
പിൽക്കാലത്ത് മോയിൻകുട്ടി വൈദ്യർ, പി.ടി. അബ്ദുറഹിമാൻ, ടി.സി. മൊയ്തു, സി.എച്ച്. വെള്ളിക്കുളങ്ങര തുടങ്ങിയവരുടെയൊക്കെ പാട്ടുകൾ പാടി. പി.ടി. അബ്ദുറഹിമാന്റെ മാത്രം നാലായിരം പാട്ടുകൾക്കു ശബ്ദം നല്കിയെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞയിടെ ഒരു ടെലിവിഷൻ ചാനലിലെ മാപ്പിളപ്പാട്ട് മൽസരത്തിലെ ഫൈനലിലെ യുഗ്മഗാന റൗണ്ടിൽ പങ്കെടുത്ത പത്തു ടീമിൽ ഒൻപതു പേരും പാടിയത് പീർക്കയുടെ പാട്ടുകളായിരുന്നു. നാലായിരത്തിലേറെ പാട്ടുകൾക്കു സംഗീതം നൽകിയ പീർ മുഹമ്മദ് സംഗീതം പഠിച്ചിട്ടേയില്ല.
പീർ മുഹമ്മദിനെ രൂപപ്പെടുത്തിയതിൽ പ്രമുഖ സംഗീത സംവിധായകൻ എ.ടി. ഉമ്മറിനു വലിയ പങ്കുണ്ട്. സ്ത്രീ ശബ്ദത്തിലുള്ള ആദ്യകാല റിക്കോർഡിങ്ങുകൾക്കുശേഷം പീർ മുഹമ്മദിനെ ഒരു പ്രഫഷനൽ ഗായകനാക്കുന്നത് ഉമ്മറാണ്. 'സംഗീത ജീവിതത്തിൽ ജ്യേഷ്ഠ സഹോദരന്റ സ്ഥാനമാണ് എ.ടി. ഉമ്മറിന്. എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ 'കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാൽ...' (സിനിമ: അന്യരുടെ ഭൂമി), കെ. രാഘവന്റെ സംഗീതത്തിൽ 'നാവാൽ മൊഴിയുന്നേ...' (തേൻതുള്ളി) എന്നീ സിനിമാഗാനങ്ങൾ പാടി.


