ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിച്ച് സുപ്രീം കോടതി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുകയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ വിധി പ്രസ്താവത്തിൽ പറഞ്ഞു.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സാങ്കേതിക വിദഗ്ധരും സമിതിയിൽ അംഗമായിരിക്കും. എട്ടാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും. വിദഗ്ധ സമിതി കേന്ദ്ര സർക്കാർ രൂപീകരിക്കാം എന്ന ആവശ്യം സുപ്രീം കോടതി തള്ളി.പെഗസ്സസ് ഫോൺ ചോർത്തൽ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിർന്ന മാധ്യപ്രവർത്തകരായ എൻ. റാമും ശശികുമാറും രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസും നൽകിയ ഹർജിയിലാണ് വിധി.

ഭരണഘടനാ തത്വങ്ങൾ ഉയർത്താനാണ് ശ്രമമെന്ന് കോടതി അറിയിച്ചു. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വകാര്യത കാത്തു സൂക്ഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളിൽനിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ദേശസുരക്ഷ ഹനിക്കുന്ന സാങ്കേതിക വിദ്യ വേണോയെന്ന് സർക്കാർ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു

റോ മുൻ മേധാവി അലോക് ജോഷി, ഡോ. നവീൻ കുമാർ ചൗധരി (ഡീൻ, നാഷനൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി), ഡോ.പി. പ്രഭാകരൻ( കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂൾ ഓഫ് എൻജിനീയറിങ് പ്രഫസർ), ഡോ. അശ്വിൻ അനിൽ ഗുമസ്‌തെ( മുംബൈ ഐഐടി പ്രഫസർ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

 ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഇസ്രയേൽ സ്ഥാപനമായ എൻഎസ്ഒയുടെ സ്‌പൈവെയറായ പെഗസ്സസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാരെയും രാഷ്ട്രീയക്കാരെയും അടക്കം വിവരങ്ങൾ ചോർത്തിയതാണ് സംഭവം. കേസിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് കോടതി മുൻപാകെയുള്ള ഹർജികളിലെ ആവശ്യം. ഇതാണ് അംഗീകരിച്ചത്. ഒരു അന്താരാഷ്ട്ര മീഡിയ കൺസോർഷ്യം റിപ്പോർട്ട് ചെയ്തത് 300 ലധികം വെരിഫൈഡ് ആയുള്ള മൊബൈൽ നമ്പരുകൾ പെഗസ്സസിന്റെ നിരീക്ഷണത്തിൽ ഉണ്ടെന്നാണ് കണക്ക്.


ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗസ്സസ് എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. ഇസ്രയേലി സ്‌പൈവെയർ ആയ പെഗസ്സസ് ആഗോളതലത്തിൽ ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെഗസ്സസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹർജികൾ സുപ്രീം കോടതിക്കു മുൻപാകെ എത്തിയത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരായിരന്നു മറ്റ് അംഗങ്ങൾ.

ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒയാണ് പെഗസ്സസ് ചാര സോഫ്റ്റ് വെയറിന്റെ നിർമ്മാതാക്കൾ. രാഷ്ട്രീയ-മാധ്യമ-സാമൂഹിക പ്രവർത്തകർക്കു മേൽ ചാരവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാൻ ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കാൻ ആലോചിക്കുന്നതായി കഴിഞ്ഞമാസം 23-ന് നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ടെക്നിക്കൽ കമ്മിറ്റിയുടെ ഭാഗമാകാൻ താൽപര്യമുള്ളവരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഉത്തരവ് വൈകാൻ കാരണമെന്നും അന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തിരുന്നു. അതുകൊണ്ട് തന്നെ ഏവരും പ്രതീക്ഷിച്ച വിധിയാണ് പുറത്തു വരുന്നത്.

പെഗസ്സസിന്റെ നിരീക്ഷണത്തിൽ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കൾ, സുപ്രിംകോടതി ജഡ്ജി, നാൽപതിലേറെ മാധ്യമപ്രവർത്തകർ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നു റിപ്പോർട്ട്. ലോകമെങ്ങുമുള്ള ആയിരക്കണക്കിന് പേരുടെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. പുണെയിലെ ഭീമ കോറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട എൽഗർ പരിഷത് കേസിൽ പ്രതികളായ തൃശൂർ സ്വദേശി ഹനി ബാബു, കൊല്ലം സ്വദേശി റോണ വിൽസൻ, കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവുവിന്റെ മകൾ കെ.പാവന, പാർലമെന്റ് ആക്രമണക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത ഡൽഹി സർവകലാശാലാ അദ്ധ്യാപകൻ എസ്.എ.ആർ ഗീലാനി തുടങ്ങിയവരുടെ നമ്പരുകളും ഉൾപ്പെടുന്നു.

മാധ്യമപ്രവർത്തകരുടെ പട്ടികയിൽ മലയാളികളായ എം.കെ. വേണു, സന്ദീപ് ഉണ്ണിത്താൻ, ജെ.ഗോപീകൃഷ്ണൻ എന്നിവരും അമിത് ഷായുടെ മകൻ ജയ് ഷായുടെ ബിസിനസ് വളർച്ചയെക്കുറിച്ചു വാർത്തയെഴുതിയ രോഹിണി സിങ്ങുമുണ്ട്. കൊച്ചി സ്വദേശിയായ ആക്ടിവിസ്റ്റ് ജയ്‌സൻ കൂപ്പറാണു മറ്റൊരു മലയാളി. അഭിഭാഷകർ, ബിസിനസുകാർ, ശാസ്ത്രജ്ഞർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുമുണ്ട്. കൂടുതൽ നിരീക്ഷണവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് 2017-19 കാലയളവിലായിരുന്നുവെന്നാണു വിവരം.

50 രാജ്യങ്ങളിലായി അര ലക്ഷം പേരുടെ ഫോൺ നമ്പരുകൾ പെഗസ്സസ് ഡേറ്റബേസിൽ ഉൾപ്പെട്ടിരിക്കുമെന്ന് മാധ്യമങ്ങളുടെ അന്വേഷണം വെളിപ്പെടുത്തുന്നു. ഇവരിൽ 1000 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോൺ നമ്പർ ഉടമകളിൽ അറുന്നൂറിലധികം രാഷ്ട്രീയക്കാരും 189 മാധ്യമപ്രവർത്തകരും ഉൾപ്പെടും. ഫിനാൻഷ്യൽ ടൈംസ്, സിഎൻഎൻ, ദ് ന്യൂയോർക്ക് ടൈംസ്, റോയിറ്റേഴ്‌സ് തുടങ്ങിയവയിലെ മാധ്യമപ്രവർത്തകരുടെ നമ്പറുകളും ഇക്കൂട്ടത്തിലുണ്ട്.