- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാക്ക് ചെയ്‌തെടുത്ത വിവരങ്ങൾ വിൽക്കാനായി ഇടനിലക്കാരൻ ഉപഭോക്താക്കളിൽ ചിലരെ സമീപിച്ചിരുന്നു; സൈപ്രസിൽ സെർവ്വർ പോലുമില്ല; 100 പേരെ നിരീക്ഷിക്കുന്ന 45 സർക്കാർ ഉപഭോക്താക്കൾ മാത്രമാണുള്ളത്; പുറത്തു വരുന്നതെല്ലാം പച്ചക്കള്ളമോ? പെഗസസിൽ എൻ സ് ഒയുടെ വിശദീകരണം
ന്യൂഡൽഹി: ഗുരുതരമായ ആരോപണങ്ങളാണ് പെഗസസിനെതിരെ ഉയരുന്നത്. ഇതിനിടെ ഇതെല്ലാം കള്ളമാണെന്ന് പറയുകയാണ് ഇതിന്റെ നിർമ്മാതാക്കൾ. എൻഎസ്ഒ ഗ്രൂപ്പിന്റെ സൈപ്രസിലെ സെർവർ ഹാക്ക് ചെയ്‌തെടുത്ത വിവരങ്ങൾ വിൽക്കാനെന്ന പേരിൽ ഒരു ഇടനിലക്കാരൻ തങ്ങളുടെ ഉപഭോക്താക്കളിൽ ചിലരെ സമീപിച്ചിരുന്നതായി പെഗസസിന്റെ സ്രഷ്ടാക്കളിലൊരാളും എൻഎസ്ഒ സിഇഒയുമായ ഷലെവ് ഹൂലിയോയുടെ വെളിപ്പെടുത്തൽ ഇതിന്റെ ഭാഗമാണ്.
എൻഎസ്ഒ ഗ്രൂപ്പിന്റെ ചരിത്രം മൊത്തം പരിശോധിച്ചാൽ പോലും 50,000 പേരെ ഉന്നമിട്ടിട്ടില്ല. പ്രതിവർഷം ഏകദേശം 100 പേരെ നിരീക്ഷിക്കുന്ന 45 സർക്കാർ ഉപഭോക്താക്കൾ മാത്രമാണുള്ളത്. അത് ആരെയെല്ലാമാണെന്ന് എൻ എസ് ഒയ്ക്ക് അറിയുകയുമില്ലെന്നാണ് അവരുടെ വിശദീകരണം. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വെറും പുകമറയാണെന്നും അവർ പറയുന്നു. ഇസ്രയേൽ ടെക് വെബ്‌സൈറ്റായ സിടെക്കിനു നൽകിയ അഭിമുഖത്തിലാണ് പരാമർശം.
സൈപ്രസിലെ നീക്കവും പൊളിക്കുകയാണ് ഹൂലി. എൻഎസ്ഒയ്ക്ക് സൈപ്രസിൽ സെർവർ പോലുമില്ല. എന്നിട്ടും പെഗസസ് ഉന്നമിട്ടവർ എന്ന പേരിൽ ഒരു വലിയ പട്ടികയുമായി ഇടനിലക്കാരൻ പലരെയും സമീപിച്ചു. ഇതിന്റെ ചില സ്‌ക്രീൻ ഷോട്ടുകളും ലഭിച്ചു. തങ്ങളുമായി ഇതിനൊരു ബന്ധവുമില്ലെന്ന് പരിശോധനയിൽ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
പെഗസസ് വലയത്തിൽ വരുന്ന വ്യക്തികളുടെ ഒരു പട്ടികയും എൻഎസ്ഒയുടെ പക്കലില്ല. കാരണം ഓരോ ഉപഭോക്താവും എങ്ങനെയാണ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതെന്നു കമ്പനിക്ക് അറിയാൻ കഴിയില്ല. ഉപഭോക്താക്കളല്ലാത്ത രാജ്യങ്ങൾ പോലും ഇപ്പോഴത്തെ പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിനാൻഷ്യൽ ടൈംസിന്റെ എഡിറ്റർ റൗല ഖലഫ് പെഗസസിലൂടെ ഉന്നം വയ്ക്കപ്പെട്ടുവെന്ന് ആരോപണമുയർത്തിയപ്പോൾ പരിശോധിച്ചു. എൻഎസ്ഒയുടെ ഒരു ഉപഭോക്താവിന്റെയും ടാർഗറ്റ് ആയിരുന്നില്ല അവർ. മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഭാര്യയുടെയും ഫോണിൽ പെഗസസ് ഉണ്ടായിരുന്നില്ല-അദ്ദേഹം വിശദീകരിക്കുന്നു.
45 ഉപഭോക്താക്കളുണ്ട്. ഉന്നംവയ്ക്കപ്പെട്ടവരുടെ പൊതുപട്ടികയുമില്ല. പിന്നെങ്ങനെ ആരോപണം വ്യാജമെന്ന് ഉറപ്പിക്കുമെന്ന ചോദ്യത്തിനും കൃത്യമായ മറുപടിയുണ്ട്. ഞങ്ങൾ പരിശോധിച്ചു. ഒരാഴ്ചയായി നടക്കുന്ന സംഭവമല്ലേ. ഇതിൽ പല ഫോൺ നമ്പറുകളും ഞങ്ങൾക്കു ലഭിച്ചതുകൊണ്ട് ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ പരിശോധിച്ചു. ഉപഭോക്താക്കൾ വഴിയാണ് പരിശോധിച്ചത്. മുൻപുണ്ടായിരുന്ന ഉപഭോക്താക്കളോടും പരിശോധിക്കാൻ അനുമതി തേടിയിരുന്നു-അദ്ദേഹം പറയുന്നു.
പെഗസസ് വിട്ട രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുണ്ടെന്ന് നേരത്തെ ഈ ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇക്കാര്യം അവർ നിഷേധിച്ചിട്ടുമില്ല. ഇതിനിടെയും പെഗസ്സസ് വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തു വന്നിരുന്നു.. അനിൽ അംബാനി അടക്കമുള്ളവർ ഉപയോഗിച്ചിരുന്ന ഫോണുകളും ചോർത്തിയിരുന്നു എന്നാണ് വെളിപ്പെടുത്തൽ. അനിൽ അംബാനിക്ക് പുറമെ അദ്ദേഹത്തിന്റെ കമ്പനിയുടെ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ വിഭാഗം തലവൻ ടോണി യേശുദാസന്റെയും ഭാര്യയുടെയും ഫോണുകൾ ചോർത്തിയെന്നും 'ദി വയർ' റിപ്പോർട്ടു ചെയ്തു.
റഫാൽ കരാർ അടക്കമുള്ളവയിൽ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സുപ്രധാന വെളിപ്പെടുത്തൽ. റഫാൽ നിർമ്മാതാക്കളായ ദസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണും ചോർത്തി. റഫാൽ കരാറിനെ ശക്തമായ ന്യായീകരിച്ച് രംഗത്തെത്തിയതിലൂടെ മാധ്യമ ശ്രദ്ധ നേടിയ വ്യക്തിയാണ് പോസിന. അനിൽ അംബാനി നിലവിൽ ഉപയോഗിക്കുന്ന നമ്പർ നിരീക്ഷിക്കപ്പെട്ടവയുടെ പട്ടികയിൽ ഉണ്ടോ എന്നകാര്യം വ്യക്തമല്ല.
സാബ് ഇന്ത്യയുടെ മുൻ തലവൻ ഇന്ദ്രജിത്ത് സിയൽ, ബോയിങ് ഇന്ത്യ മേധാവി പ്രത്യുഷ് കുമാർ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. 2018 നും 19 നും ഇടയിൽ വിവിധ കാലഘട്ടങ്ങളിലാണ് ഇവരുടെ ഫോണുകൾ ചോർത്തിയത് എന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ