ന്യൂഡൽഹി: പെഗസ്സസ് വിവാദം കത്തുന്നതിനിടെ ഫോൺചോർത്തൽ നടപടിക്ക് സ്ഥിരീകരണം. ഫോറൻസിക് പരിശോധനാ ഫലത്തിലാണ് ഫോൺചോർത്തൽ സ്ഥിരീകരിച്ചിരിക്കുന്നത്. പത്ത് പേരുടെ ഫോൺ ചോർത്തിയെന്ന് കണ്ടെത്തിയതായി ദി വയർ ഓൺലൈൻ വ്യക്തമാക്കി. അതേസമയം ആരുടെയും പേരു വിവരങ്ങൾ പുറത്തു വിടില്ലെന്ന് വയർ അധികൃതർ വ്യക്തമാക്കി. ഇതോടെ പെഗസ്സസ് വിഷയത്തിൽ സർക്കാർ സമഗ്രമായ അന്വേഷണ നടത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

അതിനിട വിവാദം കത്തുന്നതിനിടെ വിവാദ വെളിപ്പെടുത്തലുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. തന്റെ ഫോണുകളെല്ലാം ചോർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലാണ് രാഹുൽ ഗാന്ധി നടത്തിയത്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഫോൺ നിരീക്ഷിച്ചതായി തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ ഫോൺ അവർ ചോർത്തി. ഒന്നല്ല എല്ലാ ഫോണുകളും ചോർത്തി. മറ്റ് പ്രമുഖരുടെ പോലെയല്ല, എന്റെ ഫോൺ ചോർത്തിയിട്ട് അവർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല.. ഞാൻ ഭയപ്പെടുന്നില്ല. അഴിമതിക്കാരനും കള്ളനുമാണെങ്കിലേ ഭയപ്പെടേണ്ടതുള്ളൂ', രാഹുൽ ഗാന്ധി പറഞ്ഞു.

തന്റെ ഫോൺ ചോർത്തുന്ന വിവരം അറിയിച്ചുകൊണ്ട് ഐബി ഉദ്യോഗസ്ഥരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫോൺ കോളുകൾ വന്നിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. തീവ്രവാദികൾക്കെതിരേ ഉപയോഗിക്കേണ്ട പെഗസ്സസ് എന്ന ആയുധം ഇന്ത്യൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വന്തം രാജ്യത്തിനെതിരേ ഉപയോഗിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇസ്രയേൽ സർക്കാർ പെഗസ്സസിനെ ഒരു ആയുധമായാണ് കണക്കാക്കുന്നത്. ആ ആയുധം തീവ്രവാദികൾക്കെതിരായാണ് പ്രയോഗിക്കപ്പെടേണ്ടത്. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ ആയുധം ഇന്ത്യക്കെതിരേയും ഇന്ത്യയിലെ സംവിധാനങ്ങൾക്കെതിരേയും ഉപയോഗിച്ചിരിക്കുകയാണ്, രാഹുൽ ഗാന്ധി പറഞ്ഞു.

ഇത് അന്വേഷിക്കപ്പെടണമെന്നും ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പെഗസ്സസ് ചോർത്തൽ അന്വേഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാഷ്ട്രീയനേട്ടത്തിനും പെഗസ്സസിനെ അവർ ഉപയോഗിച്ചു. കർണാടകയിൽ അത് കണ്ടതാണ്. സുപ്രീം കോടതിക്കെതിരേയും ഉപയോഗിച്ചു. ഇത് അന്വേഷിക്കപ്പെടേണ്ടതാണ്. ആഭ്യന്തര മന്ത്രി രാജിവെക്കുകയാണ് വേണ്ടത്, രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം പെഗസ്സസ് ഫോൺ ചോർത്തൽ/ നിരീക്ഷണ വിഷയത്തിൽ പുതിയ വെളിപ്പെടുത്തൽ. സിബിഐ. മുന്മേധാവി അലോക് കുമാർ വർമയുടെ ഫോൺ നമ്പറുകളും നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നതായാണ് റിപ്പോർട്ട്. സിബിഐ. മേധാവിസ്ഥാനത്തുനിന്ന് നീക്കം ചെയ്ത് മണിക്കൂറുകൾക്ക് പിന്നാലെ അലോക് വർമയുടെ പേരിലുള്ള ഫോൺ നമ്പറുകൾ പെഗസ്സസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കാൻ ആരംഭിച്ചതായുള്ള റിപ്പോർട്ടിൽ പറയുന്നത്.

2018 ഒക്ടബോർ 23-നാണ് സിബിഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വർമയെ നീക്കിയത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും നമ്പറുകൾ നിരീക്ഷിക്കാൻ ആരംഭിക്കുകയായിരുന്നു. സർവീസ് അവസാനിപ്പിക്കാൻ മൂന്നുമാസം കൂടി ഉണ്ടായിരിക്കേയാണ് അലോകിനെ സ്ഥാനത്തുനിന്ന് നീക്കിയത്. അലോക് വർമയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്നു നമ്പറുകൾ നിരീക്ഷണത്തിനോ ചോർത്തലിനോ വിധേയമായിട്ടുണ്ടെന്നാണ് പുറത്തെത്തുന്ന റിപ്പോർട്ടുകൾ സൂചിപ്പക്കുന്നത്.

അലോക് വർമയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും മകളുടെ ഭർത്താവിന്റെയും സ്വകാര്യ ടെലഫോൺ നമ്പറുകൾ നിരീക്ഷിക്കപ്പെട്ടിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട എട്ട് നമ്പരുകളാണ് നിരീക്ഷണത്തിന് വിധേയമായത്. അന്ന് സിബിഐ. തലപ്പത്തുണ്ടായിരുന്ന രാകേഷ് അസ്താനയുടെയും എ.കെ. ശർമയുടെയും നമ്പറുകളും നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്നു.

നിലവിൽ സിആർപിഎഫ്. മേധാവിയാണ് അസ്താന. ഇക്കൊല്ലം ആദ്യമാണ് ശർമ സിബിഐയിൽനിന്ന് വിരമിച്ചത്.