- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെഗസ്സസ് വിവാദം: ഫോൺ ചോർത്തൽ നടന്നോ ഇല്ലയോ?; പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരിക്കണം; അന്വേഷണം വേണമെന്നും പി. ചിദംബരം
ന്യൂഡൽഹി: പെഗസ്സസ് സോഫ്റ്റ്വയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ ഇല്ലയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ഇതേക്കുറിച്ച് പാർലമെന്റിൽ മോദി പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ മന്ത്രിമാർക്കും സ്വന്തം വകുപ്പിന് കീഴിൽ എന്താണ് നടക്കുന്നതെന്ന് കൃത്യമായി അറിയാം. പ്രധാനമന്ത്രിക്ക് എല്ലാ വകുപ്പുകളുടെ കാര്യവും അറിയാം. അങ്ങനെയാകുമ്പോൾ രാജ്യത്ത് ചോർത്തൽ നടന്നോ ഇല്ലെയോ? നിയമപരമായതോ അല്ലാത്തതോ ആകട്ടെ, കാര്യങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്നും ചിദംബരം പറഞ്ഞു.
ചോർത്തൽ നടന്നോ ഇല്ലയോ എന്ന് വ്യക്തമാകാൻ അന്വേഷണം വേണമെന്നും ഒരു പാർലമെന്ററി കമ്മിറ്റി രൂപീകരിക്കുകയോ സിറ്റിങ് ജഡ്ജിയെ ഉപയോഗിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുകയോ വേണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
പാർലമെന്റിലെ ഐ.ടി കമ്മിറ്റി അന്വേഷിക്കുന്നതിലും നല്ലത് ഒരു സംയുക്ത പാർലമെന്ററി കമ്മിറ്റി ഈ വിഷയം അന്വേഷിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത കമ്മിറ്റി വേണ്ട എന്ന കോൺഗ്രസ് നേതാവും ഐ.ടി കമ്മിറ്റി തലവനുമായ ശശി തരൂരിന്റെ അഭിപ്രായം ചൂണ്ടിക്കാണിച്ചപ്പോൾ, ഭൂരിപക്ഷവും ബിജെപി അംഗങ്ങളുള്ള ഒരു കമ്മിറ്റി അന്വേഷിക്കുന്നതുകൊണ്ട് കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും വാർത്താ ഏജൻസിയായ പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യയിലെ രണ്ട് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ 300-ൽപ്പരം ഫോണുകൾ ചോർത്തി എന്ന വിവരം പുറത്തുവന്നത്. എന്നാൽ കേന്ദ്രം ആ ആരോപണം നിഷേധിക്കുകയായിരുന്നു. അനധികൃതമായി ഒരു നിരീക്ഷണവും ചോർത്തലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് നിയമപരമായ ചോർത്തൽ നടന്നോ എന്ന് വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. പെഗസ്സസ് ഉപയോഗിച്ച് ചോർത്തൽ നടന്നുവെങ്കിൽ ആരാണ് അതിന് പിന്നിൽ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
ഫോൺ ചോർത്തൽ നടന്നുവെന്ന റിപ്പോർട്ട് വന്നതിന് ശേഷമാണ് പാർലമെന്റ് സമ്മേളനം ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പ്രധാനമന്ത്രി ഇത് സംബന്ധിച്ച് പ്രസ്താവന നടത്തണമായിരുന്നുവെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ അപമാനിക്കാനാണ് ചിലർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കും ചിദംബരം മറുപടി പറഞ്ഞു. തന്റെ കീഴിൽ ഇത്തരമൊരു സംഭവം നടന്നിട്ടും അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയുന്ന അമിത് ഷാ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്