- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെഗസ്സസ് ഫോൺ ചോർത്തൽ വിവാദം: പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് രവിശങ്കർ പ്രസാദ്; കേന്ദ്ര ഐടി മന്ത്രിയിൽ നിന്നും വിശദീകരണം തേടാനുള്ള അവസരം പ്രതിപക്ഷം മറന്നു; ശ്രമിച്ചത് പ്രതിഷേധമുണ്ടാക്കി ഇറങ്ങിപോകാനെന്നും കുറ്റപ്പെടുത്തൽ
ന്യൂഡൽഹി: പെഗസ്സസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് കേന്ദ്രസർക്കാർ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കേന്ദ്രസർക്കാർ ഫോൺ കോളുകൾ നിരീക്ഷിച്ചിരുവെന്നതിന് പ്രഥമ ദൃഷ്ട്യാ തെളുവുകളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സഭയിൽ പ്രതിഷേധമുണ്ടാക്കി ഇറങ്ങിപോകാൻ മാത്രമാണ് പ്രതിപക്ഷ കക്ഷികൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ല പ്രശ്നങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ പെഗസ്സസ് വിഷയത്തിൽ രാജ്യസഭയിലെ പ്രസ്താവനയ്ക്കു ശേഷം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വിശദീകരണം തേടാനുള്ള അവസരം പോലും പ്രതിപക്ഷം മറന്നു. പ്രതിപക്ഷം കേന്ദ്രമന്ത്രിയുടെ പ്രസ്താവന വലിച്ചുകീറുകയാണുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
സുപ്രീംകോടതി റിട്ട. ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനുമായ അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും പെഗസ്സസ് പട്ടികയിലുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ 2014-ൽ സറണ്ടർ ചെയ്ത നമ്പറാണിതെന്ന് അരുൺ മിശ്ര തന്നെ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫോൺ ചോർത്തലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടോയെന്ന് അദ്ദേഹം ചോദിച്ചത്.
യുപിഎ സർക്കാരിന്റെ കാലത്ത് ബിജെപിയും പാർലമെന്റ് തടസപ്പെടുത്തിയിരുന്നല്ലോ എന്ന ചോദ്യത്തിന് 2ജി സ്പെക്ട്രം, കൽക്കരി ഖനനം എന്നിവയുടെ ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ആ സർക്കാർ നിഷേധിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2ജി സ്പെക്ട്രം അനുമതി സുപ്രീം കോടതി റദ്ദാക്കി.
നിലവിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ രാജ്യസഭയും ലോക്സഭയും തുടർച്ചയായി തടസപ്പെട്ടതിലൂടെ 130 കോടി രൂപയോളം ഖജനാവിന് നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്