- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെഗസ്സസ്: ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോണും ചോർത്തിയെന്ന് വെളിപ്പെടുത്തൽ; സുപ്രീംകോടതി ഉദ്യോഗസ്ഥരുടെയും പ്രമുഖ അഭിഭാഷകരുടെയും ഫോണും പട്ടികയിൽ; വിവരം പുറത്തുവരുന്നത്, അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ
ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ദി വയർ അടക്കമുള്ള മാധ്യമക്കൂട്ടായ്മ. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും പട്ടികയിൽ. സുപ്രീം കോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പട്ടികയിലുണ്ടെന്നാണ് വിവരം. നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാണ് ജസ്റ്റിസ് അരുൺ മിശ്ര.
2010 സെപ്റ്റംബർ 18 മുതൽ 2018 സെപ്റ്റംബർ വരെ ജസ്റ്റിസ് അരുൺ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറാണ് ഇപ്പോൾ ''ദ വയർ'' പുറത്തുവിട്ടിരിക്കുന്ന പട്ടികയിലുള്ളത്. എന്നാൽ ഈ നമ്പർ താൻ 2014-ൽ സറണ്ടർ ചെയ്തിരുന്നു എന്നാണ് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കിയിട്ടുള്ളത്. അതിനു ശേഷം ആരാണ് ഈ നമ്പർ ഉപയോഗിച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
പെഗസ്സസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തൽ പുറത്തെത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് മാധ്യമപ്രവർത്തകരും എഡിറ്റേഴ്സ് ഗിൽഡും നൽകിയ ഹർജികളിൽ വാദം കേൾക്കുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാർത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളായിരുന്ന അരുൺ മിശ്ര. വിവാദമായ ഒട്ടനവധി കേസുകളിൽ അരുൺ മിശ്ര വിചാരണ നടത്തുകയും. വിവാദപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിലാണ് അരുൺ മിശ്ര സുപ്രീംകോടതിയിൽ നിന്നും വിരമിച്ചത്. ഇതിനു മുൻപുള്ള കാലത്ത് ഇദ്ദേഹം ഉപയോഗിച്ച നമ്പറാണ് ചോർത്തപ്പെട്ടത് എന്നാണ് വിവരം.
സുപ്രീം കോടതിയിലെ റിട്ട് സെക്ഷനിലെ രണ്ട് രജിസ്ട്രാർമാരുടെ നമ്പരുകളും ഇപ്പോൾ പുറത്തുവന്ന പട്ടികയിലുണ്ട്. എൻ.കെ. ഗാന്ധി, ടി.ഐ. രാജ്പുത് എന്നിവരുടെ നമ്പരുകളാണ് പട്ടികയിലുള്ളത്. എൻ.കെ. ഗാന്ധി സർവീസിൽനിന്ന് വിരമിച്ചിരുന്നു. എന്നാൽ. രാജ്പുത് ഇപ്പോഴും സർവീസിലുണ്ട് എന്നാണ് വിവരം.
ഇതു കൂടാതെ സുപ്രീംകോടതിയിലെ പല അഭിഭാഷകരുടെ ഫോണുകളും ചോർത്തിയെന്നാണ് ദ വയർ റിപ്പോർട്ട് ചെയ്യുന്നത്. അഗസ്റ്റ വെസ്റ്റ്ലാന്റ് കേസിൽ കിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകൻ ആയ ആൾജോ ജോസഫിന്റെ ഫോണും പെഗസ്സസ് സ്പൈവേർ ഉപയോഗിച്ച് ചോർത്തപ്പെട്ടിട്ടുണ്ട്. മലയാളി അഭിഭാഷകനാണ് ആൾജോ.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മിഷേലിനെ ദുബായിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആൽജോ ജോസഫ് നേരത്തെ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു. ക്രിസ്ത്യൻ മിഷേലിന്റെ കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് കോൺഗ്രസിൽനിന്ന് അകറ്റിനിർത്തിയിരുന്നത്. മുൻ അറ്റോർണി ജനറൽ മുഗുൾ റോത്തഖിയുടെ ജൂനിയർ അഭിഭാഷകൻ തങ്കദുരെയുടെ ഫോണും ചോർത്തിയെന്നാണ് റിപ്പോർട്ട്.
ന്യൂസ് ഡെസ്ക്