- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെഗസ്സസ് വിഷയത്തിൽ കോടതി ഇടപെടൽ നിർണായകം; പ്രതിക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ തെളിവ്; നടന്നത് ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം; വിഷയം വീണ്ടും പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ
ന്യൂഡൽഹി: പെഗസ്സസ് വിഷയത്തിൽ സുപ്രീംകോടതി വിധി പ്രതിക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ തെളിവെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ സത്യം തെളിയുമെന്ന് വിശ്വസിക്കുന്നു.
പെഗസ്സസ് ഫോൺ ചോർത്തൽ വിഷയം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാൻ ഉത്തരവിട്ട സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോടതി പ്രകടിപ്പിച്ച ആശങ്ക തെളിയിക്കുന്നത് പെഗസ്സസ് വിഷയത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ശരിയായിരുന്നു എന്നാണെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
'ഫോണുകൾ ആർക്കുവേണ്ടി, എന്തിന് വേണ്ടിയാണ് ചോർത്തിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. കേന്ദ്രസർക്കാർ നിലപാട് ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണന്നും രാഹുൽഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തിന് മുകളിലല്ല. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നത്'- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യത്തെ തന്നെ തകർക്കാനുള്ള ശ്രമമായിരുന്നു പെഗസ്സസ്. ഇന്ത്യയെന്ന ആശയം തന്നെ പെഗസ്സസിലൂടെ ആക്രമിക്കപ്പെട്ടു. വിഷയത്തിൽ കോടതി ഇടപെടൽ നിർണായകമാണ്. സത്യം എന്താണെന്ന് അറിയാനാവുമെന്ന വിശ്വാസം ഇപ്പോൾ തനിക്കുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും പെഗസ്സസ് സംബന്ധിച്ച സത്യം പറയാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന്റെ ഫോൺ പോലും പെഗസ്സസ് ഉപയോഗിച്ച് ചോർത്തപ്പെട്ടു. ഇത് സംബന്ധിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നും ആർക്കുവേണ്ടി എന്തിനുവേണ്ടി ഫോണുകൾ ചോർത്തിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
മോദി സർക്കാരിനെതിരായ പ്രതിപക്ഷപ്പോരാട്ടത്തിനും രാജ്യത്തെ പൗരാവകാശ പ്രക്ഷോഭങ്ങൾക്കും ഊർജം നൽകുന്നതാണ് സുപ്രീംകോടതി വിധി. കർണാടകയിലെ കോൺഗ്രസ് സഖ്യസർക്കാരിനെ അട്ടിമറിച്ചത് പെഗസസ് ഉപയോഗിച്ചാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
പാർലമെന്റിൽ ഞങ്ങൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ മറുപടി ഉണ്ടായില്ല. പാർലമെന്റ് പ്രവർത്തനങ്ങൾ ഞങ്ങൾ സ്തംഭിപ്പിച്ചു. എന്നിട്ടും മറുപടി ഉണ്ടായില്ല. എന്നാൽ ഇന്ന് ഞങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുന്നയിച്ച ചോദ്യങ്ങൾ അതുപോലെ തുടരും, രാഹുൽ പറഞ്ഞു. പെഗസ്സസ് വിഷയം വീണ്ടും പാർലമെന്റിൽ ഉയർത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ആരാണ് പെഗസ്സസ് വാങ്ങിയത്? പെഗസ്സാസ് ഫോൺ ചോർത്തലിന് ഇരയായത് ആരൊക്കെയാണ്? ചോർത്തിയെടുത്ത വിവരങ്ങൾ മറ്റേതെങ്കിലും രാജ്യങ്ങളുടെ പക്കലുണ്ടോ? എന്തൊക്കെ വിവരങ്ങളാണ് പെഗസ്സസ് ചോർത്തിയത് -തുടങ്ങിയ ചോദ്യങ്ങളായിരുന്നു രാഹുലും പ്രതിപക്ഷവും നിരന്തരം ഉന്നയിച്ചിരുന്നത്. സർക്കാരുകൾക്കാണ് പെഗസ്സസ് വാങ്ങാൻ കഴിയുന്നത്. അങ്ങനെയെങ്കിൽ കേന്ദ്രസർക്കാർ സ്വന്തം പൗരന്മാർക്കെതിരേയാണോ പ്രവർത്തിക്കുന്നത് എന്നും രാഹുൽ നേരത്തെ ചോദിച്ചിരുന്നു.
പെഗസ്സസ് ഫോൺ ചോർത്തൽ സംബന്ധിച്ച് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുക. ദേശ സുരക്ഷയുടെ പേര് പറഞ്ഞ് എല്ലാ കാര്യങ്ങളിൽ നിന്നും കേന്ദ്രത്തിന് ഒഴിയാനാവില്ലെന്ന് കോടതി തുറന്നടിച്ചു. പൗരന്മാരുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാപരമായിരിക്കണമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തിയിരുന്നു.
ന്യൂസ് ഡെസ്ക്