- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെഗസ്സസ് ട്രോജൻ കുതിരയായി ചോർത്തിയ കൂടുതൽ വമ്പന്മാരുടെ പേരുകൾ പുറത്ത്; സിബിഐ മുൻ മേധാവി അലോക് വർമയെ നിരീക്ഷിച്ചത് പദവിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ; ബറാക് ഒബാമായുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ട് മുൻപും ശേഷവും ദലൈലാമയുടെ ഉപദേശകരുടെ ഫോൺ ചോർത്തി; അനിൽ അംബാനിയുടെയും ദസോ പ്രതിനിധിയുടെയും ഫോണും പട്ടികയിൽ
ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്വേറായ പെഗസ്സസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയ കൂടുതൽ പ്രമുഖരുടെ പേരുകൾ പുറത്ത്. സിബിഐ മുൻ മേധാവി അലോക് വർമ്മയുടെ ഫോൺ പെഗസ്സസ് ഉപയോഗിച്ച് ചോർത്തിയതായ റിപ്പോർട്ടാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോൺ നിരീക്ഷണത്തിൽ ആയതെന്നാണ് റിപ്പോർട്ട്.
സിബിഐ മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഫോണും പെഗസ്സസ് പട്ടികയിലുണ്ട്.2018 ഒക്ടോബർ 23ന് രാത്രിയാണ് അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിന് പിന്നാലെയാണ് അലോകിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് ഫോൺ നമ്പരുകൾ പെഗസ്സസ് വഴി നിരീക്ഷിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
അലോക് വർമ്മയ്ക്കും രാകേഷ് അസ്താനയ്ക്കും ഒപ്പം എ കെ. ശർമ്മയുടെ നമ്പരും പെഗസ്സസ് പട്ടികയിൽ ഉണ്ട്. സിബിഐ പോളിസി വിഭാഗം തലവനായിരുന്ന എ.കെ. ശർമ്മയെയും അന്ന് രാത്രി മാറ്റിയിരുന്നു. 2019 വരെ സിബിഐയിൽ തുടർന്ന എ.കെ. ശർമ്മ ഈ വർഷം വിരമിച്ചിരുന്നു. രാകേഷ് അസ്താന നിലവിൽ സിആർപിഎഫ് തലവനാണ്
ദലൈലാമയുടെ ഉപദേശകരുടെ ഫോൺ ചോർത്തി
ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുടെ ഉപദേശകരുടെയും സഹായികളുടെയും ഫോൺ വിവരങ്ങൾ ചോർത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ടെംപ സെറിങ് അടക്കമുള്ള മുതിർന്ന ഉപദേശകർ, സഹായികളും വിശ്വസ്തരുമായ ടെൻസിങ് ടക്ല്ഹ, ചിമി റിഗ് സൺ എന്നിവരടക്കം ദലൈലാമയുടെ വലയത്തിലുള്ള ഒരു കൂട്ടം ആളുകളുടെ ഫോണുകൾ ചോർന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ധരംശാലയിലെ ടിബറ്റൻ പ്രവാസ സർക്കാർ തലവനായ ലോബ് സാങ് സാങ്ഗേയുടെയും ഫോൺ ചോർത്തപ്പെട്ടെന്നാണ് ദി ഗാർഡിയൻ വെളിപ്പെടുത്തിയത്. 2017 മുതലുള്ള വിവരങ്ങളാണ് പെഗസ്സസ് ഉപയോഗിച്ച് നിരീക്ഷിച്ചിരിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുമായി ദലൈലാമ 2017ൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ട് മുൻപും ശേഷവുമാണ് ഫോൺ ടാപ്ചെയ്യപ്പെട്ടിരിക്കുന്നത്.
ദോക്ലാം പ്രതിസന്ധിക്ക് പിന്നാലെ ചൈനയുമായുള്ള ബന്ധം ഇന്ത്യ പുനഃസ്ഥാപിച്ചതും ഈ കാലയളവിലാണ്. ഇതിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2018ൽ ഉച്ചകോടിയിൽ പങ്കെടുത്തത്. ഒബാമ ദലൈലാമ കൂടിക്കാഴ്ചയിൽ ഈ വിഷയങ്ങൾ ചർച്ചയായോയെന്ന് പരിശോധിക്കാനായിരിക്കാം ഫോണുകൾ ചോർത്തിയതെന്ന സംശയമാണ് ദ ഗാർഡിയൻ തങ്ങളുടെ റിപ്പോർട്ടിൽ ഉയർത്തുന്നത്.
അനിൽ അമ്പാനിയെയും വെറുതെ വിട്ടില്ല
അനിൽ അംബാനി ഉപയോഗിച്ചിരുന്ന ഫോണുകളും ചോർത്തിയിരുന്നു. അനിൽ അംബാനിക്ക് പുറമെ അദ്ദേഹത്തിന്റെ കമ്പനിയുടെ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ വിഭാഗം തലവൻ ടോണി യേശുദാസന്റെയും ഭാര്യയുടെയും ഫോണുകൾ ചോർത്തിയെന്നും 'ദി വയർ' റിപ്പോർട്ടു ചെയ്തു.
റഫാൽ കരാർ അടക്കമുള്ളവയിൽ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സുപ്രധാന വെളിപ്പെടുത്തൽ. റഫാൽ നിർമ്മാതാക്കളായ ദസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണും ചോർത്തി. റഫാൽ കരാറിനെ ശക്തമായ ന്യായീകരിച്ച് രംഗത്തെത്തിയതിലൂടെ മാധ്യമ ശ്രദ്ധ നേടിയ വ്യക്തിയാണ് പോസിന.
അനിൽ അംബാനി നിലവിൽ ഉപയോഗിക്കുന്ന നമ്പർ നിരീക്ഷിക്കപ്പെട്ടവയുടെ പട്ടികയിൽ ഉണ്ടോ എന്നകാര്യം വ്യക്തമല്ല. സാബ് ഇന്ത്യയുടെ മുൻ തലവൻ ഇന്ദ്രജിത്ത് സിയൽ, ബോയിങ് ഇന്ത്യ മേധാവി പ്രത്യുഷ് കുമാർ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. 2018 നും 19 നും ഇടയിൽ വിവിധ കാലഘട്ടങ്ങളിലാണ് ഇവരുടെ ഫോണുകൾ ചോർത്തിയത്.
മറുനാടന് മലയാളി ബ്യൂറോ